ടെലിവിഷന്‍ നടിയും ബിഗ് ബോസ് വിന്നറുമായ അനുമോളുടെ വിവാഹ വാര്‍ത്തയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സുരേഷ് ഗോപിയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. നടന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് അനുവും വരനും മണ്ഡപത്തിലേക്ക് കയറിയത്.
ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു അനുവിന്റെ വിവാഹം. നടി വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അനുവിന്റെ ഭാഗത്തു നിന്നും സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വരനെക്കുറിച്ചോ എവിടെ വച്ചാകും വിവാഹമെന്നോ ഒന്നും പുറത്ത് വിട്ടിരുന്നില്ല. എല്ലാം പിന്നീട് അറിയിക്കാമെന്നാണ് അനുമോള്‍ വിവാഹ ശേഷം പറഞ്ഞത്.
അനുമോള്‍ വിവാഹിതയായെന്ന വാര്‍ത്ത പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയും ആരാധകരും തെരഞ്ഞത് വരനെക്കുറിച്ചാണ്. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷാണ് അനുവിന്റെ വരന്‍. ഭുവനേഷ് നടനും മോഡലുമാണ്. തമിഴ് ടെലിവിഷന്‍ പരമ്പരകളിലെ നിറ സാന്നിധ്യമാണ്. തമിഴ് പരമ്പരകളിലൂടെ മലയാളികള്‍ക്കും ഭുവനേഷിനെ അറിയാം.
വരനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടപ്പോഴും അനു ഭുവനേഷിനെ ടാഗ് ചെയ്തിരുന്നില്ല. എങ്കിലും സോഷ്യല്‍ മീഡിയ ആളെ തേടി കണ്ടെത്തുകയായിരുന്നു. ഭുവനേഷ് രാജേന്ദിരന്‍ എന്നാണ് മുഴുവന്‍ പേര്. നടനും മോഡലുമായ ഭുവനേഷിന് ഫാഷന്‍, ട്രാവല്‍ തുടങ്ങിയ മേഖലകളിലും താല്‍പര്യമുണ്ട്. വിവാഹത്തെക്കുറിച്ച് ഭുവനേഷും പോസ്റ്റുകളൊന്നും പങ്കുവച്ചിരുന്നില്ല. വിവാഹ ശേഷം അനുവിനൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിന്റെ വിഡിയോ പങ്കിട്ടാണ് ഭുവനേഷും വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം എന്തുകൊണ്ടാണ് താന്‍ വിവാഹ വാര്‍ത്ത രഹസ്യമാക്കി വച്ചതെന്ന് അനു നേരത്തെ വെളിപ്പെടുത്തിയിരുന്നു.
'' കല്യാണം നേരത്തെ പറയാത്തത് എന്താണെന്ന് കുറേ പേര്‍ ചിന്തിക്കും. ഇത് ഭയങ്കര സന്തോഷമുള്ള കാര്യമല്ലേ. അത് കൊട്ടിഘോഷിച്ച് നടന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാകും, ഇപ്പോള്‍ തന്നെ ഓരോന്ന് എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ. ഉള്ള സമയം ആഘോഷിക്കാനാണ് എനിക്കിഷ്ടം. ആദ്യമേ എല്ലാവരോടും പറയാതെ അവസാനം പറയാം എന്ന് കരുതി. അതുകൊണ്ടാണ് എല്ലാം കഴിഞ്ഞ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ പറയാത്തതില്‍ ഒന്നും വിചാരിക്കരുത്. എനിക്ക് നല്ലത് നടക്കണമെന്നും മോശം നടക്കണമെന്നും ആഗ്രഹിക്കുന്ന ഒരിത്തിരി ആള്‍ക്കാരുണ്ട്. അതുകൊണ്ടാണ്'' എന്നാണ് അനുമോള്‍ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates