തോക്കുകൾ ഹീറോ ആകുന്ന കഥ- ഒറ്റവാക്കിൽ പറഞ്ഞാൽ റൈഫിൾ ക്ലബ് അതാണ്. ഒരു വലിയ തറവാടും, ആ തറവാട്ടിലെ പല തലമുറകൾ കൈകാര്യം ചെയ്തിരുന്ന കുറേ തോക്കുകളുമാണ് റൈഫിൾ ക്ലബ്ലിന്റെ നെടുംതൂണ്. സായിപ്പൻമാർ വരെ ഉപയോഗിച്ച തോക്കുകളെ പാരമ്പര്യ സ്വത്തായി കണക്കാക്കുന്ന, വേട്ട ഒരു ഹോബിയായി കൊണ്ടുപോകുന്ന ആ കുടുംബത്തിലേക്ക് വളരെ അവിചാരിതമായി ഒരു സംഭവമുണ്ടാവുകയും അതിനെ ചുറ്റിപ്പറ്റി പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. ആ വലിയ തറവാട് അലങ്കരിക്കുന്നത് പല വലുപ്പത്തിലും ആകൃതിയുമൊക്കെയുള്ള തോക്കുകളാണ്.
ആ തോക്കുകൾക്ക് താഴെ അത് കൈകാര്യം ചെയ്തിരുന്ന 'പുലി'കളുടെ പേരും എഴുതിവച്ചിട്ടുണ്ട്. നല്ലൊരു ഗണ്ണിന് ഉടമയില്ല, പാരമ്പര്യമേയുള്ളൂ എന്ന് ചിത്രത്തിൽ ഒരിടത്ത് ദിലീഷ് പോത്തന്റെ കഥാപാത്രമായ സെക്രട്ടറി അവറാൻ പറയുന്നുണ്ട്. ഈ ഒരൊറ്റ ഡയലോഗിൽ തന്നെയുണ്ട് ആ കുടുംബത്തിന് തോക്കുകളും വേട്ടയുമൊക്കെ എത്രത്തോളം പ്രിയമേറിയതാണെന്നറിയാൻ.
റൈഫിൾ ക്ലബ്ബിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്റെ മേക്കിങ് തന്നെയാണ്. തുടക്കം മുതൽ ഒടുക്കം വരെ ഒരിടത്തുപോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ കൊണ്ടുപോകാൻ സംവിധായകൻ ആഷിഖ് അബുവിനായി. ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകന് പരിചയപ്പെടുത്തി കൊടുത്തിരിക്കുന്ന രീതി തന്നെ വ്യത്യസ്തമാണ്. ചില സീനുകളിലൊക്കെ ഒരു വൗ എലമെന്റും സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
സംഗീതം, പശ്ചാത്തല സംഗീതം, സിനിമാറ്റോഗ്രഫി, ആക്ഷൻ, ഡാൻസ് അങ്ങനെയെല്ലാം നന്നായി തന്നെ വർക്കായിട്ടുണ്ട് സിനിമയിൽ. വളരെ ചെറിയൊരു കഥയെ മേക്കിങ്ങിലൂടെ വിസ്മയിപ്പിച്ചു എന്ന് വേണം പറയാൻ. ശ്യാം പുഷ്കരൻ, ദിലീഷ് കരുണാകരൻ, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഹ്യൂമറുകളും നന്നായി വർക്കായിട്ടുണ്ട്.
ആദ്യ പകുതിയും രണ്ടാം പകുതിയും ഒരുപോലെ തന്നെ മികച്ചു നിന്നു. ക്ലൈമാക്സ് രംഗം മാത്രമാണ് കുറച്ചുകൂടി എഫക്ടീവ് ആക്കാമായിരുന്നു എന്ന് തോന്നിയത്. പ്രത്യേകിച്ച് അനുരാഗ് കശ്യപിന്റെ സീനിൽ. നല്ല രസമായി കൊണ്ടുവന്നിട്ട് പെട്ടെന്ന് സിനിമ തീർക്കാൻ വേണ്ടി തട്ടിക്കൂട്ടിയതു പോലെ ഫീൽ ചെയ്തു. ആദ്യം ബിൽഡ് ചെയ്ത് കൊണ്ടുവന്ന ആഴം ക്ലൈമാക്സിലേക്ക് എത്തിയപ്പോൾ തോന്നിയില്ല എന്നതാണ് ഒരു ചെറിയ പോരായ്മയായി പറയാനുള്ളത്.
എടുത്തു പറയേണ്ട മറ്റൊന്ന് സിനിമയുടെ കാസ്റ്റിങ് ആണ്. സിനിമയിൽ വന്നു പോകുന്ന എല്ലാവർക്കും അവരവരുടേതായ സ്ക്രീൻ സെപ്യ്സ് സംവിധായകൻ ഒരുക്കിയിട്ടുണ്ട്. കാസ്റ്റിങിൽ ഒരിടത്തു പോലും സംവിധായകന് പിഴച്ചിട്ടുമില്ല. സെക്രട്ടറി അവറാനായി ദിലീഷ് പോത്തൻ ജീവിക്കുകയായിരുന്നു എന്ന് വേണം പറയാൻ. അവറാന്റെ ഇമോഷൻസും ഹീറോയിസവുമെല്ലാം ദിലീഷ് പോത്തനിൽ ഭദ്രമായിരുന്നു. വളരെ സൂക്ഷ്മമായി തന്നെയാണ് അവറാന്റെ ഓരോ നീക്കവും ദിലീഷ് കൈകാര്യം ചെയ്തിരിക്കുന്നത്.
മറ്റു കഥാപാത്രങ്ങളിലൂടെ അവറാൻ എന്ന കഥാപാത്രത്തേക്കുറിച്ച് പ്രേക്ഷകർക്ക് കൂടുതൽ ക്ലൂ നൽകുന്നുണ്ട് സംവിധായകൻ. ദിലീഷ് പോത്തനൊപ്പം കട്ടയ്ക്ക് നിന്ന് കസറിയിട്ടുണ്ട് വില്ലനായെത്തിയ അനുരാഗ് കശ്യപും. വളരെ വ്യത്യസ്തനായ ഒരു വില്ലനാണ് ചിത്രത്തിലെ അനുരാഗ് കശ്യപിന്റേത്. മംഗലാപുരംകാരനായ ദയാനന്ദൻ എന്ന വില്ലനായി അനുരാഗ് അക്ഷരാർഥത്തിൽ ഞെട്ടിച്ചു. സ്വന്തം ആൺ മക്കളെ അയാൾ കാണുന്ന രീതി പോലും വ്യത്യസ്തമാണ്.
അതിൽ തന്നെ അയാളുടെ കാരക്ടർ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാണ്. മക്കളുടെ മരണത്തിൽ പോലും അയാൾ കാണിക്കുന്ന നിലപാടും പ്രകടിപ്പിക്കുന്ന ഭാവവുമെല്ലാം പ്രേക്ഷകന് ഒരു പുതുമ സമ്മാനിക്കുന്നുണ്ട്. സ്വയം കടുവയാണെന്ന് പറഞ്ഞെത്തി അവറാനും കുടുംബത്തിനുമൊപ്പം പിടിച്ചു നിൽക്കുന്നുണ്ട് അയാൾ. മറ്റൊരു കഥാപാത്രം വിജയരാഘവന്റെ ലോനപ്പനാണ്. പന്നി കാലിൽ കുത്തി വീൽ ചെയറിലാണെങ്കിലും വീറും വാശിയുമുള്ള ഉശിരൻ അപ്പനായി വിജയരാഘവനും തകർത്തു. മറ്റു കഥാപാത്രങ്ങളായ വിഷ്ണു അഗസ്ത്യ, ഹനുമാൻ കൈൻഡ് (സൂരജ്), സുരേഷ് കൃഷ്ണ, വിനീത് കുമാർ, റംസാൻ, പ്രശാന്ത് മുരളി തുടങ്ങിയവരും അവരവരുടെ ഭാഗങ്ങൾ മികച്ചതാക്കി.
ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്കും സെപ്യ്സ് കൊടുത്തിട്ടുണ്ട് ആഷിഖ് അബു. വളരെ ബോൾഡായി പുരുഷൻമാർക്കൊപ്പം തന്നെ നിൽക്കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലെ ഓരോ സ്ത്രീകളും. ഇട്ടിയാനമായെത്തിയ വാണി വിശ്വനാഥും, ഉണ്ണിമായയും സുരഭി ലക്ഷ്മിയും ദർശന രാജേന്ദ്രനും പൊന്നമ്മ ബാബുവുമെല്ലാം അവരവരുടെ റോളുകളിൽ നൂറ് ശതമാനവും നീതി പുലർത്തി.
സിനിമയുടെ നട്ടെല്ല് പശ്ചാത്തല സംഗീതമാണ്. റെക്സ് വിജയനാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയിരിക്കുന്നത്. ഓരോ സന്ദർഭത്തിനും ഏറ്റവും മാച്ചാകുന്ന തരത്തിലാണ് റെക്സ് ബാക്ക്ഗ്രൗണ്ട് സ്കോർ കൈകാര്യം ചെയ്തിരിക്കുന്നത്. കൈയ്യടി അർഹിക്കുന്ന മറ്റൊന്ന് ചിത്രത്തിന്റെ ഛായാഗ്രഹണമാണ്.
സംവിധായകൻ ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വയനാടിന്റെ ദൃശ്യഭംഗി നിറഞ്ഞു തുളുമ്പുന്നതാണ് ചിത്രത്തിന്റെ ഓരോ ഫ്രെയിമും. കാടിനടുത്തുള്ള വലിയ വീടും തോക്കുകൾ സൂക്ഷിച്ചിരിക്കുന്ന അറയുമെല്ലാം സിനിമ കഴിഞ്ഞാലും പ്രേക്ഷക മനസിൽ തങ്ങി നിൽക്കും. ചിത്രത്തിലെ ക്ലോസ്അപ് ഷോട്ടുകളും ഗംഭീരമായി തന്നെ ആഷിഖ് ചെയ്തിട്ടുണ്ട്. എഡിറ്റിങ്, ആക്ഷൻ എന്നിവയും അഭിനന്ദനാർഹമാണ്. ആക്ഷൻ രംഗങ്ങളും കുറച്ച് പുതുമകൾ സമ്മാനിക്കുന്നുണ്ട് പ്രേക്ഷകന്.
പ്രത്യേകിച്ച് റോപ്പിലൂടെ വന്ന് വെടിവയ്ക്കുന്ന ദിലീഷിന്റെയും കൂട്ടരുടേയും പെർഫോമൻസൊക്കെ രോമാഞ്ചം നൽകുന്നതാണ്. ഒന്നിച്ചു നിന്നാൽ മെഷീൻ ഗണ്ണിനേക്കാളും പവർ നാടൻ തോക്കുകൾക്ക് തന്നെയാണെന്ന് പറഞ്ഞു വയ്ക്കുകയാണ് സംവിധായകൻ. തീർച്ചയായും മികച്ചൊരു തിയറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ചിത്രമാണ് റൈഫിൾ ക്ലബ്ബ്, ഈ ക്രിസ്മസ് കാലത്ത് കണ്ടിരിക്കാനാകുന്ന നല്ലൊരു ആഷിഖ് അബു ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates