വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ ജനറേഷനിൽപ്പെട്ട കുട്ടികൾക്കുണ്ടെന്ന് നടി ഉർവശി. ഞങ്ങളൊക്കെ കല്യാണം കഴിച്ച് പോകുന്നിടത്ത് അവരെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ വേണ്ടി മാത്രമുണ്ടായ ജന്മങ്ങളായിട്ടാണ് വളർന്നതെന്നും നടി കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി.
തന്റെ മകൾ തേജലക്ഷ്മി (കുഞ്ഞാറ്റ)യെ കുറിച്ചും ഉർവശി സംസാരിച്ചു. "വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ ജനറേഷനുണ്ട്. എനിക്കുണ്ടായിരുന്നില്ല. എന്റെ അമ്മയ്ക്ക് ഒട്ടുമുണ്ടായിരുന്നില്ല. ഞങ്ങളൊക്കെ കല്യാണം കഴിച്ച് പോകുന്നിടത്ത് അവരെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ വേണ്ടി മാത്രമുണ്ടായ ജന്മങ്ങളായിട്ടാണ് വളർന്നത്.
പിന്നെ എന്റെ അച്ഛനും അമ്മയും ഞങ്ങൾക്ക് തന്ന സ്വാതന്ത്ര്യം ഏത് ജോലിയും തല ഉയർത്തി പിടിച്ച് ചെയ്യുക എന്നതാണ്. അഭിനയ ജീവിതം ഒട്ടും മോശപ്പെട്ട കാര്യമല്ല. പക്ഷേ തലകുനിച്ച് നിന്ന് ചെയ്യണ്ട എന്ന് പറയാനുള്ള ഈ ജനറേഷന്റെ സ്വാതന്ത്ര്യം ഞങ്ങൾക്ക് തന്നിരുന്നു. എങ്കിൽപ്പോലും, ഞാൻ എത്ര രൂപയാണ് പെയ്മെന്റ് വാങ്ങിച്ചത് എന്ന കാര്യം എനിക്കറിയത്തില്ല. അത് എന്ത് ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചിട്ടില്ല.
എന്റേതായ ആവശ്യങ്ങളെല്ലാം അറിഞ്ഞ് എന്റെ വീട്ടുകാർ സാധിച്ചു തരുന്നു. അതിൽ എന്തൊക്കെ ചെലവാക്കി എന്നൊന്നും എനിക്കറിയത്തില്ല. പക്ഷേ എന്റെ മകൾക്ക് കൃത്യമായിട്ട് അവളുടെ കാര്യങ്ങൾ എന്തൊക്കെ ചെയ്യണം എന്നതിൽ വ്യക്തമായ ധാരണയുണ്ട്. ഞാനൊരിക്കലും അവളെ ഉപദേശിക്കാറില്ല.
ഇപ്പോൾ ഞാൻ അവളിൽ നിന്ന് പഠിക്കുകയാണ് ഒരുപാട് കാര്യങ്ങൾ. അവളുടെ ഒരുപാട് കാര്യങ്ങൾക്ക് എന്റെ ഫുൾ സപ്പോർട്ടാണ്. എനിക്കൊക്കെ അയ്യോ തീ എന്ന് പറയല്ലേ വായ പൊള്ളും എന്ന് പറയുന്ന അത്തരം ഒരുപാട് ആചാരങ്ങൾ നോക്കുന്ന വീടായിരുന്നു എന്റേത്. ഇങ്ങനെ വേണം, അങ്ങനെ വേണം.. ഇന്ന് അമാവാസിയാണ്..നോൺ വെജ് വയ്ക്കണ്ട.
എന്നൊക്കെയുള്ള കാര്യങ്ങളുണ്ടായിരുന്നു. മോൾക്ക് അങ്ങനെയൊന്നുമില്ല. 'മക്കളേ അവർ അങ്ങനെ പറയുന്നല്ലോ' എന്നൊക്കെ നമ്മൾ പറയുമ്പോൾ അവൾ പറയും, 'അമ്മ വിട് അമ്മാ. അവർ പറയുന്നെങ്കിൽ പറഞ്ഞോണ്ട് പോകട്ടെ. പിന്നെ അവർ എന്തെങ്കിലും പറഞ്ഞാൽ നമുക്കെന്ത് സംഭവിക്കാനാ' എന്ന്. അങ്ങനെയുള്ളൊരു മനസുണ്ട്. അത് ഈ ജനറേഷന്റെ വലിയൊരു കാര്യമാണ്". - ഉർവശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates