മാസങ്ങൾ നീണ്ട പ്രതിസന്ധികൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ വിജയ് ചിത്രം 'ജന നായകൻ' പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. എല്ലാ ദളപതി വിജയ് ചിത്രങ്ങൾക്കും ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് ജന നായകനും ആദ്യ ദിവസം തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. വിജയ് നായകനായെത്തുന്ന ഒരു സിനിമ ഇനി തങ്ങൾക്കൊരിക്കലും എഫ്ഡിഎഫ്എസ് കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം കൂടി ആരാധകർ സിനിമ കഴിഞ്ഞ ശേഷം പങ്കുവെക്കുന്നുണ്ട്.
അതേസമയം, എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. വിജയ്‌യുടെ പെർഫോമൻസും മമിത ബൈജുവിന്റെ സീനുകളുമെല്ലാം കയ്യടി നേടുന്നുണ്ടെങ്കിലും വിജയ്‌യുടെ രക്ഷകൻ പടം തന്നെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
സിനിമ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ലക്ഷ്യം വെച്ച് തന്നെയുള്ളതാണെന്നും ഡയലോഗുകളിൽ അവ തെളിഞ്ഞു നിൽക്കുന്നുണ്ട് എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തരത്തിലുള്ള എല്ലാ ഘടകങ്ങളും ചേർത്തു കൊണ്ടാണ് എച്ച് വിനോദ് ചിത്രമൊരുക്കിയിരിക്കുന്നതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
ദളപതിയുടെ 'ലാസ്റ്റ് ഡാൻസ്' അതിഗംഭീരമായിരുന്നുവെന്നും സിനിമ കണ്ട പലരും അഭിപ്രായപ്പെട്ടു. നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ കഥയിലെ ചില ഭാഗങ്ങൾ ജന നായകനിൽ ഉണ്ടെങ്കിലും സിനിമ പൂർണമായും ആ രീതിയിലാണ് സഞ്ചരിക്കുന്നത് എന്നും പ്രേക്ഷകർ വ്യക്തമാക്കുന്നുണ്ട്. സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങൾ ഉയരുന്നുണ്ടെങ്കിലും അതൊന്നും കളക്ഷനെ ബാധിക്കില്ലെന്ന് പറയുന്നവരും ഏറെയാണ്.
'അണ്ണന്റെ ലാസ്റ്റ് ഡാൻസ് കാണാൻ കുട്ടികളുമായി എത്തുന്നവർ ഉണ്ട്. ഇതൊരു എ സർട്ടിഫിക്കറ്റ് പടമാണ്. കൈ വെട്ട്, കൂട്ട ആക്രമണം തുടങ്ങി സകലതും പടത്തിലുണ്ട്. കുട്ടികളുമായി കാണാൻ പറ്റിയ പടമല്ല ഇതെന്നും' ചിലർ കുറിച്ചിട്ടുണ്ട്. 'വിജയ്‌യോടുള്ള ഇഷ്ടം കൊണ്ടു മാത്രം കണ്ടിരിക്കാവുന്നൊരു പടം....!
കഥയോ തിരക്കഥയോ നോക്കി പോയാൽ അടിമുടി നിരാശപെടേണ്ടി വരുന്നതും, അതല്ല ചുമ്മാ "വിജയ്‌യുടെ അവസാന പടമല്ലേ തിയറ്ററിൽ കണ്ടേക്കാം " എന്ന രീതിയിൽ പോയാൽ ഇഷ്ടാകുന്നൊരു ഐറ്റം...' എന്നൊക്കെയാണ് മറ്റു ചിലർ കുറിച്ചിരിക്കുന്നത്. അതേസമയം ബോബി ഡിയോളിന്റെ വേഷത്തെ വിമർശിക്കുന്നവരും കുറവല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates