

ഹൈദരാബാദ്: ഐപിഎഎൽ 2027 സീസൺ ലക്ഷ്യമിട്ട് ടീം പുതുക്കിപ്പണിയൽ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് ഫ്രാഞ്ചൈസികൾ. സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിനാശകാരിയായ ഓപ്പണർ അഭിഷേക് ശർമ ടീം വിടാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് അതിനിടെ പുറത്തു വരുന്നത്. ടീമിൽ താരം സന്തോഷവാനല്ല എന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഇഷാൻ കിഷനെ ക്യാപ്റ്റനാക്കാനുള്ള നീക്കമാണ് താരത്തിന്റെ അതൃപ്തിക്കിടയാക്കിയതെന്നാണ് വിവരം. 2027ലെ അന്താരാഷ്ട്ര മത്സരക്രമം കാരണം പാറ്റ് കമ്മിൻസ് കളിക്കാൻ സാധ്യതയില്ലാത്തതും വരുന്ന സീസണിലേക്ക് പുതിയൊരു ടീമിലേക്ക് മാറാൻ അഭിഷേകിനെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വിവിധ ഫ്രാഞ്ചൈസികളുമായി താരം ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. നിലവിൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്സ് ടീമുകളിലൊന്നായിരിക്കും താരം തിരഞ്ഞെടുക്കുക എന്നാണ് പ്രമുഖർ ചൂണ്ടിക്കാട്ടുന്നത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം ഫിൽ സാൾട്ടിനെ നൽകി എസ്ആർഎചിൽ നിന്നു അഭിഷേകിനെ സ്വന്തമാക്കാൻ നീക്കം നടത്തുന്നതായുള്ള വാർത്തകളും അതിനിടെ പുറത്തു വരുന്നുണ്ട്.
'ഇഷാൻ കിഷന് ക്യാപ്റ്റൻസി നൽകിയതിൽ അഭിഷേക് ശർമ എസ്ആർഎച് മാനേജ്മെന്റുമായി അസംതൃപ്തിയിലാണ് എന്നത് ഇപ്പോൾ പരസ്യമായ കാര്യമാണ്. ദീർഘകാലമായി ടീമിനൊപ്പമുള്ള അദ്ദേഹത്തിനു നായകനാകാൻ ആഗ്രഹമുണ്ടായിരുന്നു. മുംബൈ, ഗുജറാത്ത്, പഞ്ചാബ് ടീമുകൾ മുന്നിലുണ്ട് താരത്തെ സ്വന്തമാക്കാൻ. ഡൽഹി ക്യാപിറ്റൽസിലേക്ക് പോകാനും താരം ആലോചിക്കുന്നുണ്ട്. കാരണം അഭിഷേകിന്റെ മെന്ററായ യുവരാജ് സിങ് നിലവിൽ ഡൽഹി ടീമിന്റെ പരിശീലക സംഘത്തിലുണ്ട്'- എസ്ആർഎചുമായി അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ പുറത്തു വരുന്ന വാർത്തകളെ എസ്ആർഎച് ടീം തള്ളിയിട്ടുണ്ട്.
2019 മുതൽ എസ്ആർഎച് ടീമിന്റെ ഭാഗമാണ് അഭിഷേക്. നിലവിൽ താരം മറ്റൊരു ടീമിലേക്ക് ക്യാപ്റ്റൻ സ്ഥാനം മോഹിച്ചല്ല ശ്രമിക്കുന്നത്. ഒരു സാധാരണ താരമായി മാത്രം കളിക്കാനും അഭിഷേക് ഒരുക്കമാണ്.
'നിലവിൽ മറ്റ് ടീമുകളിൽ ക്യാപ്റ്റൻ ഒഴിവുകൾ ഇല്ല. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുകൾ മാത്രമാണ് ആ നിലയ്ക്ക് അഭിഷേകിനു മുന്നിലുള്ള ഓപ്ഷൻ. എസ്ആർഎചും അഭിഷേകും വേർപിരിയാൻ തീരുമാനിച്ചാൽ അദ്ദേഹം എങ്ങോട്ടു പോകും? പണം നൽകിയുള്ള ഡീലാണോ അതോ പ്ലെയർ ട്രേഡ് രീതിയാണോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്'- പുറത്തു വരുന്ന റിപ്പോർട്ടിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും വിസ്ഫോടന ശേഷിയുള്ള ഓപ്പണറാണ് അഭിഷേക്. ടി20 ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്തും അഭിഷേകുണ്ട്. ഐപിഎൽ ടീം ഉടച്ചുവാർക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതോടെ താരം വീണ്ടും ശ്രദ്ധേയിലേക്ക് വരികയാണ്.
അഭിഷേകിന്റെ ടീം മാറ്റം സംഭവിക്കാൻ ഒട്ടനവധി കാര്യങ്ങൾ അനുകൂലമായി വരേണ്ടതുണ്ട്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളായ അഭിഷേകിനെ നിലനിർത്താൻ എസ്ആർഎചിനു സാധിക്കുമോ എന്നു കണ്ടറിയണം. തീരുമാനം വൈകിയേക്കാം. എങ്കിലും നിലവിലെ സാഹചര്യത്തിൽ അഭിഷേകും ടീം മാനേജ്മെന്റും തമ്മിലുള്ള ബന്ധം സുഖകരമല്ല. ഡിസംബറിൽ ഗോവയിൽ നടക്കുന്ന ഐപിഎൽ ലേലത്തിനു മുന്നോടിയായി ടീമുകൾക്ക് താരങ്ങളെ നിലനിർത്താൻ ഇനിയും ഒരു മാസം കൂടി സമയമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates