Thenmavin Kombathu വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആര് കാറി തുപ്പി ?' 'ഇതാണ് വീണ്ടും കാണാൻ കൊതിച്ച സിനിമ'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ടീസർ

'തേന്മാവിൻ കൊമ്പത്ത്' പ്രിയദർശന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ റിലീസ് ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 1994 ൽ പുറത്തിറങ്ങിയ 'തേന്മാവിൻ കൊമ്പത്ത്' പ്രിയദർശന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.

ചിത്രത്തിന്റെ ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് നേരിട്ട് 4K സാങ്കേതികവിദ്യയിലേക്ക് സ്കാൻ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ ജീവൻ നൽകി ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും, വരും തലമുറയ്ക്ക് മുന്നിൽ വലിയ സ്ക്രീനിൽ അവർ വീണ്ടും ഈ സെപ്റ്റംബറോടെ എത്തും. മോഹൻലാൽ, നെടുമുടി വേണു, ശോഭന, പപ്പു, ശ്രീനിവാസൻ, സുകുമാരി, കവിയൂർ പൊന്നമ്മ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

മാറ്റിനി നൗ പങ്കുവച്ചിരിക്കുന്ന കുറിപ്പ്

പ്രിയപ്പെട്ട പ്രേക്ഷകരേ,

1994-ൽ, പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും മനോഹരമായ സംഗീതവും ഒത്തുചേർന്ന ഒരു സിനിമ നമ്മെ തേടിയെത്തി ‘തേന്മാവിൻ കൊമ്പത്ത്’. നമ്മൾ ആ സിനിമ കണ്ടു ചിരിച്ചു… സങ്കടപ്പെട്ടു… അതിലെ ഓരോ പാട്ടുകളും നമ്മുടെ കല്യാണവീടുകളിലും ആഘോഷങ്ങളിലും പാടി, ആസ്വദിച്ചു. അങ്ങനെ, അറിയാതെ തന്നെ നമ്മൾ വളർന്നു. പക്ഷേ, എന്തോ… ആ സിനിമയ്ക്ക് നമ്മളോടൊപ്പം പ്രായമായില്ല.

ഇന്നും അതിലെ ഓരോ ഫ്രെയിമും, ഓരോ കഥാപാത്രവും, ഓരോ പാട്ടും, ഓരോ ചിരിയും നമ്മുടെ ഓർമ്മകളിൽ അതേ പുതുമയോടെ തന്നെയുണ്ട്. കഴിഞ്ഞ ഒരു വർഷമായി, ആ ഓർമ്മകളെ വീണ്ടും വലിയ സ്ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഒരു യാത്രയിലായിരുന്നു ഞങ്ങൾ " മാറ്റിനി നൗ".

ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് 4Kയിൽ സ്കാൻ ചെയ്ത്, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും സ്നേഹത്തോടെ പുതിയൊരു ജീവൻ നൽകി, Dolby Atmos-ൽ മിക്സ് ചെയ്ത്, ഇതിഹാസതുല്യനായ സംവിധായകൻ പ്രിയദർശനും അദ്ദേഹത്തിന്റെ സംഘവും അന്ന് ഉദ്ദേശിച്ചതുപോലെ തന്നെ, ആ സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതെ ഞങ്ങൾ പുനഃസ്ഥാപിച്ചിരിക്കുന്നു.

ഈ സിനിമയുടെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും, ഈ സെപ്റ്റംബറിൽ, കുറച്ചു നേരത്തേക്ക് അവർ വീണ്ടും വലിയ സ്ക്രീനിലെത്തും. നമ്മെ വീണ്ടും ചിരിപ്പിക്കാൻ…ആർപ്പുവിളിപ്പിക്കാൻ…ചിലപ്പോൾ കണ്ണുനിറയിക്കാനും… അവരോടൊപ്പം ഒരിക്കൽ കൂടി നമുക്ക് സഞ്ചരിക്കാം, ഒരിക്കൽ കൂടി ‘തേന്മാവിൻ കൊമ്പത്ത്’ കാണാം.

കുടുംബത്തെയും കൂട്ടി വരൂ! ഒരുമിച്ചിരുന്ന് ചിരിക്കാനും പാടാനും ഓർമ്മകൾ പങ്കിടാനും വരൂ. ഈ സിനിമ പുറത്തിറങ്ങിയ കാലത്തിന് ശേഷം ജനിച്ചവരോട് ഒരു ചെറിയ അഭ്യർത്ഥന കൂടി “നിങ്ങളുടെ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും ഈ സിനിമയെ ഇത്രമേൽ സ്നേഹിച്ചത് എന്തുകൊണ്ടാണെന്ന്, നിങ്ങൾക്കും അറിയേണ്ടേ? വരൂ, വന്ന് കണ്ടറിയൂ.”

‘തേന്മാവിൻ കൊമ്പത്ത്’ — 4K Dolby Atmos-ൽ, ഈ സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ. ചില സിനിമകൾ വെറുമൊരു സിനിമയല്ല. അവ നമ്മുടെ ഓർമ്മകളാണ്. നമ്മുടെ ബാല്യമാണ്. നമ്മുടെ കുടുംബത്തിന്റെ കഥകളാണ്. ചില സിനിമകൾ ഒരുമിച്ചിരുന്ന് തന്നെ കാണേണ്ടവയാണ്.

Thenmavin Kombathu Re Release Teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്മുന്നിൽ ഭാര്യ ഒഴുകി പോയി, നിസ്സഹായനായി നോക്കി നിന്ന് ഭർത്താവ്; 26കാരന് രക്ഷകനായി മാവ്': മിന്നൽ പ്രളയത്തിൻറെ നോവോർമ്മകൾ

'പ്രളയ ദുരന്തമറിയാതെ കാഠ്മണ്ഡുവിലെത്തി'; നേപ്പാളിലെ ഭീകരാവസ്ഥ പങ്കുവെച്ച് ശശി തരൂർ

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

'ഓണക്കുടി'യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം

ഇന്ന് രക്ഷാബന്ധൻ; എന്താണ് ഐതീഹ്യം, പുരാണ കഥകൾ അറിയാം