രണ്ടായിരങ്ങളുടെ തുടക്കത്തില്‍ ബോളിവുഡിലെ സെന്‍സേഷന്‍ ആയിരുന്നു വിവേക് ഒബ്‌റോയ്. കമ്പനി മുതല്‍ സാത്തിയ വരെയുള്ള സിനിമകളിലൂടെ തന്നിലെ നടനേയും താരത്തേയും അടയാളപ്പെടുത്തിയിരുന്നു വിവേക് ഒബ്‌റോയ്. അടുത്ത സൂപ്പര്‍ താരമാകാനുള്ളതെല്ലാം വിവേകിന്റെ പക്കലുണ്ടായിരുന്നു. കഴിവും സൗന്ദര്യവും എവിടെ ചെന്നാലും ഒരുമാത്ര കാണാന്‍ ഓടിക്കൂടുന്ന വലിയൊരു ആരാധകവൃന്ദവും.
എന്നാല്‍ 2003 ല്‍ നടത്തിയൊരു പത്രസമ്മേളനത്തോടെ വിവേക് ഒബ്‌റോയിയുടെ കരിയറും ജീവിതവും കീഴ്‌മേല്‍ മറിഞ്ഞു. ഒരൊറ്റ രാത്രി ഇരുട്ടിവെളുക്കുമ്പോഴും ബോളിവുഡിന്റെ ഹാര്‍ട്ട്‌ത്രോബ് വെറുക്കപ്പെട്ടവനായി മാറി. സാക്ഷാല്‍ സല്‍മാന്‍ ഖാനെതിരെ സംസാരിച്ചതാണ് വിവേകിനെ ബോളിവുഡിന് അനഭിമതനാക്കിയത്.
സല്‍മാന്‍ ഖാന്‍ തന്നെ വേട്ടയാടുന്നുവെന്നും സിനിമകള്‍ ഇല്ലാതാക്കുന്നുവെന്നുമാണ് വിവേക് ഒബ്‌റോയ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. തന്റെ കാമുകിയും സല്‍മാന്റെ മുന്‍ കാമുകിയുമായ ഐശ്വര്യ റായ്ക്ക് സല്‍മാനില്‍ നിന്നും നേരിടേണ്ടി വന്നതിനെക്കുറിച്ചും വിവേക് അന്ന് വെളിപ്പെടുത്തി. തന്നെ ചേര്‍ത്തു നിര്‍ത്തുമെന്ന് വിവേക് കരുതിയ ബോളിവുഡ് പക്ഷെ അതോടെ വിവേകിനെതിരെ മുഖം തിരിച്ചു. ഐശ്വര്യയുമായുള്ള പ്രണയ ബന്ധവും അതോടെ അവസാനിച്ചു.
സല്‍മാന്‍ ഖാനെതിരെ നടത്തിയ ആ പത്രസമ്മേളനത്തിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് വിവേക് ഒബ്‌റോയ്. ''എനിക്ക് സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തിരിക്കുകയോ അവയെ കാര്യമാക്കുകയോ ചെയ്യുന്നില്ല ഇന്ന്. മറക്കാന്‍ സാധിക്കാത്തത് അമ്മയുടെ മുഖവും അച്ഛന്റെ പ്രതികരണവുമാണ്. അമ്മയുടെ കണ്ണിലെ കണ്ണീര് മറക്കാന്‍ സാധിക്കുന്നില്ല. അതും മറക്കാനായിരുന്നു ശ്രമം. ആ ഓര്‍മകള്‍ കൂടുതല്‍ നെഗറ്റീവ് ചിന്തകള്‍ ആണ് നല്‍കിയിരുന്നത്'' വിവേക് ഒബ്‌റോയ് പറയുന്നു.
''ഒരു ഘട്ടത്തില്‍ എല്ലാവരും എന്നെ ബോയ്‌ക്കോട്ട് ചെയ്യാന്‍ തുടങ്ങി. എനിക്കൊപ്പം ജോലി ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ല. നേരത്തെ തന്നെ ഒപ്പിട്ട സിനിമകളില്‍ നിന്നു പോലും എന്നെ പുറത്താക്കി. ഭീഷണിപ്പെടുത്തുന്ന കോളുകള്‍ പതിവായി. എന്റെ സഹോദരിയ്ക്കും അമ്മയ്ക്കും അച്ഛനും വരെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകള്‍ വന്നിരുന്നു'' താരം പറയുന്നു. അന്നത്തെ വിവാദങ്ങള്‍ക്കിടെയാണ് വിവേകും ഐശ്വര്യയും പിരിയുന്നത്. ഇരുവരും പിന്നീട് തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തിയെങ്കിലും ആ സമയം അതിജീവിക്കുക വിവേക് ഒബ്‌റോയ്ക്ക് വലിയ കടമ്പയായിരുന്നു.
''അതിന് പുറമെ എന്റെ വ്യക്തി ജീവിതം ആകെ തകര്‍ന്നു. ഞാന്‍ വിഷാദരോഗിയായി. എല്ലാ മമ്മാസ് ബോയ്‌സിനേയും പോലെ ഞാനും അമ്മയുടെ അടുത്ത് ചെന്നിരുന്ന് കുറേ കരഞ്ഞു. എന്തുകൊണ്ട് ഞാന്‍? എന്ന് ചോദിച്ചുകൊണ്ടിരുന്നു. നീ അവാര്‍ഡുകള്‍ നേടുമ്പോഴും സിനിമ ചെയ്യുമ്പോഴും ആരാധകര്‍ പിന്തുടരുമ്പോഴും ആ ചോദ്യം ചോദിക്കാറുണ്ടോ എന്നായിരുന്നു അമ്മയുടെ പ്രതികരണം'' എന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വിവേക് ഒബ്‌റോയ് തിരികെ വരുന്നത് വില്ലന്‍ വേഷങ്ങളിലൂടെയാണ്. തെന്നിന്ത്യന്‍ സിനിമയിലും ഇന്ന് നിറ സാന്നിധ്യമാണ് വിവേക് ഒബ്‌റോയ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates