ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയിലര്‍ 2. ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വന്‍ താരനിര തന്നെയുണ്ട് ജയിലര്‍ ടൂവില്‍. മലയാളത്തില്‍ നന്നും നിരവധി പേര്‍ ചിത്രത്തിലുണ്ട്. ആദ്യ ഭാഗത്തിലും ഉണ്ടായിരുന്ന മോഹന്‍ലാല്‍ രണ്ടാം ഭാഗത്തിലുമുണ്ട്.
ആദ്യ ഭാഗത്തില്‍ രജനിയ്ക്ക് വില്ലനായെത്തിയത് വിനായകന്‍ ആയിരുന്നു. രണ്ടാം ഭാഗത്തില്‍ രജനിയ്ക്ക് എതിരാളിയായി മലയാളി താരം സുരാജ് വെഞ്ഞാറമൂട് ആണെത്തുന്നത്. സുരാജും രജനിയും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ സുരാജിന്റെ ലുക്ക് നേരത്തെ തന്നെ കയ്യടി നേടിയിരുന്നു.
ഇതിനിടെ സുരാജിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധിനേയും സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനേയും പരസ്യമായി കളിയാക്കുന്ന സുരാജിന്റെ വിഡിയോയാണ് വൈറലാകുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ചാറ്റ് ഷോയിലായിരുന്നു സംഭവം.
ജയിലര്‍ ടുവിലെ അല്ല ബോലലോ പാട്ട് ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. മലയാളം പശ്ചാത്തലത്തിലാണ് ഈ പാട്ടൊരുക്കിയിരിക്കുന്നത്. എന്നാല്‍ പാട്ടിലെ വരികള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പാട്ടിന്റെ വരികള്‍ മലയാളമല്ലെന്നും മലയാളത്തെ കളിയാക്കുന്നത് പോലെയാണെന്നുമായിരുന്നു വിമര്‍ശനം. ഇതേക്കുറിച്ച് പരിപാടിക്കിടെ അനിരുദ്ധും നെല്‍സണും സംസാരിച്ചിരുന്നു.
ഇതിനിടെ സദസിലിരുന്ന സുരാജ് പ്രതികരിക്കുകയായിരുന്നു. ''ഇത് മലയാളമൊന്നുമല്ല. അല്ല ബോലലോ, പിത്ത ബോലലോ, ഇത് എന്ത് മലയാളം?' എന്ന് സുരാജ് ചോദിച്ചതോടെ എല്ലാവരും കയ്യടിക്കുകയായിരുന്നു. മലയാളം പോലൊരു പാട്ടാണ് തയ്യാറാക്കാന്‍ പറഞ്ഞതെന്നും അതിനാല്‍ മലയാളം പോലൊരു പാട്ട് ചെയ്തതാണെന്ന് അനിരുദ്ധ് പറഞ്ഞു. തനിക്ക് മലയാളവും അല്ല ബോലലോയും അറിയില്ലെന്നാണ് നെല്‍സണ്‍ പറഞ്ഞത്.
അല്ല ബോലലോ എന്നൊരു വാക്ക് മലയാളം ഡിക്ഷ്ണറിയില്‍ കണ്ടിട്ടില്ലെന്ന് നടി മിര്‍നയും പറയുന്നുണ്ട്. വിഡിയോ വൈറലായതോടെ സുരാജിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. എല്ലാ മലയാളികളും ചോദിക്കാന്‍ ആഗ്രഹിച്ചതാണ് സുരാജ് ചോദിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സുരാജ് ഇരുത്തി അപമാനിച്ചുവെന്നും, ഇത് തന്നെയാണ് നേരത്തെ മനസിലായോ എന്ന പാട്ടിലും അനിരുദ്ധ് ചെയ്തതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates