Aishwarya Rai and Sushmita Sen എക്സ്
Entertainment

'ഐശ്വര്യയ്ക്ക് വേണ്ടി ഒത്തുകളി നടക്കുന്നു'; മിസ് ഇന്ത്യ മത്സരത്തിനിടെ ചേഞ്ചിങ് റൂമിലിരുന്ന് പൊട്ടിക്കരഞ്ഞ സുസ്മിത സെന്‍

ശക്തമായ മത്സരമായിരുന്നു ഐശ്വര്യയും സുസ്മിതയും തമ്മില്‍ അന്ന് നടന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഐക്കോണിക് നായികമാരാണ് ഐശ്വര്യ റായും സുസ്മിത സെന്നും. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഓഫ് സ്‌ക്രീനിലും പലര്‍ക്കും പ്രചോദനവും മാതൃകയുമായി മാറിയവര്‍. ഇരുവരും കരിയര്‍ ആരംഭിക്കുന്നത് ഒരേകാലത്താണ്. രണ്ടു പേരും സിനിമയിലെത്തുന്നത് സൗന്ദര്യറാണി പട്ടം നേടിയാണ്. 1994 ലെ മിസ് വേള്‍ഡ് പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലെത്തുന്നതെങ്കില്‍ അതേ വര്‍ഷം തന്നെ മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായാണ് സുസ്മിതയുടെ കടന്നു വരവ്.

ലോക സൗന്ദര്യ മത്സരങ്ങള്‍ കീഴടക്കും മുമ്പ് ഐശ്വര്യയും സുസ്മിതയും മിസ് ഇന്ത്യയാകാന്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. 1994 ല്‍ ഐശ്വര്യയും സുസ്മിതയും മുഖാമുഖം വന്ന നിമിഷം മിസ് ഇന്ത്യ മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാണ്. ഐശ്വര്യയായിരിക്കും വിന്നറെന്ന് എല്ലാവരും നിനച്ചിരിക്കെ, സൗന്ദര്യ മത്സരങ്ങളില്‍ പുതുമുഖമായിരുന്ന സുസ്മിതയാണ് അന്ന് കിരീടം ചൂടിയത്.

ഐശ്വര്യയും സുസ്മിതയും മത്സരിച്ച മിസ് ഇന്ത്യയുടെ പിന്നാമ്പുറ കഥകള്‍ പങ്കുവെക്കുകയാണ് പരസ്യ ചിത്രകാരനായ പ്രഹ്‌ളാദ് കക്കര്‍. അന്ന് തന്റെ സുഹൃത്തായ ഐശ്വര്യയ്ക്ക് പിന്തുണയറിയിക്കാനായി എത്തിയതായിരുന്നു പ്രഹ്‌ളാദ്. എന്നാല്‍ പിന്നീട് പ്രഹ്‌ളാദിന് വിതുമ്പി കരയുകയായിരുന്ന സുസ്മിതയെ ആശ്വസിപ്പിക്കേണ്ടി വന്നു. ഇരുവരും തമ്മിലുള്ള വര്‍ഷങ്ങളുടെ സൗഹൃദത്തിനും ആ നിമിഷം തുടക്കം കുറിച്ചു.

''അവര്‍ മിസ് ഇന്ത്യയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ ഐശ്വര്യയുടേയും അമ്മയുടേയും കൂടെ ഗോവയിലുണ്ടായിരുന്നു. എനിക്ക് ചേഞ്ചിംഗ് റൂമിന്റെ ആക്‌സസ് ഉണ്ടായിരുന്നതിനാലാണ് സുസ്മിതയെ കണ്ടത്. മത്സരത്തിന്റെ പകുതിയ്ക്ക് വച്ച് മുറിയുടെ ഒരു മൂലയ്ക്കിരുന്ന് കരയുന്ന സുസ്മിതയെ ഞാന്‍ കണ്ടു. എതിര്‍ ഗ്രൂപ്പിലെ ആളായിരുന്നുവെങ്കിലും എന്താണ് പ്രശ്‌നമെന്ന് ഞാന്‍ അവളോട് ചോദിച്ചു. 'എല്ലാം ഒത്തുകളിയാണ്, എല്ലാം മൂന്‍കൂട്ടി നിശ്ചയിച്ചതാണ്, ഞങ്ങളിവിടെ എന്താണ് ചെയ്യുന്നത് എന്നു പോലും ഞങ്ങള്‍ക്ക് അറിയില്ല' എന്ന് പറഞ്ഞ് അവള്‍ കരഞ്ഞു'' പ്രഹ്‌ളാദ് പറയുന്നു.

''ഐശ്വര്യ വലിയ മോഡലാണ്, ഇതിലും വലിയ മോഡലാകാന്‍ പോകുന്നയാളാണ്. ഞങ്ങളെല്ലാവരും തുടക്കക്കാര്‍ മാത്രമാണ്. അതിനാല്‍ അവളായിരിക്കും മിസ് ഇന്ത്യയെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടാകും. ഞങ്ങളിവിടെ വെറുതെ വന്നിരിക്കുകയാണ് എന്ന് അവള്‍ എന്നോട് പറഞ്ഞു. ഞാന്‍ അവളുടെ അടുത്തിരുന്ന് ആശ്വസിപ്പിച്ചു. നീ ജഡ്ജിങ് പാനലിനെ കണ്ടോ? സിമിയോണ്‍ ടാറ്റയുണ്ട്. ഓര്‍ഗനൈസേഴ്‌സ് പറയുന്നത് അവര്‍ കേള്‍ക്കില്ല. അവര്‍ ന്യായമായി തന്നെയാകും വിധിക്കുക എന്ന് ഞാന്‍ പറഞ്ഞു. അത് തന്നെയാണ് സംഭവിച്ചതും, സുസ്മിത വിജയിച്ചു'' എന്നും അദ്ദേഹം പറയുന്നു.

വളരെ ശക്തമായ മത്സരമായിരുന്നു ഐശ്വര്യയും സുസ്മിതയും തമ്മില്‍ അന്ന് നടന്നത്. ഫലം നിശ്ചയിക്കാനാകാതെ വിധികര്‍ത്താക്കള്‍ ഒരു റൗണ്ട് കൂടി നടത്തി. ഒടുവില്‍ അവസാന റൗണ്ടില്‍ സുസ്മിതയെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു. ചോദ്യോത്തര റൗണ്ടില്‍ ഐശ്വര്യയേക്കാള്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ സാധിച്ചതാണ് സുസ്മിതയെ വിന്നറാക്കിയതെന്നും പ്രഹ്‌ളാദ് പറയുന്നു.

Amid Miss India contest Sushmita Sen cried saying it was fixed for Aishwarya Rai. But later she went on to beat the miss world.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT