Tiny Tom 
Entertainment

'നഷ്ടപ്പെട്ടത് എന്റെ ജീവിതം തന്നെ, എനിക്കൊന്ന് പൊട്ടിക്കരയണ്ടേ..?'; ട്രോളിയവരോട് ടിനി ടോം

അമ്മയിലെ പ്രതിസന്ധികളില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു സലിം കുമാറെന്നും ടിനി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സലിം കുമാറിന്റെ ചിതയ്ക്ക് അരികില്‍ നിന്ന് പൊട്ടിക്കരയുന്ന ടിനി ടോമിന്റെ വിഡിയോ വൈറലായിരുന്നു. സലിം കുമാറും ടിനി ടോമും തമ്മിലുള്ള അടുപ്പം അറിയുന്നവര്‍ക്ക് ആ കണ്ണീര്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ടിനിയെ അതിന്റെ പേരില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തു.

തന്നെ ട്രോളിയവര്‍ക്ക് മറുപടി നല്‍കുകയാണ് ടിനി ടോം. തങ്ങള്‍ക്കിടയിലുള്ളത് 30 വര്‍ഷത്തെ ചരിത്രമാണെന്നാണ് ടിനി ടോം പറയുന്നത്. അമ്മയിലെ പ്രതിസന്ധികളില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹമെന്നും ടിനി പറയുന്നു. പറവൂരില്‍ സംഘടിപ്പിച്ച സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ടിനി. ആ വാക്കുകളിലേക്ക്:

അദ്ദേഹത്തെ ചിതയിലേക്ക് വെക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ, നാദിര്‍ഷിക്കയുടെ അടുത്ത് നിന്ന് ഞാന്‍ കരഞ്ഞപ്പോള്‍ പലരും ട്രോളി. എന്താണ് ഞാനും സലിയപ്പനും തമ്മിലുള്ള ബന്ധമെന്ന് വളരെ അടുത്തറിയുന്നവര്‍ വേദിയിലുണ്ട്. സലിയപ്പനോളം എനിക്ക് അടുപ്പമുള്ളവരാണ് കെഎസ് പ്രസാദും ഡയാന സില്‍വസ്റ്ററും പ്രിയങ്കയും നാദിര്‍ഷയും ഷാജോണുമൊക്കെ. ഈ പറഞ്ഞവരെയൊക്കെ പരിചയപ്പെടും മുമ്പേ ഞാന്‍ പരിചയപ്പെട്ടയാളാണ് സലിയപ്പന്‍.

ഒന്നാമത് ഞാന്‍ പുത്തന്‍വേലിക്കാരനാണ്. അദ്ദേഹം കോളേജില്‍ എന്നേക്കാള്‍ പ്രായമുണ്ടെങ്കിലും ജൂനിയര്‍ ആയിട്ടാണ് വന്നത്. ജോലി എടുത്ത ശേഷമാണ് പഠിക്കാന്‍ വന്നത്. വന്ന ഉടനെ തന്നെ ഞങ്ങള്‍ക്കിടയിലൊരു ആത്മബന്ധമുണ്ടായി. ഒന്ന് മിമിക്രിക്കാരന്‍ എന്ന നിലയില്‍, പിന്നെ ഞാന്‍ മഹാരാജാസിലെ ശക്തനായ, മുഴുവന്‍ സമയ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു. വൈകുന്നേരങ്ങളില്‍ എന്റെ അടുത്ത് വന്നിരിക്കും. മഹാരാജാസിന്റെ മുമ്പിലെ ബെഞ്ചില്‍. മറ്റ് പരിപാടികള്‍ കഴിഞ്ഞേ അദ്ദേഹം കോളേജിലെത്താറുള്ളൂ. അവിടെ ഇരുന്ന്, ആ ബീഡിയുടെ മണത്തില്‍ ഒരുപാട് കാര്യങ്ങള്‍, രാഷ്ട്രീയത്തെക്കുറിച്ചും മിമിക്രിയെക്കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്നു.

പിന്നീട് യൂണിവേഴ്‌സിറ്റി മത്സരത്തില്‍ മിമിക്രിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് ഞാനും പക്രുവും സലിം കുമാറുമാണ്. അതിന് ശേഷം അദ്ദേഹം നാദിര്‍ഷിക്കയുടെ ട്രൂപ്പിലേക്ക് പോയി. പിന്നീട് എന്നെ നാദിര്‍ഷിക്ക മിനിസ്‌ക്രീനിന് പരിചയപ്പെടുത്തി. ശേഷം ഡയാന സില്‍വസ്റ്ററിന്റെ സിനിമാലയില്‍ ഞാന്‍ ഭാഗമായി. സലിം കുമാര്‍ അവതരിപ്പിച്ച സലാം സലിമില്‍ ഞാന്‍ ആയിരുന്നു ഫസ്റ്റ് അസിസ്റ്റന്റും കോര്‍ഡിനേറ്ററും. ചെയ്ത എല്ലാ പരിപാടികളും സൂപ്പര്‍ ഹിറ്റായിരുന്നു.

അതിന് ശേഷം സിനിമയിലെത്തി. സിനിമയില്‍ അധികം ഒരുമിച്ചില്ലെങ്കിലും എല്ലാ ആഴ്ചയും വിളിച്ച് ഒരുപാട് സംസാരിക്കുമായിരുന്നു. എന്റെ ജീവിതത്തിന്റെ ഒരു ഏടാണ്, എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. ഓരോ ആഴ്ചയും ഓരോ കാര്യങ്ങളും. അവസാനം എന്നോട് പറഞ്ഞ കോമഡി രേഖപ്പെടുത്താത്ത കോമഡിയാണ്.

ഞാന്‍ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ട് വീട്ടില്‍. എന്നെ വിളിച്ച് അതേക്കുറിച്ച് ചോദിച്ചു. എന്തിനാണ് എന്ന് ചോദിച്ചു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല. തലവേദനയും വയറുവേദനയുമൊക്കെ ഇത് കഴിച്ചാല്‍ മാറുമെന്ന് ഞാന്‍ പറഞ്ഞു. ഇത് എങ്ങനെയാണ് എന്ന് ചോദിച്ചു. ഒരു ഒന്നൊന്നര വര്‍ഷം വേണ്ടി വരും വളര്‍ത്തിയെടുക്കാന്‍ എന്ന് ഞാന്‍ പറഞ്ഞു. ഓ ഒന്നൊര വര്‍ഷം വേണ്ടി വരുമല്ലേ നിന്റെ വയറുവേദനയും തലവേദനയും മാറാന്‍? അതിലും ബേധം നിനക്കൊരു മെഡിക്കല്‍ ഷോപ്പ് തുടങ്ങുന്നതല്ലേ, ഇന്ന് തന്നെ കഴിക്കാമല്ലോ എന്നായിരുന്നു മറുപടി.

അതിനേക്കാളൊക്കെ എന്നെ ദുഖിപ്പിച്ച മറ്റൊരു സംഭവമുണ്ട്. അടുത്ത ആഴ്ചയാണ് അമ്മയുടെ ജനറല്‍ ബോഡി. എനിക്ക് വേണ്ടി ശക്തമായി സംസാരിക്കുന്ന കാര്യങ്ങള്‍ നോട്ട് ചെയ്ത് വച്ച് വരാനാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ചിറകാണ് ഒടിഞ്ഞു പോയത്. അമ്മയിലെ പല അംഗങ്ങളോടും വിളിച്ച് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കി എനിക്ക് സംസാരിക്കാന്‍ റെഡിയാവുകയായിരുന്നു. പ്രസിഡന്റിനോട് വരെ പറഞ്ഞിരുന്നു. അതല്ല എന്റെ നഷ്ടം. എന്ത് പ്രശ്‌നമുണ്ടെങ്കിലും എന്നെ വിളിച്ച് അതിനൊരു കണ്‍ക്ലൂഷന്‍ പറഞ്ഞ് തരുന്ന രണ്ടു പേരുണ്ടായിരുന്നു. ഒന്ന് സംവിധായകന്‍ സിദ്ധീഖ് ഇക്കയായിരുന്നു. അദ്ദേഹം മരിച്ചുപോയി. പിന്നീട് സലിം കുമാറാണ്. ഇനി ഞാന്‍ ആരോട് ചോദിക്കും? ഒരാളില്ലാതായിപ്പോയി.

ആ സലിയപ്പനെ അറിയാവുന്ന ആള്‍ക്കാര്‍ ഉണ്ട്. ഡയാനയെ ആദ്യമായി കാണാന്‍ പോയത് ഞാനും സലിയപ്പനുമാണ്. പത്ത് മുപ്പത് വര്‍ഷത്തെ ചരിത്രമാണ്. അതാണ് ഞാന്‍ പൊട്ടിക്കരഞ്ഞത്. കാരണം എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. പലരും ട്രോളിയിട്ടുണ്ടാകും, പക്ഷെ ചിലര്‍ പിന്തുണച്ചു. കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ? മാറി നിന്ന് കരയുന്നതാണ്. എനിക്കൊന്ന് പൊട്ടിക്കരയണ്ടേ? ഒരു സുഹൃത്തിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് ബൈബിളില്‍ പറയുന്നു. ഞാന്‍ അത്രയും സ്‌നേഹിച്ചിട്ടുണ്ട്. എന്നേയും സ്‌നേഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖത്തിലും ഞാന്‍ പോയിരുന്നു. അദ്ദേഹമായിരുന്നില്ല, വേറൊരു ആളാണ് എന്നെ വിളിച്ചത്. അറിഞ്ഞെത്തുന്നവരാടാ സുഹൃത്തുക്കള്‍. പലരേയും വിളിച്ചു. പക്ഷെ നീ മാത്രമാണ് വന്നതെന്ന് പറഞ്ഞു. സലിയപ്പന്‍ ഞങ്ങളുടെ ഓര്‍മകളിലുണ്ടാകും.

Tiny Tom replies to trolls for crying at Salim Kumar's funeral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

'ഡാന്‍സിങ് ഗേള്‍' ശില്‍പ്പത്തെ വസ്ത്രം ധരിപ്പിച്ച് രൂപമാറ്റം വരുത്തി; ചരിത്ര വസ്തുവിനെ തെറ്റായി ചിത്രീകരിച്ചു; എന്‍സിഇആര്‍ടിക്കെതിരെ വ്യാപക വിമര്‍ശനം

'ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; സമയ തര്‍ക്കത്തില്‍ സ്വകാര്യബസുകള്‍ക്ക് എംവിഡി മുന്നറിയിപ്പ്

22 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം; അന്തർസംസ്ഥാന വാഹന മോഷണക്കേസ് പ്രതിയെ ഉത്തർപ്രദേശിൽ നിന്ന് വീഴ്ത്തി ക്രൈംബ്രാഞ്ച്

'ഇന്ദിര ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ ബിജെപിയെ നിരോധിക്കുമായിരുന്നു'; ഗെഹ്‌ലോട്ടിന്റെ പരാമര്‍ശത്തില്‍ വിവാദം

SCROLL FOR NEXT