പനാജി: മറ്റ് സിനിമാ ഇൻഡസ്ട്രികളെ വച്ചു നോക്കുമ്പോൾ മലയാള സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷിതത്വമില്ലെന്ന് നടി സുഹാസിനി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ചർച്ചയിലാണ് സുഹാസിനി ഇക്കാര്യം പറഞ്ഞത്. 'സ്ത്രീ സുരക്ഷയും സിനിമയും' എന്ന വിഷയത്തിലായിരുന്നു ചർച്ച. മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമാ മേഖലയെന്ന് സുഹാസിനി പറഞ്ഞു. "മറ്റു മേഖലകളിൽ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാം.
എന്നാൽ സിനിമയിൽ അങ്ങനെയല്ല. ഇരുന്നൂറോ മുന്നൂറോ പേർ ഒരു സ്ഥലത്തേക്ക് പോവുകയും കുടുംബം പോലെ അവിടെ താമസിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെയുള്ളിടത്ത് ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ അതിർത്തിരേഖകൾ മറികടക്കപ്പെടും. ഒരു സാധാരണ യൂണിറ്റിലുള്ള ഈ 200 പേർ ആരാണ്? കുടുംബത്തിൽ നിന്ന് അകന്നിരിക്കുന്ന വസ്തുത മുതലെടുക്കുന്ന ചില ആളുകൾ ഉണ്ടാകും. വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അനുഭവപരിചയമില്ലാത്ത ചെറുപ്പക്കാർ ഈ മേഖലയിലുണ്ട്.
അതിനാൽ മുതലെടുപ്പുകാർ ഇത് പ്രയോജനപ്പെടുത്തിയേക്കാം. സെറ്റിൽ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ ഭർത്താവ് മണിരത്നത്തോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാളെ സെറ്റിൽ നിന്നുതന്നെ പുറത്താക്കിയ സംഭവമാണ് അതിന് മറുപടിയായി അദ്ദേഹം പറഞ്ഞുതന്നത്. ഭൂരിഭാഗം പേരെയും പുറത്തേക്കെറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.
ഒരു ഗ്രാമത്തിൽ യാതൊരു നിയമങ്ങൾക്കും വിധേയരാകാതെ 200 പേരുണ്ടെങ്കിൽ അതിരുകൾ മറികടക്കാൻ സാധ്യതയുണ്ട്. അവിടെയാണ് യഥാർഥ പ്രശ്നം. മലയാള സിനിമയിൽപ്പോലും ഇതേ കാര്യം നടക്കുന്നുണ്ട്. തമിഴ് സിനിമയാണെങ്കിൽ ഷൂട്ട് കഴിഞ്ഞ് ചെന്നൈക്ക് പോകും. തെലുങ്കിലാണെങ്കിൽ ഹൈദരാബാദിലേക്കും കന്നഡയിലാണെങ്കിൽ ബംഗളൂരുവിലേക്കും ഷൂട്ട് കഴിഞ്ഞ് പോകും. എന്നാൽ മലയാളത്തിൽ അങ്ങനെയല്ല.
അതാത് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞാൽ തിരികെ വീട്ടിലേക്ക് തിരിച്ചുപോകാനാവില്ല. കാരണം അവിടെ അങ്ങനെയൊരു സ്ഥലമില്ല എന്നതുതന്നെ. അതുകൊണ്ട് അവിടങ്ങളിൽ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നു." സുഹാസിനി കൂട്ടിച്ചേർത്തു. നടിമാരായ ഖുശ്ബു, ഭൂമി പഡ്നേക്കർ, സംവിധായകൻ ഇംതിയാസ് അലി എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates