താന്‍ തെരഞ്ഞെടുത്തതല്ല സിനിമയെന്ന് ഉര്‍വശി. ഷൂട്ടിങ് കഴിഞ്ഞ് സ്‌കൂളില്‍ പോകണം എന്നായിരുന്നു എന്നും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അതിന് സാധിച്ചില്ല. ഒന്നിന് പുറകെ ഒന്നായി സിനിമകള്‍ വന്നതോടെ തിരക്കായി. സ്‌കൂളില്‍ നിന്നും മതിയായ അറ്റന്‍സ് ഇല്ലാത്തതിനാലും മറ്റും തന്നെ സ്‌കൂളില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നുവെന്നും രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറയുന്നു. ആ വാക്കുകളിലേക്ക്:
എല്ലാ സിനിമ കഴിയുമ്പോഴും പറഞ്ഞിരുന്നത് ഇത് കഴിഞ്ഞ് സ്‌കൂളില്‍ പോകാം എന്നായിരുന്നു. പിന്നെ പിന്നെ എല്ലാവരും എന്നെ കളിയാക്കിത്തുടങ്ങി. ഷൂട്ട് വേഗം തീര്‍ക്ക്, ഈ കൊച്ചിന് സ്‌കൂളില്‍ പോകാനുള്ളതാണെന്ന്. കളിയാക്കുന്നതാണെന്ന് എനിക്ക് മനസിലായിരുന്നില്ല. നൂറ് സിനിമയൊക്കെ ആയപ്പോഴാണ് എനിക്ക് മനസിലായത് ഇനി പോക്കില്ലെന്ന്.
എല്ലാ ഭാഷയിലും ചെയ്തു. തമിഴും തെലുങ്കും കന്നഡയും ചെയ്തു. ഇതിനിടെ മലയാളത്തിലേക്കും വന്നു. മലയാളത്തില്‍ പന്ത്രണ്ടും പതിനഞ്ചും ദിവസം കൊണ്ട് സിനിമ തീര്‍ക്കുന്നു. സെറ്റില്‍ നിന്നും സെറ്റിലേക്ക് പോകുന്നു. കേരളത്തിലായി ഷൂട്ടിങ് അധികവും. മലയാളത്തില്‍ വന്ന ശേഷമാണ് അഭിനേതാക്കള്‍ കഥാപാത്രത്തെ ഇത്രത്തോളം ഗൗരവ്വത്തോടെ കാണുന്നതും ഇതൊരു സീരിയസ് പ്രൊഫഷന്‍ ആണെന്നും മനസിലാക്കുന്നത്.
ഇവിടെ കുറേക്കൂടി ഫ്രീഡവും ലഭിച്ചിരുന്നു. അച്ഛനേയും അമ്മയേയും എല്ലാവര്‍ക്കും അറിയാം. അതിനാല്‍ പ്രത്യേക പരിഗണനയും വാത്സല്യവും കിട്ടിയിരുന്നു. ആരും എന്നെ വിഷമിപ്പിക്കുകയും ദേഷ്യപ്പെടുകയും ചെയ്തിരുന്നില്ല. അതോടെ എനിക്ക് ഇവിടം ഇഷ്ടമായി. സ്വഭാവികമായും പഠിത്തം നിര്‍ത്തേണ്ടി വന്നു. പക്ഷെ ഞാനും ശോഭനയും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചിരുന്നു.
ഞാന്‍ പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചിരുന്നില്ല. ഒമ്പതാം ക്ലാസ് കൊല്ല പരീക്ഷയുടെ സമയത്താണ് മുന്താനെ മുടിച്ചിന്റെ ഷൂട്ട്. റീ എക്‌സാം എഴുതി പത്തിലെത്തി. പത്താം ക്ലാസില്‍ ചെന്നപ്പോഴേക്കും സിനിമ ഇറങ്ങിയിരുന്നു. ചെക്കന്മാരൊക്കെ കണ്ണ് തുറക്കണം സ്വാമി എന്ന പാട്ടും പാടി എന്റെ പിന്നാലെ നടക്കുകയാണ്. എനിക്ക് ഭയങ്കര മാനക്കേടും സങ്കടവുമായി. സ്‌കൂളില്‍ നിന്നും വിളിച്ച് ബുദ്ധിമുട്ടാണ്, ഇനി ഇങ്ങോട്ട് വരേണ്ടതില്ലെന്ന് പറഞ്ഞു. ക്ലാസിലൊന്നും പോകാറില്ലല്ലോ.
പിന്നീട് ഞാനും ശോഭനയും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചു. കുത്തിയിരുന്ന് പഠിച്ചുവെങ്കിലും അവള്‍ അവസാനം കാലുമാറി. പരീക്ഷയുടെ സമയത്തായിരുന്നു പൊന്‍മുട്ടയിടുന്ന താറാവിന്റെ ക്ലൈമാക്‌സ്. ഇങ്ങനെയാകണം ജീവിതം എന്ന് ദൈവം തീരുമാനിച്ചിരിക്കണം. അതിലൊന്നും വിഷമമില്ല. ഒന്നും എന്റെ തീരുമാനങ്ങളായിരുന്നില്ല, ദൈവം കൃത്യമായി എന്നെ നയിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates