നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ഡിജിറ്റൽ ചതിക്കുഴികളെ തുറന്നുക്കാട്ടുന്ന ശക്തമായ ഒരു സാമൂഹിക പാഠം നൽകുന്ന സിനിമയാണ് പേട്രിയറ്റ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് വലിയ കരുത്താണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.
പേട്രിയറ്റ് കണ്ടതിന് ശേഷം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാാര്യം പറഞ്ഞത്. യുവാക്കളും വിദ്യാർഥികളും പ്രത്യേകം കണ്ടിരിക്കേണ്ട സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി.
വി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാകുന്നു. മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രം 'പേട്രിയറ്റ്' കാണുകയുണ്ടായി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓൺലൈൻ ലോൺ ആപ്പുകളെയും ഡിജിറ്റൽ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാൽ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു.
സാങ്കേതികവിദ്യ വിരൽത്തുമ്പിൽ ലോകത്തെ എത്തിക്കുമ്പോൾ, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നൽകാൻ ഇത്തരം സിനിമകൾക്ക് സാധിക്കും.
പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റൽ മാഫിയകൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനൽ ശൃംഖലകളെ തുറന്നുകാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമ. യുവാക്കളും വിദ്യാർത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാൻവാസിൽ, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ, കുഞ്ചാക്കോ ബോബൻ,ഫഹദ് ഫാസിൽ,നയൻതാര,രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമ, ആന്റോ ജോസഫിന്റെ മുൻകൈയ്യിൽ രൂപപ്പെട്ട ഒരു മഹേഷ് നാരായൺ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണിത്. സിനിമയുടെ എല്ലാ പ്രവർത്തകർക്കും വിജയാശംസകൾ നേരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates