ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ അധികം രംഗങ്ങളില്ലെങ്കിലും വരുന്ന രംഗങ്ങളിലെല്ലാം സ്‌കോര്‍ ചെയ്ത താരമാണ് വിനയ് ഫോര്‍ട്ട്. മമിത ബൈജു അവതരിപ്പിക്കുന്ന ആഷ്‌ലിയുടെ അമ്മാവനായിട്ടാണ് വിനയ് ഫോര്‍ട്ട് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പിച്ചക്കാരനായി അഭിനയിച്ചതിനെക്കുറിച്ചുള്ള വിനയ് ഫോര്‍ട്ടിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
കഥയില്‍ ഒരു സീനില്‍ മാത്രമേ പിച്ചക്കാരനായി വേഷം മാറുന്നുള്ളൂവെങ്കിലും പതിനഞ്ച് ദിവസത്തോളം താന്‍ പിച്ചക്കാരനായി വേഷമിട്ട് നിന്നിരുന്നുവെന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. മിര്‍ച്ചി മലയാളത്തിന് നല്‍കുന്ന അഭിമുഖത്തിലാണ് വിനയ് ഫോര്‍ട്ട് മനസ് തുറന്നത്.
''ഗിരീഷ് വിളിച്ചിട്ട് ചേട്ടാ ഇതുപോലൊരു കഥാപാത്രമുണ്ട്, ഒന്ന് കേള്‍ക്കാമോ എന്ന് ചോദിച്ചു. ഞാന്‍ പോയി കേട്ടു. ഭയങ്കര സ്‌ക്രീന്‍ സ്‌പേസ് ഇല്ലെങ്കിലും ഏറ്റവും പ്രൊമിനന്റ് ആയ കഥാപാത്രമാണ്. പിന്നെ ഗിരീഷിന്റെ ജോണറാണ്. ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ആണ്. ചേട്ടാ പടത്തിന്റെ ക്ലൈമാക്‌സ് നടക്കുന്നത് കുടുംബ യൂണിറ്റിന്റെ കൂട്ടായ്മയുടെ പരിപാടിയ്ക്കിടെയാണ്. ആ ഭാഗത്ത് ചേട്ടന്‍ പിച്ചക്കാരനായി ഏകാംഗ നാടകം ചെയ്യാന്‍ വരുന്നുണ്ടെന്ന് പറഞ്ഞു. അത് വേറെ കളറാകും, നല്ലതാണെന്ന് ഞാനും പറഞ്ഞു'' വിനയ് ഫോര്‍ട്ട് പറയുന്നു.
''എനിക്ക് ആകെ 15 ദിവസമേ ഡേറ്റ് പറഞ്ഞിട്ടുള്ളൂ. അതില്‍ ഒരു ദിവസം മാത്രമേ പിച്ചക്കാരനായിട്ട് കാണൂവെന്നാണ് കരുതിയത്. പക്ഷെ ഇവര്‍ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് 15 ദിവസമാണ്. ഈ പതിനഞ്ച് ദിവസവും ഞാന്‍ ഫുള്‍ കറുപ്പിച്ച് പിച്ചക്കാരനായി നില്‍ക്കുകയായിരുന്നു. ഒരേ സമയം 10-15 ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ ഷൂട്ട് ഉണ്ടാകും. ചില ദിവസങ്ങളില്‍ ഷൂട്ട് ഉണ്ടാകില്ല. ചില ദിവസങ്ങളില്‍ പിറകില്‍ നില്‍ക്കുകയാകും. പക്ഷെ 15 ദിവസവും നമ്മള്‍ അവിടെ പ്രസന്റ് ആയിരിക്കണം'' എന്നും വിനയ് ഫോര്‍ട്ട് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates