വിജയ്‌യുടെ 'ജന നായകൻ' എന്ന് വരും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ റിലീസ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സിബിഎഫ്സി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ റിലീസ് നീളുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ വിജയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് നടൻ ചിമ്പു.
തമിഴ് മാധ്യമമായ വികടന് നൽകിയ അഭിമുഖത്തിലാണ് ചിമ്പു ഇതേക്കുറിച്ച് സംസാരിച്ചത്. ജന നായകൻ, വിജയ് എന്നിങ്ങനെ രണ്ടായി ഈ വിഷയത്തെ കാണാനാവില്ലെന്നാണ് ചിമ്പു പറഞ്ഞത്. വർഷങ്ങളായി ഇൻഡസ്ട്രിയിലുള്ളയാളാണ് അദ്ദേഹം. അവസാനമായി ഒരു ചിത്രത്തിൽ അഭിനയിച്ചതാണ്.
സിനിമ പുറത്തിറങ്ങണം എന്നതുകൊണ്ട് അദ്ദേഹത്തെ പിന്തുണച്ച് നേരത്തേ പോസ്റ്റ് പങ്കുവെച്ചിരുന്നുവെന്നും ചിമ്പു പറഞ്ഞു. തനിക്ക് രാഷ്ട്രീയം അറിയില്ലെന്നും അതിൽ വലിയ പരിചയമില്ലെന്നും ചിമ്പു പറഞ്ഞു. "ജന നായകനെയും വിജയ്‌യെയും ഒരിക്കലും രണ്ടായി കാണാനാകില്ല. വർഷങ്ങളായി അദ്ദേഹം ഈ മേഖലയിൽ പ്രവർത്തിക്കുന്നു.
അവസാനമായി ഒരു സിനിമ കൂടി വരാനുണ്ട്. സിനിമ പുറത്തിറങ്ങേണ്ടതിനാൽ ഞാൻ അദ്ദേഹത്തെ പിന്തുണച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. എനിക്ക് രാഷ്ട്രീയം അറിയില്ല, അതിൽ വലിയ പരിചയവുമില്ല. അതിനെക്കുറിച്ച് സംസാരിക്കാൻ പറ്റിയ ആളുമല്ല ഞാൻ. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന രാഷ്ട്രീയ ശ്രമങ്ങൾക്കും ഭാവിക്കും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു".- ചിമ്പു പറഞ്ഞു.
ഇതിന് മുൻപും വിജയ്‌യെ പിന്തുണച്ച് ചിമ്പു രംഗത്തെത്തിയിരുന്നു. ‘പ്രിയപ്പെട്ട വിജയ് അണ്ണാ, തിരിച്ചടികൾ ഒരിക്കലും നിങ്ങളെ തടഞ്ഞിട്ടില്ല. ഇതിനേക്കാൾ വലിയ കൊടുങ്കാറ്റുകളെ കടന്നിട്ടുണ്ട്. ഇതും കടന്നുപോകും. ജന നായകൻ റിലീസ് ചെയ്യുന്ന ദിവസമായിരിക്കും യഥാർഥ ഉത്സവം.’- എന്നാണ് ചിമ്പു കുറിച്ചത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ നാരായണ നിർമിക്കുന്ന ജന നായകൻ സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates