തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള സംവിധായകനാണ് വിഘ്നേഷ് ശിവൻ. തന്റെ മക്കളായ ഉയിരിനും ഉലകിനും ഭാര്യ നയൻതാരയ്ക്കുമൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങൾ വിഘ്നേഷ് പങ്കുവയ്ക്കാറുണ്ട്. നയൻതാരയുമായുള്ള വിവാഹത്തിന് പിന്നാലെ വൻതോതിലുള്ള പരിഹാസങ്ങൾക്കും ട്രോളിനുമൊക്കെ വിഘ്നേഷ് ഇരയായിട്ടുണ്ട്.
അടുത്തിടെ ഒരഭിമുഖത്തിൽ തനിക്ക് നേരെ ഉയരുന്ന ട്രോളുകളെക്കുറിച്ചും സംവിധായകൻ സംസാരിച്ചിരുന്നു. തനിക്കെതിരെ ആര് എന്ത് പറഞ്ഞാലും ഇപ്പോൾ അതൊന്നും കാര്യമാക്കാറില്ലെന്നും അത്തരം കാര്യങ്ങളോട് പൊരുത്തപ്പെട്ടുവെന്നും വിഘ്നേഷ് ശിവൻ പറഞ്ഞു.
"ഞാനിപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ ഇടുന്നത് വളരെയധികം കുറച്ചു. മുൻപ് ഞാൻ ഇടയ്ക്കിടെ പോസ്റ്റുകൾ പങ്കുവയ്ക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ അവസാനമായി എന്നാണ് പോസ്റ്റ് ചെയ്തത് എന്ന് പോലും എനിക്ക് ഓർമ്മയില്ല. എന്റെ മക്കളുടെ ഫോട്ടോകൾ ഞാൻ ഷെയർ ചെയ്യുമ്പോൾ, ചില ആളുകൾ വിദ്വേഷകരമായ കമന്റുകളുമായി വരും.
അത് കാണുമ്പോൾ ശരിക്കും എനിക്ക് വിഷമം തോന്നും. എല്ലായ്പ്പോഴും നമുക്ക് ഇഷ്ടമുള്ളത് സ്വതന്ത്രമായി ചെയ്യാൻ കഴിയണമെന്നില്ല, പ്രത്യേകിച്ച് സമൂഹം അതികഠിനമായി ട്രോളുകയും വിമർശിക്കുകയുമൊക്കെ ചെയ്യുമ്പോൾ. ചിലപ്പോൾ, നമ്മൾ അതിനോട് പൊരുത്തപ്പെടേണ്ടി വരും.
ഉദാഹരണത്തിന്, നയൻതാരയും എന്റെ മക്കളും കൂടി ഏതെങ്കിലും ഒരു സ്ഥലത്ത് സന്തോഷത്തോടെ ചെലവഴിക്കുന്ന ഒരു ചിത്രം ഞാൻ പോസ്റ്റ് ചെയ്യുന്നു. ചിലപ്പോൾ എതിർവശത്തു നിൽക്കുന്ന ഒരാൾ അത്ര നല്ല മൂഡിൽ അല്ലെങ്കിൽ അത് കാണുമ്പോൾ അവർക്ക് എന്തെങ്കിലുമൊരു പ്രചോദനമുണ്ടാകും. പക്ഷേ അത് വരെ ആളുകൾ ഇപ്പോൾ ട്രോളുന്നുണ്ട്.
എല്ലാം ഒരു ട്രോളായി മാറിയിരിക്കുന്നു, അതൊരു സംസ്കാരമായി മാറിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാതിരുന്നപ്പോൾ എംഎസ് ധോനിയെ പോലും ആളുകൾ ട്രോളി. അത് വളരെ വേദനാജനകമായേക്കാം, പക്ഷേ അതിനോട് പൊരുത്തപ്പെടുകയല്ലാതെ മറ്റ് മാർഗമില്ല..
അതുകൊണ്ട് ഞാനിപ്പോൾ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല. ഞാനിങ്ങനെ മുന്നോട്ട് പോകുന്നു. അവർ എന്ത് വേണമെങ്കിലും പറയട്ടെ എന്നൊരു മാനസികാവസ്ഥയിലേക്ക് എത്തി. നയൻതാരയും ഞാനും ഇതേക്കുറിച്ചൊക്കെ തമാശയായി സംസാരിക്കാറുണ്ട്. അവർ ഒരിക്കലും മാറില്ല..
അതുകൊണ്ട് നമ്മൾ മാറണം, അതിനെ നിസ്സാരമായി കാണണം എന്ന് ഞാൻ പറയും".- വിഘ്നേഷ് ശിവൻ പറഞ്ഞു. ലവ് ഇൻഷുറൻസ് കമ്പനിയാണ് വിഘ്നേഷ് ശിവന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates