വിജയ് ചിത്രം ജന നായകന്റെ റിലീസിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. അടുത്തിടെ തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം റിലീസ് ചെയ്യില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ജന നായകൻ റിലീസുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
സിബിഎഫ്‌സി ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് റിലീസ് അനിശ്ചിതമായി വൈകിയത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ജന നായകൻ ഉടനെ റിലീസ് ചെയ്യാൻ സാധ്യതയില്ല. ഈ വർഷം ജൂണിൽ വിജയ്‌യുടെ 52-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാവും ചിത്രം റിലീസ് ചെയ്യുന്നത്. ജന്മദിനത്തിന് മുന്നോടിയായി 2026 ജൂൺ 18ന് 'ജന നായകൻ' തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന.
വിജയ്‌യുടെ ജന്മദിനത്തോട് അടുത്ത തീയതിയായതിനാലും മുഹറം അവധിക്കൊപ്പമുള്ള വാരാന്ത്യം ആയതിനാലും ആണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഈ തീയതി പരിഗണിച്ചത്. എന്നാൽ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്ന പുതിയ റിപ്പോർട്ടുകളെക്കുറിച്ച് വിജയ്‌യും ജന നായകൻ ടീമും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 9 നായിരുന്നു ആദ്യം റിലീസ് ചെയ്യാനിരുന്നത്. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ ജന നായകനുള്ള ഹൈപ്പ് ചെറുതൊന്നുമല്ല. ജന നായകൻ ടീസറിനും വൻ സ്വീകരണമാണ് ലഭിച്ചത്. തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജന നനായകൻ.
ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജന നായകനിൽ അണിനിരക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണ ആണ് ചിത്രം നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates