ബെംഗളൂരു; ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനംചെയ്ത ചിത്രത്തിന് 2021-ലെ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരമാണ് നേടിയത്. സന്തോഷം പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ രംഗത്തെത്തി.
കർണാടക ഗവർണർ തവാര്‍ ചന്ദ് ഗെഹ്ലോട്ട് ആണ് ഉണ്ണി മുകുന്ദനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം സമ്മാനിച്ചത്. 100ല്‍ അധികം സിനിമകളുമായി മത്സരിച്ച് മേപ്പടിയാന്‍ മികച്ച സിനിമയായതില്‍ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയാനും താരം മറന്നില്ല. ചിത്രം നിര്‍മിച്ചതും ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു. ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനത്തില്‍ പി.വി.ആര്‍. സിനിമാസിലെ എട്ടാംനമ്പര്‍ സ്‌ക്രീനിലായിരുന്നു പ്രദര്‍ശനം.
2020-ലെ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'താഹിറ'യെ തേടിയെത്തി. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിന്റെ തീരമേഖലയായ എറിയാടുള്ള താഹിറ എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് 'താഹിറ' എന്ന സിനിമയിലൂടെ സംവിധായകന്‍ സിദ്ധീഖ് പറവൂര്‍ പറയുന്നത്. താഹിറ എന്ന വീട്ടമ്മതന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 2020-ല്‍ ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ താഹിറ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates