

പാലക്കാട്: പാലക്കാട്ടെ സിപിഎം വിമത കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എ പി കെ ശശി ഉദ്ഘാടനം ചെയ്തു. ഇത് വിമത കണ്‍വെന്‍ഷനല്ല, വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണെന്ന് പി കെ ശശി പറഞ്ഞു. ഞങ്ങളെ ഇതിലേക്ക് എത്തിച്ചതാണ്. മദ്യപാന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥയാണ് സിപിഎമ്മിലുള്ളതെന്ന് പി കെ ശശി പറഞ്ഞു. ജില്ലയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ, അര്‍പ്പണബുദ്ധിയോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കാന്‍ ത്രാണിയുള്ള ഒരു പടയുടെ മുഖം കാണണമെങ്കില്‍ ഈ കണ്‍വെന്‍ഷനിലേക്ക് നോക്കണമെന്നും പി കെ ശശി പറഞ്ഞു.
വിമതരുടെ കൂട്ടായ്മയല്ല, ഉശിര് പണയം വെക്കാത്ത, ആത്മാഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്ന, അനേകായിരങ്ങളുടെ ജീവരക്തം കൊണ്ട് നിറം പകര്‍ന്ന ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇങ്കിലാബിന്റെ ശബ്ദം ഇടിമുഴക്കമായി ഏറ്റുവാങ്ങുന്ന വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണ്. ഇത് കമ്യൂണിസ്റ്റുകാരുടെ കണ്‍വെന്‍ഷനാണ്. അല്ലാതെ വിമതന്മാരുടെ കണ്‍വെന്‍ഷനല്ല. പി കെ ശശി പറഞ്ഞു. വിമതന്മാരുടെ കണ്‍വെന്‍ഷനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില ആളുകള്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള് ആഗ്രഹിച്ചതുകൊണ്ടല്ല ഇവിടേക്ക് എത്തിയത്. ഞങ്ങളെ നിര്‍ബന്ധിതരാക്കിയ സാഹചര്യം പാലക്കാട് ജില്ലയില്‍ നിലനില്‍ക്കുന്നു എന്നതുകൊണ്ടാണ്. കഴിഞ്ഞ 5 കൊല്ലക്കാലം കൊണ്ട് കേരളത്തിലെ ഭരണത്തിന്റെ സൗകര്യം ഉപയോഗപ്പെടുത്തി പാലക്കാട്ടെ സിപിഎമ്മിലെ പല നേതാക്കളും നടത്തിയ തോന്നിവാസങ്ങള്‍ ഒരിക്കലും നീതീകരിക്കാന്‍ സാധിക്കുന്നതല്ല. കള്ളുകുടിച്ചുകൊണ്ടിരിക്കുന്നതിനിടെ, നിന്നെ ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയാക്കാം എന്നു തീരുമാനിക്കുന്ന അവസ്ഥയിലേക്ക് സിപിഎം എത്തിയിരിക്കുന്നു.
അഴിമതി, സ്പിരിറ്റ് കച്ചവടം എന്നിവയെല്ലാം ഭരണത്തിന്റെ മറവില്‍ നടത്തുന്നു. ഉത്തരവാദപ്പെട്ട പാര്‍ട്ടി സ്ഥാനത്തിരിക്കുന്ന ഒരാള്‍ സ്പിരിറ്റ് കേസിലെ ഒന്നാം പ്രതിയാണ്. ഈ അനീതിക്കും അധാര്‍മ്മികതയ്ക്കുമെതിരെ പാര്‍ട്ടിക്ക് അകത്തു നിന്നും ശബ്ദം ഉയര്‍ത്തിയവര്‍, അതിന് അച്ചടക്ക നടപടിക്ക് വിധേയരായവര്‍, തരംതാഴ്ത്തപ്പെട്ടവര്‍, പുറത്താക്കപ്പെട്ടവര്‍, ജോലികളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍.... അവരുടെയെല്ലാം രോഷപ്രകടനമാണ് ഈ കണ്‍വെന്‍ഷന്‍. അധികാരം ഉപയോഗിച്ച് എന്തൊക്കെ തോന്നിവാസങ്ങളാണ് സിപിഎം നേതാക്കള്‍ ജില്ലയില്‍ നടത്തിയിട്ടുള്ളതെന്ന് പി കെ ശശി ചോദിച്ചു.
പണപ്പിരിവിന് ഒരു കുറവുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്രയേറെ പണപ്പിരിവ് ഉണ്ടായ കാലമില്ല. എത്രയോ മഹാന്മാര്‍ ഇരുന്ന കസേരയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ കസേര. ഇ കെ ഇമ്പിച്ചി ബാവ, പിപി കൃഷ്ണന്‍, വി ശിവദാസമേനോന്‍ തുടങ്ങിയ നിരവധി ജനകീയ നേതാക്കന്മാര്‍ ഇരുന്ന കസേരയിലാണ് ഇപ്പോള്‍ ഒരു സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരിക്കുന്നത്. കേട്ടാല്‍ ഞെട്ടുന്ന ചരിത്രമുള്ളയാളാണ്. അതിനെ ചോദ്യം ചെയ്യേണ്ടതല്ലേയെന്ന് പി കെ ശശി ചോദിച്ചു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനോടുള്ള വിരോധം മൂലം പലരും പാര്‍ട്ടി വിരുദ്ധരായി. ഇത്രയേറെ പ്രവര്‍ത്തകരുടെ വിരോധം നേടിയ പാര്‍ട്ടി സെക്രട്ടറി വേറെയില്ലെന്നും പി കെ ശശി പറഞ്ഞു.
നൂറുകണക്കിന് ആളുകളാണ് പി കെ ശശിയെ മുദ്രാവാക്യം വിളിച്ച് വരവേറ്റത്. റെഡ് വളണ്ടിയര്‍മാരുടെ വേഷം അണിഞ്ഞവരും കണ്‍വെന്‍ഷനിലുണ്ടായിരുന്നു. പാര്‍വതി കല്യാണ മണ്ഡലത്തില്‍ നടന്ന വിമത കണ്‍വെന്‍ഷനില്‍ ചിറ്റൂര്‍, മണ്ണാര്‍ക്കാട് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള സിപിഎം മുന്‍ പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട്, വോയ്‌സ് ഓഫ് വടക്കാഞ്ചേരി, മണ്ണാര്‍ക്കാട്ടെ ജനകീയ മതേതര മുന്നണി തുടങ്ങിയ വിമത കൂട്ടായ്മകള്‍ വിമത കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates