മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിലൊരാളാണ് ഉർവശി. നടിയുടേതായി മലയാള സിനിമാ പ്രേക്ഷകർ ഇന്നും നെഞ്ചോട് ചേർത്തുവച്ചിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. ഇടക്കാലത്ത് സിനിമയിൽ നിന്ന് ഒരിടവേള എടുത്തിരുന്നെങ്കിലും വൻ തിരിച്ചുവരവാണ് ഉർവശി നടത്തിയത്. ഇപ്പോഴിതാ മോഹൻലാലും മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ച ആറാം തമ്പുരാനിൽ ഒരു ഗാനരംഗത്ത് തന്റെ കണ്ണുകളുണ്ടെന്ന് പറയുകയാണ് ഉർവശി.
'ഹരിമുരളീരവം' എന്ന ഗാനത്തിൽ ജഗന്നാഥനു പിടികൊടുക്കാതെ മുഖം മറച്ച് ഓടി മറയുന്ന ആ പെൺകുട്ടിയുടെ കണ്ണുകൾ തന്റേതാണെന്നാണ് ഉർവശി വെളിപ്പെടുത്തിയിരിക്കുന്നത്. ആറാം തമ്പുരാന്റെ വിക്കിപീഡിയ പേജിലും അഭിനേതാക്കളുടെ പട്ടികയിൽ ഉർവശിയുടെ പേരുണ്ട്. "ആറാം തമ്പുരാനിൽ മധുമൊഴി രാധേ... എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ആ ഓടുന്നത് ചേച്ചിയല്ലേ?" എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നൽകുകയയിരുന്നു ഉർവശി.
"ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകൾ എന്റേതാണ്. എന്റെ ഏതോ സിനിമയിൽ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങൾ? അന്നൊന്നും ആരും കണ്ടുപിടിച്ചിരുന്നില്ല," എന്നായിരുന്നു ഉർവശിയുടെ മറുപടി. തന്റെ പുതിയ ചിത്രം 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി'യുടെ പ്രൊമോഷനിടെയാണ് ഉർവശി ഇക്കാര്യം പറഞ്ഞത്. ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) ആണ് ചിത്രത്തിന്റെ സംവിധാനം.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശിവപ്രസാദ് തന്നെ. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates