ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഒരുക്കിയ വെബ് സീരീസാണ് ബാഡ്‌സ് ഓഫ് ബോളിവുഡ്. വന്‍ താരനിരയായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ സീരീസില്‍ അഭിനയിച്ചത്. സീരീസ് വലിയ വിജയമാവുകയും ചെയ്തു. സംവിധായകനായുള്ള ആര്യന്‍ ഖാന്റെ എന്‍ട്രി ഗംഭീരമായിരുന്നു. സീരീസിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ബോളിവുഡ് തന്നെയായിരുന്നു തന്റെ ആദ്യ സീരീസിന്റെ കഥ പറയാന്‍ ആര്യന്‍ ഖാന്‍ തെരഞ്ഞെടുത്ത പശ്ചാത്തലം. ബോളിവുഡ് താരങ്ങളുടെ ഈഗോയും പരസ്പര മത്സരവും പിന്നാമ്പുറകഥകളുമൊക്കെ കോര്‍ത്തിണക്കിയാണ് ആര്യന്‍ സീരീസൊരുക്കിയത്. താരങ്ങളുടെ പ്രകടനങ്ങളും ഡാര്‍ക് ഹ്യൂമറുമൊക്കെ വലിയ പ്രശംസ നേടുകയും ചെയ്തു.
ഇതിനിടെ ഇപ്പോഴിതാ ആര്യന്റെ സംവിധാന അരങ്ങേറ്റവും, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന മലയാള സിനിമയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ശ്രീനിവാസന്‍ നായകനായ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിന്റെ കഥ തന്നെയാണ് ബാഡ്‌സ് ഓഫ് ബോളിവുഡിന്റേയും കഥ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അഭിജയ് കെവിയാണ് ഇങ്ങനൊരു കാര്യം ചൂണ്ടിക്കാണിക്കുന്നത്.
സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്നു വരുന്നൊരു ഔട്ട് സൈഡര്‍ വലിയ താരമാകുന്നതും, അയാളുടെ കരിയര്‍ ഇല്ലാതാക്കാന്‍ ഒരൂ സൂപ്പര്‍ താരം നടത്തുന്ന ശ്രമങ്ങളുമാണ് ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ കഥ. യുവനടനും സൂപ്പര്‍ താരത്തിന്റെ മകളും ഒരുമിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുന്നു. സൂപ്പര്‍ താരം എതിര്‍ത്തിട്ടും യുവനടനും താരപുത്രിയും ഒരുമിച്ച് അഭിനയിക്കുന്നു. പതിയെ ഇരുവരും അടുപ്പത്തിലാകുന്നു. ഇതോടെ സൂപ്പര്‍ താരം യുവതാരത്തെ ഇല്ലാതാക്കാനായി തുനിഞ്ഞിറങ്ങുന്നു.
ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ യുവതാരം സൂപ്പര്‍ താരത്തിന്റെ വിവാഹേതര ബന്ധത്തിലെ മകനാണെന്ന് വെളിപ്പെടുന്നു. ഇതായിരുന്നു ബാഡ്‌സ് ഓഫ് ഫോളിവുഡിന്റെ കഥ. ഇത് തന്നെയാണ് ശ്രീനിവാസന്‍ നായകനായ, വിനീത് ശ്രീനിവാസന്‍ യുവതാരമായി വരുന്ന പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിന്റേയും കഥയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. 2012 ലാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ പുറത്തിറങ്ങുന്നത്. നൈസ് ആയി അടിച്ചുമാറ്റിയതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം ഇതുപോലെ സിനിമകള്‍ തമ്മില്‍ സാമ്യത വരുന്നത് ആദ്യമായിട്ടല്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാം കോപ്പിയാകണമെന്നില്ലെന്നും അവര്‍ പറയുന്നു. ലക്ഷ്യയാണ് ബാഡ്‌സ് ഓഫ് ബോളിവുഡിലെ നായകന്‍. ബോബി ഡിയോളാണ് സൂപ്പര്‍ താരമായി എത്തുന്നത്. മോണ സിങ്, രാഘവ് ജുയാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, രൗജമൗലി, രണ്‍വീര്‍ സിങ് തുടങ്ങി വലിയൊരു താരനിര അതിഥി വേഷങ്ങളിലുമെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates