ചേർത്തലയിൽ മന്തി റസ്റ്റൊറന്റിന്റെ വിഷു ആശംസ പരസ്യത്തിൽ ശ്രീകൃഷ്ണനെ ഉൾപ്പെടുത്തിയതിൽ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. മെഹര്‍ മന്തി റസ്റ്റൊറന്റ് ഉടമ അര്‍ഷാദിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസെടുത്തത്.
ഇപ്പോഴിതാ വിഷു പരസ്യ വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. എല്ലാ കാര്യങ്ങൾക്കും ഒരുപരിധിയുണ്ടെന്നും വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്.
'എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ. തികഞ്ഞ വെറുപ്പാണിത്'.- വിഷു പരസ്യത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചു. ഒരു മെസേജിനും ഉണ്ണി മുകുന്ദൻ മറുപടി നൽകിയിട്ടുണ്ട്. 'എനിക്ക് അതൊരു വിഷു പോസ്റ്റര്‍ ആയിട്ട് തോന്നി.
ഇത് ഇത്ര വലിയ പ്രശ്നം ആക്കുന്ന കണ്ടപ്പോള്‍ ആണ് ഇങ്ങനെ ഒക്കെ പ്രതികരിക്കാന്‍ തോന്നിയത്', എന്നായിരുന്നു മെസേജ്. ഇതിന്, "മിണ്ടാതിരിക്കുമ്പോഴെല്ലാം ഇത്തരം ഹീനമായ പ്രവർത്തികൾ സാധാരണമായി കാണപ്പെടുകയാണ്. ഞാൻ നിങ്ങളുടെ സ്ഥിരം സിനിമക്കാരനല്ല, എൻ്റെ വിശ്വാസങ്ങളെക്കുറിച്ചുള്ള തമാശകൾ ശരിയായ കാര്യവുമല്ല.
എല്ലാ മതവികാരങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് നിങ്ങൾ എൻ്റേതും ബഹുമാനിക്കണമെന്ന്, എന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാവരോടുമായി അഭ്യർത്ഥിക്കുകയാണ്. എല്ലാ മര്യാദകളിലും മതേതരത്വം പുലർത്തുക. എനിക്കിത് വെറുമൊരു വിഷു പോസ്റ്റർ ആയിട്ട് തോന്നിയില്ല", എന്നായിരുന്നു ഉണ്ണി മുകുന്ദൻ ഇതിന് മറുപടിയായി കുറിച്ചത്.
അതേസമയം അറസ്റ്റ് ചെയ്ത അര്‍ഷാദിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സംഭവത്തിൽ വിശദീകരണവുമായി മെഹര്‍ മന്തി റസ്റ്റൊറന്റ് അധികൃതരും രംഗത്തെത്തിയിരുന്നു.
വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര്‍ മന്തി റസ്റ്റൊറന്റ് മാനേജിങ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ഷമീര്‍ പറഞ്ഞു. പ്രചരിക്കുന്നത് പിന്‍വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റൊറന്റിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വിഡിയോയില്‍ ഷമീര്‍ വ്യക്തമാക്കി. ബുദ്ധിമുട്ട് നേരിട്ടവരോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates