2021 ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് തരുൺ മൂർത്തി. ആദ്യ ചിത്രം മുതൽ തന്നെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടാനും തരുൺ മൂർത്തിക്കായി. പിന്നീട് സൗദി വെള്ളക്ക, തുടരും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ ഇടം സുരക്ഷിതമാക്കുകയും ചെയ്തു തരുൺ. ആദ്യ സിനിമ മുതൽ തന്നെ പ്രേക്ഷകരുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കാനും തരുണിന് കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തുടരുമിലും അങ്ങനെ തന്നെയാണ്. മെയ് ഒന്നിന് തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും തരുൺ നടത്തിയിരുന്നു. നിമിഷ നേരം കൊണ്ടാണ് ആ പ്രഖ്യാപനം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, നസ്‌ലിൻ, അർജുൻ ദാസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ എന്താണ് ടോർപിഡോ എന്നുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു. നടൻ ബിനു പപ്പു ആണ് ടോർപിഡോയ്ക്ക് കഥ ഒരുക്കുന്നത്.
എന്താണ് ടോർപിഡോ?
കപ്പലുകൾ നശിപ്പിക്കാനായി രൂപകൽപ്പന ചെയ്ത സ്വയം പ്രവർത്തിക്കുന്ന ഒരു അണ്ടർവാട്ടർ മിസൈലാണ് ടോർപിഡോ (Torpedo). നാവിക യുദ്ധങ്ങൾക്കായിട്ടാണ് പ്രധാനമായും ഈ മിസൈൽ ഉപയോഗിക്കുന്നത്. അന്തർവാഹിനികളിൽ നിന്നോ, അല്ലെങ്കിൽ കപ്പലുകളിൽ നിന്നോ ഒക്കെയാണ് ഇത് വിക്ഷേപിക്കുന്നത്.
സ്ഫോടക വസ്തുക്കൾ അടങ്ങിയിട്ടുള്ള ടോർപിഡോ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ പൊട്ടിത്തെറിക്കുന്നു. പലതരത്തിലുള്ള ടോർപിഡോകൾ ഉണ്ട്. ഭാരം കുറഞ്ഞതും കൂടിയതും ഉൾപ്പെടെ ന്യൂക്ലിയർ ടോർപിഡോകൾ വരെ ഇന്നുണ്ട്. ലാറ്റിൻ പദമായ "ടോർപിഡസ്" എന്നതിൽ നിന്നാണ് ടോർപിഡോ എന്ന വാക്കുണ്ടായത്. മരവിപ്പിക്കുക എന്നാണ് ഇതിനർഥം.
1982 മെയ് 2 ന്, റോയൽ നേവി അന്തർവാഹിനി HMS കോൺക്വറർ, സൗത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ച് അർജന്റീനിയൻ കപ്പലായ ജനറൽ ബെൽഗ്രാനോയെ ടോർപിഡോ ആക്രമണത്തിലൂടെ തകർത്തിരുന്നു. ആക്രമണത്തിൽ 320 ലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ടോർപിഡോ ടൈറ്റിൽ പോസ്റ്റർ
ഇനി തരുൺ മൂർത്തി ചിത്രം ടോർപിഡോയിലേക്ക് വന്നാൽ, ഒരു വെടിയുണ്ട പാഞ്ഞു പോകുന്നത് പോസ്റ്ററിൽ കാണാനാകും. ശത്രുക്കളെ വേരോടെ ഉന്മൂലനം ചെയ്യാൻ കഴിയുന്ന ഒരു ചാവേറിനെ കുറിച്ച് ആയിരിക്കാം ചിലപ്പോൾ ടോർപിഡോ സിനിമയിൽ പറയാൻ പോകുന്നത്. ഒരു മനുഷ്യനോ, അല്ലെങ്കിൽ ഒരു കൂട്ടം മനുഷ്യരെ അങ്ങനെ എന്തു വേണമെങ്കിലും ആകാം.
ലക്ഷ്യസ്ഥാനത്തേക്ക് കൊള്ളിച്ചു കൊണ്ട് തന്നെയാണ് ടോർപിഡോ ടൈറ്റിൽ പോസ്റ്ററിലെ വെടിയുണ്ടയുടെ പോക്കും. മറ്റൊന്ന് ഒരു തുണ്ട് ഭൂമി പോലും കാണാൻ കഴിയാത്ത വിധം തിങ്ങി നിറഞ്ഞ വീടുകളുടെ പശ്ചാത്തലത്തിൽ ആണ് ടോർപിഡോ ടൈറ്റിൽ സെറ്റ് ചെയ്തിരിക്കുന്നത്. അവിടവിടെയായി ചില മനുഷ്യരെയും സൂക്ഷിച്ചു നോക്കിയാൽ കാണാൻ കഴിയും. തീരവാസ മേഖലയോ അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങളെ സംബോധന ചെയ്തു കൊണ്ടുള്ള ചിത്രമായിരിക്കുമോ ടോർപിഡോ എന്ന സംശയവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
എന്തായാലും തരുൺ മൂർത്തിയും ബിനു പപ്പുവും കൂടി അടുത്ത വെടിക്കെട്ടിന് ഒരുങ്ങുകയാണ്. ഭരണ സംവിധാനങ്ങൾക്ക് നേരെയുള്ള ഒരു പോര് ആയിരിക്കുമോ ടോർപിഡോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. മുൻ ചിത്രങ്ങളിലെപ്പോലെ തന്നെ ടോർപിഡോയിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാൻ തരുൺ മൂർത്തിക്കും കൂട്ടർക്കും കഴിയട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates