വിഖ്യാത ഫോട്ടോഗ്രഫർ രഘു റായ്‌യെ അനുസ്മരിച്ച് സംവിധായകൻ വി എ ശ്രീകുമാർ. ഫോട്ടോഗ്രഫിയുടെ ഇന്ത്യൻ മേൽവിലാസമായ പത്മശ്രീ രഘു റായ് സാറിന് വിട എന്നാണ് സംവിധായകൻ ഫെയ്സ്ബുക്ക് കുറിപ്പിൽ കുറിച്ചിരിക്കുന്നത്. “ഒരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങളെ പകർത്തുന്ന തൊഴിലാണ് ഞാൻ ചെയ്യുന്നത്"- എന്നായിരുന്നു തന്റെ ഫോട്ടോഗ്രഫി ഇഷ്ടങ്ങളെ രഘു റായ് സർ വിശേഷിപ്പിച്ചതെന്നും ശ്രീകുമാർ കുറിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിൽ വച്ചായിരുന്നു അന്ത്യം. അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. കാൻസർ തലച്ചോറിലേക്ക് വ്യാപിച്ചതിനൊപ്പം വാർധക്യസഹജമായ അസുഖങ്ങളുമാണ് ആരോഗ്യനില വഷളാക്കിയത്.
അരനൂറ്റാണ്ടിലേറെ നീണ്ട കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും ആത്മാവും പകർത്തിയെടുത്ത അതുല്യപ്രതിഭയാണ് രഘു റായ്. 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച 'അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം' എന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യാന്തര തലത്തിൽ തന്നെ നൊമ്പരമായി മാറി.
ഇന്ദിര ഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങൾ പകർത്തിയതും ഇദ്ദേഹമാണ്. കേരളവുമായും ഇവിടുത്തെ വിവിധ മാധ്യമ ഫോട്ടോഗ്രഫർമാരുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ശബരിമല സന്നിധാനത്തെത്തി അയ്യപ്പദർശന ചിത്രങ്ങളും അദ്ദേഹം തന്റെ കാമറയിൽ പകർത്തിയിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“ഒരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങളെ പകർത്തുന്ന തൊഴിലാണ് ഞാൻ ചെയ്യുന്നത്"— എന്നായിരുന്നു തന്റെ ഫോട്ടോഗ്രഫി ഇഷ്ടങ്ങളെ രഘു റായ് സർ വിശേഷിപ്പിച്ചത്. മദർ തെരേസയുടെ കാരുണ്യവും, കുംഭ മേളയിലെ മനുഷ്യസാഗരവും, ഭോപ്പാൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളും, ബംഗ്ലാദേശ് യുദ്ധത്തിന്റെ തീക്ഷ്ണതയും അദ്ദേഹം തന്റെ കാമറയിൽ പകർത്തി.
ഇന്ദിര ഗാന്ധിയുടെയും സത്യജിത് റേയുടെയും വിശ്വപ്രസിദ്ധമായ portraits മുതൽ സാധാരണക്കാരന്റെ തെരുവു ജീവിതം വരെ നീളുന്നതായിരുന്നു ആ വിസ്മയക്കാഴ്ചകൾ. ഫോട്ടോഗ്രഫിയുടെ ഇന്ത്യൻ മേൽവിലാസമായ പത്മശ്രീ രഘു റായ് സാറിന് വിട.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates