തനിക്കെപ്പോഴും വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടമെന്ന് നടി ഉർവശി. തന്റെ പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. 'തലയണമന്ത്രം' സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഉർവശി പറഞ്ഞു.
"ശ്രീനിയേട്ടന്റെ മുൻപിലിരിക്കുമ്പോൾ എനിക്കെപ്പോഴും തോന്നാറുണ്ട്, ഇതിൽ എന്താണ് ശ്രീനിയേട്ടൻ പിടിച്ച് എടുക്കാൻ പോകുന്നതെന്ന്. കാരണം, പല സ്ത്രീകളെയും കണ്ടാണ് ശ്രീനിയേട്ടൻ എഴുതുന്നത്. 'തലയണമന്ത്ര'ത്തിലെ കഥാപാത്രവും ഞങ്ങൾക്കെല്ലാവർക്കും പരിചയമുള്ള ഒരാളാണ്. പിന്നെ ഞാൻ എന്റെ ബന്ധുവായ ഒരു സ്ത്രീയെ റോൾ മോഡൽ ആക്കി എടുത്തു.
നന്നായി ചിരിച്ചു കൊണ്ട് പറയേണ്ട കാര്യങ്ങൾ പറയുന്ന ചിലരുണ്ട്. എനിക്കത് പറ്റില്ല, എന്റെ മുഖം അപ്പോൾ തന്നെ മാറും. അങ്ങനെയൊരു സ്ത്രീയെ ആണ് ആ കഥാപാത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്. കാമറയുടെ മുൻപിൽ വന്ന് നിന്നതിന് ശേഷമാണ് ആ കഥാപാത്രത്തെക്കുറിച്ച് എനിക്ക് പറഞ്ഞു തരുന്നത്. അതിന് മുൻപ് എന്റെ അങ്കിൾ കഥ കേട്ടിട്ട് മോളെ ഉഗ്രൻ കാരക്ടർ ആണെന്ന് പറഞ്ഞിരുന്നു.
ഫസ്റ്റ് സീൻ ഫിലോമിന ആന്റിക്കൊപ്പമായിരുന്നു. അത് കഴിഞ്ഞ് മുഖം ഞാൻ ഭയങ്കര സീരിയസ് ആയിട്ട് വച്ചപ്പോൾ സത്യേട്ടൻ പറഞ്ഞു, 'വേണ്ട. ഉർവശി സാധാരണ ചെയ്യുന്ന പോലെ ചെയ്തോളൂ' എന്ന്. 'ഡയലോഗുകളിലൂടെ എല്ലാം മനസിലാകും, എന്താണ് ഈ കാരക്ടർ എന്നുള്ളത്. അതുകൊണ്ട് ഉർവശി അതിനെ നെഗറ്റീവ് ആക്കാൻ നോക്കണ്ട, അത് നെഗറ്റീവ് അല്ല' എന്ന്.
വിദ്യാഭ്യാസക്കുറവുള്ള ഒരു പച്ചയായ സ്ത്രീയാണ് അവർ. ഭർത്താവ് മേസ്തിരി ആണെന്ന് പറയാത്ത, എഞ്ചിനീയർ ആണെന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ഒരു അന്തസ് കിട്ടും. മോൾ മമ്മി, ഡാഡി എന്ന് വിളിച്ചു കഴിഞ്ഞാൽ സ്റ്റൈലുള്ള ഒരു കുട്ടിയാകും. അതിനെ ഇംഗ്ലീഷ് മീഡിയിത്തിൽ ചേർക്കണം. ഇങ്ങനെയൊക്കെയുള്ള ഒരു കഥാപാത്രമാണ്. ശരിക്കും കുറ്റക്കാരൻ ഭർത്താവായ സുകുമാരൻ ആണെന്ന് തന്നെ പറയണം.
ഇവർ പറയുന്നതെല്ലാം കേട്ട്, ഇവരെ പ്രൊമോട്ട് ചെയ്തിട്ട് അവസാനം കുറ്റക്കാരി ഇവരാവുകയാണ്. ആദ്യത്തെ പറച്ചിലിലേ നിർത്തിയിരുന്നെങ്കിൽ കുഴപ്പമുണ്ടാകുമായിരുന്നില്ല. അതെനിക്ക് വളരെ വ്യത്യസ്തമായുള്ള ഒരു കഥാപാത്രമായിരുന്നു. അങ്ങനെ ചെയ്യാനാണ് എനിക്കിഷ്ടം. അതിന് മുൻപ് 'പൊന്മുട്ടയിടുന്ന താറാവി'ലും അങ്ങനെയല്ലേ. ഒരു സ്നേഹവുമില്ലാതെ, സ്നേഹിച്ച് പറ്റിക്കുന്ന ഒരു കഥാപാത്രം". - ഉർവശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates