Sidhu Panakkal, Jagathy Sreekumar 
Entertainment

അദ്ദേഹത്തിന്റെ അപകടത്തിന് കാരണം കൃത്യനിഷ്ഠ; വീട് വെക്കുന്നുണ്ടെന്ന് അറിഞ്ഞ് തന്ന ചെക്ക്; ജഗതി ശ്രീകുമാറിനെക്കുറിച്ച് സിദ്ധു പനയ്ക്കല്‍

നസീര്‍ സാറിന്റെ സിനിമയില്‍ അഭിനയം തുടങ്ങിയ അദ്ദേഹം കൃത്യനിഷ്ഠ പഠിച്ചത് ആ വലിയ കലാകാരനില്‍ നിന്നായിരിക്കണം.

സമകാലിക മലയാളം ഡെസ്ക്

ജഗതി ശ്രീകുമാറുമൊത്തുള്ള ഓര്‍മകള്‍ പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. ജഗതി ശ്രീകുമാറിനൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചു കൊണ്ടാണ് സിദ്ധുവിന്റെ കുറിപ്പ്. ജഗതിയ്ക്കുണ്ടായ വാഹനപാകടത്തെക്കുറിച്ചും സിദ്ധു കുറിപ്പില്‍ പറയുന്നുണ്ട്. സിനിമ ജീവിതത്തിലെ വലിയ കൃത്യനിഷ്ഠയാണ് അദ്ദേഹം ഈ അപകടത്തില്‍ പെടാന്‍ കാരണമായതെന്നാണ് സിദ്ധു പറയുന്നത്.

മലയാള സിനിമയില്‍ ഒരിക്കലും പകരം വയ്ക്കാന്‍ ഇല്ലാത്ത പ്രതിഭയാണ് ജഗതി ശ്രീകുമാറെന്നാണ് അദ്ദേഹം പറയുന്നത്. അപകടം നടക്കുന്നത് വരെ ഒരു ഹാസ്യ താരവും ജഗതി എന്ന അത്ഭുതപ്രതിഭയ്ക്ക് മുകളില്‍ പോയിട്ടില്ലെന്നും സിദ്ധു കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

കന്യാകുമാരി എക്‌സ്പ്രസ് എന്ന പടത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ അമ്പിളി ചേട്ടനുമായി സംസാരിക്കുകയാണ് ഞാന്‍. ഡേറ്റിന്റെ കാര്യങ്ങള്‍ ആവാം. മലയാള സിനിമയില്‍ ഒരിക്കലും പകരം വയ്ക്കാന്‍ ഇല്ലാത്ത പ്രതിഭ. ചട്ടമ്പി കല്യാണി എന്ന ശ്രീകുമാരന്‍ തമ്പി സാറിന്റെ പടത്തില്‍ തുടങ്ങി 2012 മാര്‍ച്ച് പത്തിന് മലപ്പുറത്ത് ദേശീയപാതയില്‍ തേഞ്ഞിപ്പാലത്തിന് അടുത്തുള്ള പാണാമ്പ്രയില്‍ അപകടം നടക്കുന്നത് വരെ ഒരു ഹാസ്യ താരവും ജഗതി എന്ന അത്ഭുതപ്രതിഭയ്ക്ക് മുകളില്‍ പോയിട്ടില്ല. അപകടം നടന്ന് പത്തുവര്‍ഷത്തിനുശേഷം 2022 മെയ് ഒന്നിന് റിലീസായ ദി ബ്രെയിന്‍ എന്ന സിനിമയിലൂടെ ഒരു തിരിച്ചുവരവും നടത്തി അദ്ദേഹം.

ഹാസ്യം മാത്രമല്ല, റോഷന്‍ ആന്‍ഡ്‌റൂസിന്റെ ഉദയനാണ് താരം എന്ന പടത്തില്‍ ശ്രീനിവാസന്‍ സാറിനെ അമ്പിളി ചേട്ടന്‍ പഠിപ്പിക്കുന്ന നവരസങ്ങളും അദ്ദേഹം സ്വയം കണ്ടുപിടിച്ച മൂന്ന് രസങ്ങളും പോലെ എല്ലാതരത്തിലുള്ള ക്യാരക്ടറുകളും അദ്ദേഹം അഭിനയിക്കുകയും അതിലൊക്കെ തിളങ്ങുകയും ചെയ്തു.

സിനിമ ജീവിതത്തിലെ വലിയ കൃത്യനിഷ്ഠയാണ് അദ്ദേഹം ഈ അപകടത്തില്‍ പെടാന്‍ കാരണമായത് എന്നാണ് എന്റെ പക്ഷം. സാധാരണ വളരെ ലേറ്റ് ആയി ഷൂട്ടിംഗ് കഴിഞ്ഞ് വേറെ ലൊക്കേഷനിലേക്ക് പോകേണ്ടി വരികയാണെങ്കില്‍ ആര്‍ട്ടിസ്റ്റ് അടുത്ത ലൊക്കേഷനിലേക്ക് വിളിച്ചു പറയും ഇവിടെ വളരെ ലേറ്റ് ആയാണ് കഴിഞ്ഞത് നാളെ ഉച്ചവരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം ഞാന്‍ രാവിലെ പുറപ്പെട്ടോളാം. വേറെ മാര്‍ഗം ഇല്ലാത്തതുകൊണ്ട് എല്ലാ നിര്‍മ്മാതാക്കളും സംവിധായകരും അത് സമ്മതിച്ചു കൊടുക്കുകയും ചെയ്യും. ഷൂട്ടിംഗ് നടക്കേണ്ട ലൊക്കേഷനുകളില്‍ ചിലപ്പോള്‍ അര ദിവസം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. കാരണം രാത്രി ലേറ്റായി വിവരം അറിഞ്ഞാല്‍ പിറ്റേന്ന് രാവിലെ ഷൂട്ടിങ്ങിന് സീന്‍ മാറ്റിയാല്‍ അതിലേക്ക് വേണ്ട ആര്‍ട്ടിസ്റ്റുകള്‍ ചിലപ്പോള്‍ കണ്ടെത്താന്‍ പറ്റി എന്ന് വരില്ല. ചില ലൊക്കേഷനുകളില്‍ അഡ്ജസ്റ്റ് ചെയ്യാനും പറ്റും.

എല്ലാ ആര്‍ട്ടിസ്റ്റുകളെ പോലെ തന്നെ അമ്പിളി ചേട്ടനും ഒരു സെക്കന്‍ഡ് പോലും ലൊക്കേഷനില്‍ ആരും തനിക്കു വേണ്ടി വെയിറ്റ് ചെയ്യരുത് എന്ന് കരുതുന്ന ആളാണ്. അമ്പിളി ചേട്ടന്‍ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ലെനിന്‍ രാജേന്ദ്രന്‍ സാര്‍ പിറ്റേന്ന് ഉച്ചവരെയൊക്കെ ഷൂട്ടിംഗ് അഡ്ജസ്റ്റ് ചെയ്യുമായിരിക്കും. അര ദിവസം പോയാല്‍ ആ പ്രൊഡ്യൂസര്‍ക്കും ഡയറക്ടര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും മനസ്സിലാക്കി രാത്രിതന്നെ പുറപ്പെടുകയായിരുന്നു അമ്പിളി ചേട്ടന്‍. ഷൂട്ടിങ്ങിനു വേണ്ടി രാവും പകലും ഓടിക്കൊണ്ടിരുന്ന ഡ്രെെവർ ആ രാത്രിയിലെ ഓട്ടത്തിനിടയില്‍ കണ്ണൊന്നു ചിമ്മിയപ്പോള്‍ നമുക്ക് നഷ്ടമായത് പകരം വയ്ക്കാന്‍ ഇല്ലാത്ത പ്രതിഭയെയാണ്. ചട്ടമ്പി കല്യാണി എന്ന നസീര്‍ സാറിന്റെ സിനിമയില്‍ അഭിനയം തുടങ്ങിയ അദ്ദേഹം കൃത്യനിഷ്ഠ പഠിച്ചത് ആ വലിയ കലാകാരനില്‍ നിന്നായിരിക്കണം.

അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത്, തന്നെ സഹായിച്ചവരെയൊന്നും അമ്പിളി ചേട്ടന്‍ മറന്നിട്ടില്ല എന്ന കാര്യത്തിന് ഒരിക്കല്‍ സാക്ഷിയാണ് ഞാന്‍. രാവണന്‍ എന്ന കലാഭവന്‍ മണി നായകനായ പടത്തില്‍ അഭിനയിക്കാന്‍ അമ്പിളി ചേട്ടന്റെ ഡേറ്റ് വാങ്ങാന്‍ പോയത് ഞാനും അരോമ മണി സാറും കൂടിയാണ്. അമ്പിളിച്ചേട്ടന്റെ വീട്ടിലെത്തി കാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞതിനു ശേഷം ശമ്പളത്തിന്റെ കാര്യം ഞാന്‍ ചോദിച്ചു. അദ്ദേഹം നല്ല പൈസ വാങ്ങുന്ന സമയമാണ്. പക്ഷേ പറഞ്ഞ മറുപടി മണിച്ചേട്ടനോട് (അരോമ മണി സാര്‍ )ഞാന്‍ ശമ്പളം പറയില്ല എന്താണെന്ന് വെച്ചാല്‍ ചേട്ടന്‍ തന്നാല്‍ മതി എന്നാണ്.

വേറെ ഒരു സിനിമയ്ക്കും എനിക്ക് ഈ അനുഭവം ഉണ്ട്. ആ സിനിമയ്ക്ക് വേണ്ടി 30 ദിവസത്തേക്ക് അദ്ദേഹത്തിനോട് സംസാരിച്ച ഒരു എമൗണ്ട് ഫിക്‌സ് ചെയ്തു. പല സിനിമകളില്‍ ഒരേസമയം അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലമായതിനാല്‍ നമ്മുടെ സെറ്റില്‍ നിന്ന് പല സെറ്റിലേക്കും അഡ്ജസ്റ്റ് ചെയ്ത് പോകേണ്ടി വന്നിട്ടുണ്ട്.

ഡബ്ബിങ് സമയത്ത് ഞാന്‍ നോക്കിയപ്പോള്‍ 8 ദിവസം കുറച്ചാണ് നമ്മുടെ പടത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഈ വിവരം അദ്ദേഹത്തോട് പറഞ്ഞു. എത്ര ദിവസം ഈ പടത്തില്‍ അഭിനയിച്ചു എന്നൊന്നും അദ്ദേഹത്തിന് ഓര്‍മ്മയില്ല. അത് ഞാന്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അദ്ദേഹം ഒരു എമൗണ്ട് കുറച്ചു മതി എന്നു പറഞ്ഞു. അധികം ആരും അങ്ങനെ ചെയ്യുന്നതല്ല.

തിരുവനന്തപുരത്ത് ഞാന്‍ വീട് വാങ്ങിക്കുന്ന സമയത്ത് ഞാന്‍ ഓഗസ്റ്റ് 15 എന്ന മമ്മൂട്ടി സാര്‍ അരോമ ഷാജി കൈലാസ് ചേട്ടന്‍, പടത്തില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് അമ്പിളി ചേട്ടനും അഭിനയിക്കുന്നുണ്ട് ആ പടത്തില്‍. ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു ഒരു അമ്പതിനായിരം രൂപയുടെ ചെക്ക് എഴുതി എനിക്ക് തന്നു. ഒരു ഭവനം നിര്‍മ്മിക്കുന്നുണ്ട് എന്നറിഞ്ഞു ഇതിരിക്കട്ടെ. ആരു പറഞ്ഞു എന്ന് ചോദിച്ചു ഞാന്‍. ഡ്രൈവര്‍ ഉദയനാണ് എന്റെ വീടിന്റെ കാര്യം അദ്ദേഹത്തോട് പറഞ്ഞത്.

ഓര്‍ക്കുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഞാന്‍ വീട്ടില്‍ ഉള്ളപ്പോള്‍ പഴയ സിനിമ ആല്‍ബങ്ങള്‍, ഡിജിറ്റല്‍ ഡയറിയും സെല്‍ഫോണും ഒന്നും ഇല്ലാത്ത കാലത്ത് സ്‌ക്രിപ്ബ്ലിംഗ് പാഡുകളില്‍ എഴുതി വച്ചിരിക്കുന്ന പഴയ സിനിമകളുടെ ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്മാരുടെയും ഒക്കെ പേരുകള്‍ നോക്കാറുണ്ട്. അങ്ങിനെ ആല്‍ബം നോക്കിക്കൊണ്ടിരുന്നപ്പോള്‍ കിട്ടിയതാണ് അമ്പിളി ചേട്ടനോടൊപ്പം ഉള്ള ഈ ഫോട്ടോ ഒപ്പം കുറച്ച് ഓര്‍മകളും.

Production controller Sidhu Panakkal pens a note about Jagathy Sreekumar. Accroding to him the actor's punctuality caused the accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുണ്ടാപ്പിരിവ് നല്‍കിയില്ല; സ്പാ നടത്തിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം; കാപ്പാ കേസ് പ്രതി അറസ്റ്റില്‍

'അനോമിയിൽ നിന്ന് സി ജെ റോയ് പിന്മാറിയതല്ല, പണം തിരികെ നൽകി'; വ്യക്തമാക്കി ഭാവന

ഗോതമ്പു മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രതിഫലം കുറച്ചു കാണിച്ചു; ആദായ നികുതി കേസില്‍ വിജയ് 1.5 കോടി പിഴ അടയ്ക്കണം, ഹര്‍ജി തള്ളി

ഒരു ദിവസം ഉറങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കും!

SCROLL FOR NEXT