സാങ്കേതിക മികവും പ്രൊഡക്ഷന്‍ ക്വാളിറ്റിയും താരങ്ങളുടെ പെർഫോമൻസും എല്ലാം കൊണ്ടും തിയറ്ററുകളിൽ തരംഗം തീർക്കുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി എത്തിയപ്പോൾ സണ്ണി എന്ന കഥാപാത്രത്തെയാണ് നസ്‌ലിൻ അവതരിപ്പിച്ചത്.
ചന്തു സലിംകുമാർ, അരുൺ കുര്യൻ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയ രാഘവൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നു. മാത്രമല്ല ഒട്ടേറെ കാമിയോ റോളുകളും ചിത്രത്തിലുണ്ടായിരുന്നു. ലോക സിനിമയിലേക്ക് ഒരു വേഷം ചെയ്യാൻ സംവിധായകൻ ഡൊമിനിക് അരുൺ തന്നെ വിളിച്ചിരുന്നുവെന്നും ആ വലിയ വേഷം നിരസിച്ചതിൽ ഇപ്പോൾ ദുഃഖമുണ്ടെന്നും ബേസിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ ഏത് വേഷം ചെയ്യാനാണ് സമീപിച്ചതെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ബേസിലിന്റെ തുറന്നു പറച്ചിലിന് പിന്നാലെ ഏതായിരിക്കും താരം നിരസിച്ച ആ റോൾ എന്ന് ചർച്ചകളും സോഷ്യൽ മീഡിയ തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിൽ നസ്‌ലിൻ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രമാണ് ബേസിൽ ചെയ്യാനിരുന്നത് എന്നാണ് ഭൂരിഭാഗം പേരുടെയും കണ്ടെത്തൽ.
ഇതിന് കാരണമായി പലരും പറയുന്നത് സംവിധായകൻ ഡൊമിനിക് അരുൺ കാസ്റ്റിങ്ങിനെക്കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ്. നസ്‌ലിനെ പരിഗണിച്ചിരുന്നത് ചന്തു അവതരിപ്പിച്ച വേണു എന്ന കഥാപാത്രം ചെയ്യാനായിരുന്നുവെന്നാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറയുന്നത്.
ക്യു സ്റ്റുഡിയോയോടായിരുന്നു ഡൊമിനിക് ഇക്കാര്യം പങ്കുവച്ചത്. നസ്‌ലിനോട് കഥ പറഞ്ഞപ്പോള്‍ വേണു എന്ന കഥാപാത്രത്തിലേക്കായിരുന്നു അവനെ പരിഗണിച്ചിരുന്നത്. ഇപ്പോള്‍ ചന്തു ചെയ്ത വേഷം ചെയ്യാന്‍ ആദ്യം നസ്‌ലിനെയായിരുന്നു ഉദ്ദേശിച്ചിരുന്നത്. സണ്ണി എന്ന കഥാപാത്രം ചെയ്യാന്‍ വേറൊരു നടനെയായിരുന്നു പരിഗണിച്ചിരുന്നത്.
എന്നാല്‍ അയാള്‍ക്ക് ഡേറ്റില്ലാത്തതു കൊണ്ട് സണ്ണിയുടെ കഥാപാത്രം നസ്‌ലിനിലേക്ക് എത്തുകയായിരുന്നുവെന്നാണ് ഡൊമിനിക് പറഞ്ഞത്. അതേസമയം ടൊവിനോ ചെയ്ത റോൾ ആയിരിക്കും എന്ന് പറയുന്നവരും കുറവല്ല. ചാത്തൻ ആയിരുന്നോ, കറക്ട് ആയിരുന്നു ആ ചിരിയും കൂടെ ആകുമ്പോ, ടൊവിനോ ചെയ്ത ചാത്തൻ റോൾ... ആ ചിരി സ്യൂട്ട് ആയിരുന്നു, അടുത്ത ഭാഗങ്ങളിൽ നീ ഉണ്ടാകുമല്ലോ അതുകൊണ്ട് നമുക്ക് വിഷമമില്ല- എന്നൊക്കെ കമന്റ് ചെയ്യുന്നവരും കുറവല്ല.
എന്നാൽ ലോകയുടെ ഇപ്പോഴത്തെ കാസ്റ്റിങ് തന്നെയാണ് പെർഫെക്ട് എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. ‘'ലോക' എന്ന സിനിമയിൽ ഇല്ല പക്ഷേ ലോക സിനിമയിൽ ഉണ്ട്. ആ സിനിമയിൽ ഒരു വേഷം ചെയ്യാൻ ഉണ്ടയായിരുന്നു, പക്ഷേ ഞാൻ ചെയ്തില്ല. അത് വേറൊരാൾ ചെയ്തു. ഇപ്പോൾ ഞാനതിൽ ദുഃഖിക്കുന്നു. വലിയ റോൾ ആയിരുന്നു. ഡൊമിനിക് കഥ ഒക്കെ പറഞ്ഞതാണ്. പക്ഷേ വേറെ കുറച്ച് കാരണങ്ങൾ കൊണ്ട് അത് ചെയ്യാൻ പറ്റിയില്ല.’- എന്നായിരുന്നു ബേസിൽ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates