പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചതിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. അതിർത്തി കടന്ന് ഭീകരത അയച്ച രാജ്യത്തോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും തിരിച്ചടിച്ച രാജ്യത്തോടല്ല എന്നുമാണ് ഉണ്ണി കുറിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത് അടക്കം താരങ്ങളാണ് ഇന്ത്യൻ ആർമിയ്ക്ക് അഭിവാദ്യം അർപ്പിച്ച് രംഗത്തെത്തിയത്.
"ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഒരു രാജ്യത്തിന്റെ അവകാശത്തെ യുദ്ധത്തിനായുള്ള ദാഹമായി തെറ്റിദ്ധരിക്കരുത്. ശക്തമായ പ്രതികരണത്തെ പിന്തുണയ്ക്കുന്നവർ യുദ്ധക്കൊതിയന്മാരല്ല, സുരക്ഷയെയും നീതിയെയും വിലമതിക്കുന്ന പൗരന്മാരാണ്. പ്രകോപനമില്ലാത്ത ആക്രമണത്തിനും, ആവശ്യമായ പ്രതിരോധത്തിനും ഇടയിൽ ധാർമികമായ വ്യത്യാസമുണ്ട്.
മനഃപൂർവമുള്ള ഭീകരാക്രമണത്തിലൂടെ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പ്രതികരണം ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഉത്തരവാദിത്വമായി മാറുന്നു. സമാധാനം തേടുക എന്നതിനർഥം ആക്രമണത്തെ നിശ്ബദമായി അംഗീകരിക്കുന്നു എന്നല്ല. തിരിച്ചടിക്കുന്ന രാജ്യത്തെ ചോദ്യം ചെയ്യരുത്. അതിർത്തികൾക്കപ്പുറത്തേക്ക് ഭീകരത അയക്കുന്നവനെ ചോദ്യം ചെയ്യുക".- ഉണ്ണി മുകുന്ദൻ കുറിച്ചു. ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
അതേസമയം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിക്കുകയാണ്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ഉണ്ണി തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നതും. ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷമാണ് ചിത്രീകരണം തുടങ്ങുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates