

തന്റെ മകൾ വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് നടൻ മോഹൻലാലും അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയും. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 'തുടക്ക'ത്തിലൂടെയാണ് വിസ്മയ സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച്.
ഇപ്പോഴിതാ വിസ്മയയുടെയും പ്രണവിന്റെയും ആദ്യ സിനിമകൾ തമ്മിലുള്ള സാമ്യത പങ്കുവച്ചിരിക്കുകയാണ് സുചിത്ര. അതിന് പിന്നാലെ തന്റെ ആദ്യ സിനിമയെക്കുറിച്ച് മോഹൻലാലും ഓർത്തെടുത്തു. തുടക്കം ട്രെയ്‌ലർ ലോഞ്ച് പരിപാടിയിൽ പങ്കെടുക്കവേയായിരുന്നു ഇരുവരും ഇക്കാര്യം പങ്കുവച്ചത്.
"ഇപ്പോൾ എന്റെ രണ്ട് പിള്ളേരും സിനിമയിലാണ്. അവരുടെ രണ്ട് പേരുടെയും ആദ്യ സിനിമകൾ തമ്മിൽ ചില സാമ്യതകളുണ്ട്. പ്രണവിന്റെ ആദ്യ സിനിമയുടെ പേര് 'ആദി' എന്നാണ്. 'ആദി'യുടെ അർഥം എന്നതും തുടക്കം എന്നാണ്. അതുപോലെ മായയുടെ സിനിമയും 'തുടക്കം', അതിന്റെ അർഥവും അത് തന്നെയാണ്.
രണ്ട് പേരുടെയും ആദ്യ സിനിമ സംവിധാനം ചെയ്തിരിക്കുന്നവരുടെ പേരിന്റെ ആദ്യ അക്ഷരവും 'ജെ ( J )' യിലാണ് തുടങ്ങുന്നത്. ജീത്തു ജോസഫും അതുപോലെ ജൂഡ് ആന്തണി ജോസഫും. പിന്നെ വേറെ കുറച്ചു സാമ്യതകൾ കൂടിയുണ്ട്.
പക്ഷേ പ്രധാനപ്പെട്ട രണ്ടെണ്ണം ഇതാണ്. ഒരുപാട് പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും ധൈര്യത്തോടെയുമൊക്കെയാണ് ഓരോ തുടക്കവും. ഈ ഒരു തുടക്കം ഒരാളിലൂടെ മാത്രം നടക്കില്ല. സംവിധായകൻ, നിർമാതാക്കൾ, എഴുത്തുകാർ, ക്രൂ, ക്രൂവിലെ ഓരോരുത്തരോടും നന്ദി പറയുന്നു.
മായ വളരെ ഭാഗ്യം ചെയ്തതും, ഒരുപാട് അനുഗ്രഹമുള്ളയാളുമാണ്. കാരണം ഇതുപോലെയൊരു ഫാമിലി പ്രൊഡക്ഷൻ ഹൗസുണ്ട്. അത് അവളുടെ സ്വപ്നം യാഥാർഥ്യമാകാൻ ഒരുപാട് സഹായിച്ചു. അതുപോലെ എല്ലാ ദിവസവും മായയുടെ കൂടെ ഞാൻ ലൊക്കേഷനിലുണ്ടായിരുന്നു. അതൊരു ഫാമിലി ഔട്ടിങ് പോലെയായിരുന്നു. മായയെ കംഫർട്ടബിൾ ആക്കിയതിന് എല്ലാവരോടും നന്ദി". - സുചിത്ര പറഞ്ഞു.
"സിനിമയിൽ അഭിനയിക്കുന്നത് വലിയൊരു തെറ്റായി കണ്ടിരുന്ന സമയത്താണ് ഞാനൊക്കെ സിനിമയിൽ വരുന്നത്. പലരും നമ്മുടെ ഷൂട്ടിങ് സമയത്ത് വന്ന് പറയും, 'മോനേ എനിക്കൊരു മോനുണ്ട്. ഒരു കാശിനും കൊള്ളില്ല, ഒന്നും പറഞ്ഞാൽ കേൾക്കില്ല. വഴക്കുണ്ടാക്കും ഇടിയുണ്ടാക്കും അവസാനം പൊലീസ് പിടിച്ചു കൊണ്ടുപോകും. എന്തെങ്കിലും ഒരു ജോലി സിനിമയിൽ കൊടുക്കുമോ എന്ന്'. അങ്ങനെയൊരു കാലത്ത് നിന്നാണ് ഞാൻ വരുന്നത്.
ആദ്യം ഞാൻ ജീത്തുവിനോട് നന്ദി പറയുന്നു. എന്റെ മോൻ അഭിനയിച്ച സിനിമയിൽ, എനിക്കൊരു ചാൻസ് തന്നതിന്. അതുപോലെ തന്നെ ജൂഡിനോടും. എന്നെ ഇതിൽ പരിഗണിച്ചതിന്. സുചി പറഞ്ഞു, 'തുടക്കം' എന്ന് പറയുന്നത് ഒരു ബിഗിനിങ് ആണ്. 'ആദി' എന്ന് പറയുന്നത് ഒരു തുടക്കം ആണ്. അപ്പോൾ ഞാനിങ്ങനെ ആലോചിക്കുവായിരുന്നു, എന്റെ ആദ്യത്തെ സിനിമയുടെ പേര് 'തിരനോട്ടം' എന്നാണ്. അതും ഒരു തുടക്കമാണ്.
കഥകളി തുടങ്ങുന്നതിന് മുൻപ് ആ തിരശീല മാറ്റി വരുന്നതാണ്. തിരശീലയെ നമുക്ക് വേണമെങ്കിൽ ഒരു സ്ക്രീനായിട്ട് വിചാരിക്കാം. നമ്മൾ വിചാരിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്നതു പോലെ നടന്നു പോകുന്ന ഒരു കാര്യമാണ് ഇതൊക്കെ. എനിക്ക് ഇഷ്ടപ്പെട്ട വാക്കാണ് വിസ്മയം. വിസ്മയം എന്ന് പറയുന്നത് അത്ഭുതമല്ല, അതിനൊക്കെ മുകളിൽ നിൽക്കുന്നതാണ്.
അതിന് കറക്ടായി ഒരു അർഥം പറയാൻ പറ്റുന്നില്ല. അത്തരത്തിലാണ്. എന്റെ മകൾക്കും എന്റെ വീടിനുമൊക്കെ ആ പേരിടാൻ തോന്നി. പിന്നെ ജോക്കു (ആശിഷ്), എന്റെ മകൻ തന്നെയാണ്. എന്റെ മോന്റെയും മകളുടെയും സിനിമയിൽ, അങ്ങനെ തന്നെ ഞാൻ പറയാം, അതിന്റെ ഇടയിൽ നിൽക്കാൻ ഒരു ഭാഗ്യം കിട്ടുക എന്ന് പറയുന്നത് ഭയങ്കര സന്തോഷം". - മോഹൻലാൽ പറഞ്ഞു.