വായനാദിനത്തോടനുബന്ധിച്ച് പുതിയ തീരുമാനം പ്രഖ്യാപിച്ച് പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി. പൊതുപരിപാടികളിൽ മൊമന്റോ, പൊന്നാട, ബൊക്കെ എന്നിവ തരുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും തരണമെന്ന് നിർബന്ധമാണെങ്കിൽ ഇത്തരം വസ്തുക്കൾക്ക് പകരം പുസ്തകങ്ങൾ തരണമെന്നും അങ്ങനെ കിട്ടുന്ന പുസ്തകങ്ങൾ വായിക്കുകയും വായനശാലയ്ക്ക് കൊടുക്കുകയും ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രമേഷ് പിഷാരടി ഇക്കാര്യം അറിയിച്ചത്. "പുതിയ തീരുമാനം...മെമെന്റോ, പൊന്നാടാ, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം..ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളിൽ എങ്കിലും എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ട്. ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേർന്നോ ലഭിക്കും.
ഇതിനു കുറഞ്ഞത് 1000 രൂപയെങ്കിലും ആയേക്കും. എനിക്ക് വേണ്ടി ആ പണം ചിലവാക്കുന്നത് സംഘാടകർക്ക് ഒഴിവാക്കാം....ഒഴിവാക്കണം. അതൊരു സ്നേഹമാണെന്ന് അറിയാം. അഥവാ നിർബന്ധമെങ്കിൽ അവയ്ക്ക് പകരം ഒരു പുസ്തകം തന്നാൽ മതി. വായിക്കാം...വായനശാലയ്ക്ക് കൊടുക്കാം..."- എന്നാണ് രമേഷ് പിഷാരടി കുറിച്ചത്.
പിഷാരടിയുടെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വാഗതം ചെയ്തത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ഉപഹാരങ്ങളേക്കാൾ അറിവിന് പ്രാധാന്യം നൽകിയ എംഎൽഎയുടെ തീരുമാനം ഒരു ജനപ്രതിനിധിയുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ്. അഭിനന്ദനങ്ങൾ' എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates