നിർമാതാവ് മുരളി കുന്നുംപുറത്ത് വിഡിയോയിലൂടെ ഉന്നയിച്ച ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് 'സുമതി വളവ്' എന്ന ചിത്രത്തിന്റെ പിആർഒ പ്രതീഷ് ശേഖർ. സിനിമയുടെ ബഡ്ജറ്റ് എത്രയാണെന്ന കാര്യവും ആരാണ് തന്നെ സാമ്പത്തികമായി വഞ്ചിച്ചതെന്നും മുരളി വ്യക്തമായി വിശദീകരിക്കേണ്ടതുണ്ടതുണ്ടെന്നും പ്രതീഷ് പറഞ്ഞു.
ഈ സിനിമയുമായി ബന്ധപ്പെട്ട നിരവധി കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, പിആർ/ഡിജിറ്റൽ ടീമുകൾ എന്നിവർക്ക് അവരുടെ പ്രതിഫലം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. വഞ്ചിക്കപ്പെട്ടാൽ മുരളി ചേട്ടന് തന്റെ പണം തിരികെ ലഭിക്കാൻ അർഹതയുണ്ടെന്നും പ്രതീഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സുമതി വളവ് എന്ന സിനിമ നിർമിച്ചതിന്റെ പേരിൽ തനിക്ക് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് മുരളി വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. "നമസ്കാരം, കഴിഞ്ഞ ദിവസം മുരളി ചേട്ടന്റെ ഒരു വിഡിയോ കണ്ടിരുന്നു. അതിൽ പറയുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ പിആർഒ ആയി ഞാൻ പ്രവർത്തിച്ചിരുന്നു.
ആദ്യമേ പറയട്ടേ, അത്രയും നഷ്ടം മുരളി ചേട്ടനുണ്ടായി എന്നറിഞ്ഞതിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു. ഈ പടത്തിന്റെ ബഡ്ജറ്റ് എത്രയാണെന്നുള്ള കാര്യവും എങ്ങനെയാണ് നഷ്ടം വന്നതെന്നുള്ളതും അദ്ദേഹം പറയുന്ന പേരുകളിൽ ആരെങ്കിലും ആ പൈസ അടിച്ചോണ്ട് പോയതാണോ എന്നുള്ളതും അദ്ദേഹം വെളിപ്പെടുത്തണം.
അല്ലെങ്കിൽ അസോസിയേറ്റിലുള്ള ആളുകളാരെങ്കിലും ഇതിൽ കൃത്യമായി ഇടപെട്ടിട്ട് തെളിവ് സഹിതം ഇത് പുറത്തുകൊണ്ടുവരണം. മറ്റൊരു കാര്യം ഇതിന്റെ ആദ്യം മുതൽ വർക്ക് ചെയ്തിട്ടുള്ള ഡിജിറ്റൽ ടീമുണ്ട്. അവർക്കൊന്നും പൈസ കൊടുത്തിട്ടില്ല. അവർക്ക് പൈസ കിട്ടിയിട്ടില്ലാത്തതിന്റെ പേരിൽ ഞാൻ നേരത്തെ തന്നെ ഫെഫ്കയ്ക്കും പിആറിനും പരാതി നൽകിയിട്ടുണ്ട്.
അതുകൊണ്ട് മാത്രം വളരെ തുച്ഛമായ ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെ വരുന്ന ഒരു തുക മറ്റൊരു വ്യക്തിയാണ് എനിക്ക് നൽകിയത്. ഒപ്പം ഈ സിനിമയിൽ വർക്ക് ചെയ്ത ആർട്ടിസ്റ്റുകൾ, ടെക്നീഷ്യൻസ്, അവർക്ക് പലർക്കും ഇനിയും പൈസ കിട്ടാനുണ്ട്. ഒരു പൈസ പോലും കിട്ടാത്ത ആളുകളുണ്ട്. ടെക്നീഷ്യൻസ് ആണ്.
അവർക്കും എന്തെങ്കിലുമൊക്കെ കൊടുക്കുക. വ്യക്തിപരമായി ഒരാളെ ആക്രമിക്കുന്ന സംഭവം, അവർ എന്ത് തെറ്റാണ് ചെയ്തത്. ഇവരാണ് പൈസ അടിച്ചോണ്ട് പോയതെങ്കിൽ അത് വ്യക്തമാക്കുക. അല്ലാത്തപക്ഷം ഒരാളെ ടാർഗറ്റ് ചെയ്തു കൊണ്ട് വ്യക്തിപരമായി ആക്രമിക്കരുത്. ആദ്യം അയാൾ തെറ്റുകാരനാണോ അല്ലെയോ എന്ന കാര്യം തീരുമാനിക്കുക.
ഞാൻ ഇന്നലെയും മുരളി ചേട്ടനോട് സംസാരിച്ചിരുന്നു. അദ്ദേഹം മാനസികമായും ശാരീരികമായും തളർന്നിരിക്കുന്ന ഒരു മനുഷ്യനാണ്. അപ്പോൾ എവിടെയാണ് തെറ്റ്, ആരുടെ ഭാഗത്താണ് തെറ്റ് എന്നുള്ള സത്യം പുറത്തുവരട്ടെ. ഫിലിം അസോസിയേഷൻകാരൊക്കെ ഇടപെട്ട് സത്യം പുറത്തുകൊണ്ടുവരട്ടെ.
ഒപ്പം മുരളി ചേട്ടന് അങ്ങനെ പൈസ കിട്ടുകയാണെങ്കിൽ പൈസ കിട്ടട്ടേ. ഇതിൽ വർക്ക് ചെയ്തവർക്കും ടെക്നീഷ്യൻസിനും എന്റെ കൂടെ വർക്ക് ചെയ്ത പിള്ളേർക്കുമൊക്കെ പൈസ കിട്ടട്ടേ. സിനിമ ജയിക്കട്ടേ".- പ്രതീഷ് ശേഖർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates