ബിയര്‍ കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്‍...; നിയമസഭയ്ക്കുള്ളില്‍ നിരോധിത വസ്തുക്കള്‍ എത്തിയത് പലതവണ!

സഭയിലെ ചട്ടങ്ങള്‍ പ്രകാരം ആവശ്യമില്ലാത്ത വടിയോ തൊപ്പിയോ പോലും അകത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല
niyamasabha
Kerala Assembly
Updated on: 
2 min read

തിരുവനന്തപുരം: നിയമസഭ എന്ന് കേള്‍ക്കുമ്പോള്‍ ഗൗരവമുള്ള ചര്‍ച്ചകളും ബഹളങ്ങളും മാത്രമാണ് നമ്മുടെ ഓര്‍മയില്‍ വരുന്നത്. എന്നാല്‍ ജനാധിപത്യത്തിന്റെ ഈ ശ്രീകോവിലില്‍ 'ഒളിച്ചു കടത്തിയ' സാധനങ്ങള്‍ കേട്ടാല്‍ ആരും ഒന്നു ഞെട്ടും. ചിലപ്പോള്‍ ചിരിച്ചുപോവുകയും ചെയ്യും. ബിയര്‍ കുപ്പികള്‍, കഞ്ചാവ് പൊതി, ഗ്രനേഡ് ഷെല്ലുകള്‍, തീപ്പെട്ടി, ഫൈബര്‍ ലാത്തി... അങ്ങനെ നീളുന്നു സഭയ്ക്കുള്ളില്‍ രഹസ്യമായി എത്തിയ 'നിരോധിത' സാധനങ്ങളുടെ ലിസ്റ്റ്. തിങ്കളാഴ്ച സഭയില്‍ നടന്ന ചില സംഭവങ്ങളും പഴയ ഓര്‍മകളും പങ്കുവച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് രസകരമായ വിവരങ്ങള്‍ പുറത്തുവിട്ടത്.

പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധിക്കാന്‍ സിപിഎം എംഎല്‍എ വി ജോയ് തകര്‍ന്ന ഒരു ഫൈബര്‍ ലാത്തിയുമായി സഭയിലെത്തിയതായിരുന്നു ഈ കഥകളുടെയെല്ലാം തുടക്കം. സഭയില്‍ ഇത്തരം സാധനങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മുന്‍കാലങ്ങളില്‍ സഭയില്‍ നടന്ന രസകരമായ സംഭവങ്ങള്‍ സ്പീക്കര്‍ റൂളിങ്ങിലൂടെ ഓര്‍ത്തെടുത്തത്. പ്രതിപക്ഷത്തിരുന്ന കാലത്ത് താനും സഭയിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോയിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ തമാശരൂപേണ സമ്മതിച്ചത് ഭരണ-പ്രതിപക്ഷ ബെഞ്ചുകളില്‍ ഒരുപോലെ ചിരി പടര്‍ത്തി.

ഗ്രനേഡുകള്‍ പോലുള്ള സ്‌ഫോടകവസ്തുക്കള്‍ സഭയിലേക്ക് കൊണ്ടുവരുന്നതിനെതിരെ 2005ല്‍ പുറപ്പെടുവിച്ച റൂളിങ്ങും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുന്‍കാലങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, ഇത്തരം പ്രവണതകളില്‍ നിന്ന് അംഗങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ആഹ്വാനം ചെയ്തു. എന്നാല്‍, ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ വലിയൊരു കഥ തന്നെയുണ്ടായിരുന്നു. ബിയര്‍ കുപ്പികള്‍ സഭയ്ക്കുള്ളില്‍ കൊണ്ടുവന്നത് ആരാണ്? മറ്റാരുമല്ല, സാക്ഷാല്‍ തിരുവഞ്ചൂര്‍ തന്നെ!

'1999ല്‍ ആണന്ന് തോന്നുന്നു. ടി ശിവദാസമേനോന്‍ ആയിരുന്നു ധനകാര്യ മന്ത്രി. ബിയറിലെ ആല്‍ക്കഹോളിന്റെ അളവ് 9 ശതമാനത്തില്‍ താഴെയായിരിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. 'കലാപാനി' എന്ന ബ്രാന്‍ഡിനെക്കുറിച്ചായിരുന്നു അന്ന് സഭയില്‍ ചര്‍ച്ച. അനുവദനീയമായ പരിധിയിലും കുറവാണ് അതിലുള്ളതെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ അത് ഇരട്ടിയിലധികമാണെന്ന് ഞാന്‍ വാദിച്ചു. 15 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ആ കുപ്പികള്‍ ഞാന്‍ സഭയില്‍ പ്രദര്‍ശിപ്പിച്ചു,' തിരുവഞ്ചൂര്‍ 'ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി'നോട് പറഞ്ഞു.

kerala assembly
തിരുവഞ്ചൂര്‍ മാത്രമല്ല, മറ്റു ചിലരും സഭയിലേക്ക് ഗ്രനേഡുകള്‍ കൊണ്ടുവന്നിട്ടുണ്ട്

പ്രതിപക്ഷത്തിരുന്ന കാലത്ത് അദ്ദേഹം സഭയിലേക്ക് ഒരു ഗ്രനേഡും കൊണ്ടുവന്നിരുന്നു. 'യൂണിവേഴ്‌സിറ്റി കോളജിന് സമീപം നില്‍ക്കുമ്പോഴാണ് ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ വീണുകിടക്കുന്നത് കണ്ടത്. ഞാന്‍ അത് സഭയിലേക്ക് എടുത്തു കൊണ്ടുപോവുകയായിരുന്നു. അന്ന് സഭയില്‍ അതൊരു റൂളിങ്ങിന് കാരണമായി' അദ്ദേഹം ഓര്‍ത്തു. യഥാര്‍ഥത്തില്‍ തിരുവഞ്ചൂര്‍ മാത്രമല്ല, മറ്റു ചിലരും സഭയിലേക്ക് ഗ്രനേഡുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് ടിഎം ജേക്കബ് 2005ല്‍ നിയമസഭയില്‍ ഒരു ഗ്രനേഡിന്റെ ഷെല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അത് സഭയിലേക്ക് കൊണ്ടുവന്ന് അദ്ദേഹത്തിന് കൈമാറിയത് ഇന്നത്തെ മന്ത്രി ഷിബു ബേബി ജോണ്‍!

ആരാണ് കഞ്ചാവ് സഭയ്ക്കുള്ളില്‍ എത്തിച്ചതെന്ന് കൃത്യമായി ആര്‍ക്കും ഓര്‍മയില്ലെങ്കിലും, 1987ല്‍ ഇടുക്കിയില്‍ നിന്നുള്ള ഒരു എംഎല്‍എയാണ് അത് ചെയ്തതെന്ന് നിയമസഭയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഓര്‍ക്കുന്നു. 'കഞ്ചാവ് കൈവശം വെക്കുന്നത് കുറ്റകരമാണ്. അതിനാല്‍ അത് പിടിച്ചെടുത്ത് എക്‌സൈസ് വകുപ്പിന് കൈമാറുകയായിരുന്നു. അതുപോലെ, ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഒരു ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ലോനപ്പന്‍ നമ്പാടന്‍ ഒരിക്കല്‍ സഭയില്‍ തീപ്പെട്ടി കൊളുത്താന്‍ ശ്രമിച്ചു. അന്നത്തെ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നമ്പാടന്‍ ആ ബില്ലിന് തീയിടാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനോട് തീ അണയ്ക്കാനും അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനും ആവശ്യപ്പെടുകയായിരുന്നു' -ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സഭയിലെ ചട്ടങ്ങള്‍ പ്രകാരം ആവശ്യമില്ലാത്ത വടിയോ തൊപ്പിയോ പോലും അകത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്നിരിക്കെയാണ് ഇത്തരം വസ്തുക്കള്‍ അവിടെയെത്തിയത്. ഏതായാലും, പഴയ കാലത്തെ ഈ ഒളിച്ചു കടത്തല്‍ കഥകള്‍ ഇപ്പോള്‍ നിയമസഭയില്‍ ചിരിക്ക് വക നല്‍കിയിരിക്കുകയാണ്.

niyamasabha
അറിയുമോ? ഇങ്ങനെയും ഒരു രാഷ്ട്രീയകാലമുണ്ടായിരുന്നു
niyamasabha
ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍
niyamasabha
കാരൂര്‍: അധ്യാപക വ്യഥകളുടെ കഥാകാരന്‍
Summary

Beer, Cannabis, and Grenades: Banned Items Brought into Kerala Assembly Over the Years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Muhammed Aslam
pet dog
Top 5 News Today
Ebin Paul
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com