അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അവസരം ലഭിക്കാൻ വേണ്ടി ലോക സിനിമയുടെ ചിത്രീകരണത്തിനിടെ പ്രത്യേക ഫോട്ടോഷൂട്ട് നടത്തിയിരുന്നതായി നടൻ ചന്തു സലീംകുമാർ. ‘ലോകഃ ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ചിത്രീകരണത്തിനിടെ അമൽ നീരദിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ തോക്കുമായി റോഡിലിറങ്ങി നിൽക്കുമായിരുന്നുവെന്നും ചന്തു പറഞ്ഞു. ഒടുവിൽ അമൽ നീരദിന്റെ വിളിയെത്തിയതിന്റെ സന്തോഷവും താരം പങ്കുവച്ചു.
അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം 'ബാച്ചിലർ പാർട്ടി Deux' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരം. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചന്തു രസകരമായ അനുഭവം പങ്കുവച്ചത്.
‘ലോക’യുടെ ചിത്രീകരണ സമയത്ത് സ്റ്റിൽ ഫോട്ടോഗ്രാഫർ രോഹിത്തിനെക്കൊണ്ട് തോക്കുപിടിച്ചുള്ള ചിത്രങ്ങൾ എടുപ്പിച്ചിരുന്നു. അമൽ നീരദിന് അയച്ചുകൊടുക്കാൻ വേണ്ടിയായിരുന്നു ഇത്. അമലേട്ടൻ കാണാൻ വേണ്ടിയെടുത്ത ചിത്രങ്ങളാണെന്ന് പറഞ്ഞുകൊണ്ടുതന്നെയാണ് ഫോട്ടോകൾ അയച്ചുകൊടുത്തതെന്നും' ചന്തു പറഞ്ഞു.
‘ലോക’യിൽ ഞങ്ങൾ തോക്കുപയോഗിക്കുന്നില്ല. എന്നാൽ ചിത്രീകരണത്തിനായി അവിടെ ഉണ്ടായിരുന്ന തോക്കുകൾ എടുത്തുവച്ച് ഫോട്ടോഷൂട്ട് നടത്താറുണ്ടായിരുന്നു. ഫോർട്ട് കൊച്ചിയിൽ ഷൂട്ടിങ് നടക്കുമ്പോൾ അമൽ നീരദ് അതുവഴി കടന്നുപോകുകയാണെങ്കിൽ ശ്രദ്ധിക്കട്ടെയെന്ന് കരുതി തോക്കും പിടിച്ച് പുറത്തിറങ്ങി നിൽക്കുമായിരുന്നു' എന്നും താരം പറഞ്ഞു.
പിന്നാലെയാണ് അമൽ നീരദിന്റെ വിളിയെത്തിയത്. ആദ്യം നസ്‌ലെനെയാണ് ചിത്രത്തിലേക്ക് വിളിച്ചത്. രണ്ടാമതായിരുന്നു തന്നെ ബന്ധപ്പെട്ടതെന്നും ചന്തു വെളിപ്പെടുത്തി. അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ബാച്ചിലർ പാർട്ടി 2’.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates