രാത്രി 12 മണിക്ക് റോഡിലൂടെ കാറിൽ പോകുന്ന സമയത്താണ് സംവിധായകൻ വിനോദ് കാപ്രി ഒരു കാഴ്ച കാണുന്നത്. ബാഗും തോളിലിട്ട് റോഡിലൂടെ ഓടുന്ന യുവാവ്. പാതിരാതിരിയിലെ ഓട്ടം കണ്ട് പിന്നാലെ കൂടിയ വിനോദ് കാപ്രിയോട് അവൻ തന്റെ ജീവിതം പറഞ്ഞു, അതും ഓടിക്കൊണ്ടുതന്നെ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.
19 കാരനായ പ്രദീപ് മെഹ്റ എന്ന യുവാവിന്റേതാണ് വൈറലായ വിഡിയോ. ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് 10 കിലോമീറ്ററാണ് പ്രദീപ് ദിവസവും ഓടുന്നത്. പട്ടാളത്തിൽ കയറണമെന്നാണ് പ്രദീപിന്റെ ആഗ്രഹം. ഇതിനുള്ള ആരോഗ്യക്ഷമത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ദിവസേനയുള്ള ഓട്ടം. വീട്ടിലെ കാര്യവും ജോലിയുമായി കഴിയുന്ന പ്രദീപിന് ഓടാൻ കിട്ടുന്ന ഏക സമയം ഇതാണ്. വീട്ടിൽ കാറിൽ കൊണ്ടുചെന്നാക്കാമെന്ന് വിനോദ് കാപ്രി പലപ്രാവശ്യം പറഞ്ഞെങ്കിലും താൻ ഓടിക്കൊള്ളാമെന്നും ഇത് എല്ലാ ദിവസവും ചെയ്യുന്നതാണെന്നുമായിരുന്ന മറുപടി. ഇതോടെ പ്രദീപിനൊപ്പം കാർ ഓടിച്ചുകൊണ്ട് കൂടുതൽ വിവരങ്ങൾ വിനോദ് കാപ്രി തിരക്കുകയായിരുന്നു.
ഉത്തരാഖണ്ഡുകാരനായ പ്രദീപ് മെഹ്റ ഇപ്പോൾ ഉത്തർപ്രദേശിലെ ബരോലയിലാണ് താമസം. നോയിഡയിലെ ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്ലറ്റിലാണ് ജോലി. ഇതു കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ് ഇയാൾ. 10 കിലോമീറ്ററിലേറെ ദൂരം ഓടിയാണ് പോവുക. ആർമിയിൽ ചേരുക എന്നതാണ് പ്രദീപിന്റെ സ്വപ്നം. അതിനു വേണ്ടിയുള്ള പരിശീലനത്തിന്റെ ഭാഗമാണ് ഇത്. അമ്മ ആശുപത്രിയിലാണ്. ചേട്ടനൊപ്പമാണ് ഇപ്പോൾ താമസം. ആഹാരം ഉണ്ടാക്കേണ്ടതിനാൽ രാവിലെ വ്യായാമം ചെയ്യാൻ സമയമില്ലെന്നും അതിനാലാണ് രാത്രി ഓടുന്നതെന്നും പ്രദീപ് പറയുന്നു.
കാപ്രി അത്താഴം വാഗ്ദാനം ചെയ്തെങ്കിലും പ്രദീപ് അതും നിരസിച്ചു. സഹോദരന് രാത്രി ഷിഫ്റ്റായതുകൊണ്ട് ഭക്ഷണമുണ്ടാക്കാനാവില്ലെന്നും താൻ ചെന്ന് ആഹാരം ഉണ്ടാക്കിയില്ലെങ്കിൽ അദ്ദേഹം പട്ടിണിയാകും എന്നുമാണ് പറഞ്ഞത്. ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുമെന്നും വൈറലാകുമെന്നും കാപ്രി പറയുന്നുണ്ട്. കുഴപ്പമില്ലെന്നും താൻ തെറ്റായി ഒന്നും ചെയ്യുന്നില്ലല്ലോ എന്നുമാണ് പ്രദീപിന്റെ മറുപടി. കാപ്രി ട്വീറ്റ് ചെയ്ത് വിഡിയോ ഇതുവരെ 64 ലക്ഷത്തിൽ അധികം പേരാണ് കണ്ടത്. ജീവിതയാഥാർഥ്യങ്ങളോടുള്ള ഒരു ചെറുപ്പക്കാരന്റെ പോരാട്ട വീര്യത്തിന്റെ തെളിവായിട്ടാണ് പ്രദീപിനെ വാഴ്ത്തുന്നത്. സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ നിരവധി പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates