നിര്‍മാതാവ് സാന്ദ്ര തോമസും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മലയാള സിനിമയെ തന്നെ പിടിച്ചുലയ്ക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയുടെ പേരടക്കം വിവാദത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സാന്ദ്രയും സംഘടനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും സാന്ദ്രയും ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിലുള്ള പരസ്യ പോരിലേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വാര്‍ത്തകളില്‍ നിറയുകയാണ്.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലാണ് സാന്ദ്ര തോമസ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. നിലവില്‍ സംഘടനയുടെ ട്രഷറര്‍ ആണ് ലിസ്റ്റിന്‍. ട്രഷറര്‍ എന്നതിലുപരിയായി സംഘടനയ്ക്കുള്ളില്‍ ശക്തമായ സ്വാധീനമുണ്ട് ലിസ്റ്റിന്. മലയാള സിനിമയില്‍ സമീപകാലത്ത് ലിസ്റ്റിനെപ്പോലെ സ്വാധീനവും കരുത്തും ആര്‍ജിച്ച മറ്റൊരു നിര്‍മാതാവുണ്ടാകില്ല.
മലയാള സിനിമയുടെ തലവര മാറ്റിയ തുടക്കം
ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മാതാവ് കടന്നു വരുന്നത് മലയാളത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടാണ്. 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് ആയിരുന്നു ലിസ്റ്റിന്റെ മാജിക് ഫ്രെയിംസ് നിര്‍മിച്ച ആദ്യ സിനിമ. മലയാളത്തിലെ ന്യൂജെന്‍ സിനിമകളുടെ തുടക്കമായിട്ടാണ് ട്രാഫിക്കിനെ കണക്കാക്കുന്നത്. ട്രാഫിക് നിര്‍മിക്കുമ്പോള്‍ ലിസ്റ്റിന് പ്രായം 23 മാത്രമാണ്. സിനിമാ പാരമ്പര്യമോ ഉന്നത ബന്ധങ്ങളൊന്നുമില്ലാതെയാണ് ലിസ്റ്റിന്‍ നിര്‍മാണത്തിലേക്ക് കടന്നു വരുന്നത്. ആദ്യ സിനിമ തന്നെ വലിയ ഹിറ്റാവുകയും മലയാള സിനിമയുടെ തന്നെ ലാന്റ് മാര്‍ക്കാവുകയും ചെയ്തു. പിന്നാലെ ഉസ്താദ് ഹോട്ടലിലൂടെ ദേശീയ പുരസ്‌കാരവും ലിസ്റ്റിനെ തേടി എത്തി. തുടര്‍ന്ന് ഹൗ ഓള്‍ഡ് ആര്‍ യു?, ഡ്രൈവിംഗ് ലൈസന്‍സ്, കടുവ, ജനഗണമന, കെട്ട്യോളാണെന്റെ മാലാഖ, കൂമന്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ നിര്‍മിച്ചു.
നിര്‍മാണത്തിനൊപ്പം തന്നെ വിതരണത്തിലും ലിസ്റ്റിന്‍ ശക്തമായ സാന്നിധ്യമാണ്. പേട്ട, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, കെജിഎഫ്, കാന്താര തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളുടെ കേരളത്തിലെ വിതരണം ലിസ്റ്റിനായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം ലിസ്റ്റിന്‍ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ധനുഷ് ചിത്രം മാരിയും ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ സെല്‍ഫിയും നിര്‍മിച്ചത് ലിസ്റ്റിനാണ്. പ്രിന്‍സ് ആന്റ് ഫാമില, മൂണ്‍വാക്ക് എന്നിവയാണ് ലിസ്റ്റിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍.
പൃഥ്വിരാജുമായുള്ള കൂട്ടുകെട്ട്
ലിസ്റ്റിന്റെ കരിയറിലെ വളര്‍ച്ചയില്‍ നിര്‍ണായകമാണ് പൃഥ്വിരാജുമായുള്ള സൗഹൃദം. ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും കൈ കോര്‍ത്തപ്പോഴൊക്കെ പിറന്നത് വലിയ ഹിറ്റുകളാണ്. ജനഗണമന, കടുവ, ഡ്രൈവിങ് ലൈസന്‍സ്, കാന്താര, കെജിഎഫ് തുടങ്ങിയ സിനിമകളുടെ നിര്‍മാണത്തിലും വിതരണത്തിലുമൊക്കെയായി ഇരുവരും നേട്ടം കൊയ്തു.
പ്രൊമോഷന്‍ വേദികളിലെ സരസന്‍
നിര്‍മാതാവ് എന്ന നിലയില്‍ ക്യാമറയ്ക്ക് പിന്നിലെ സാന്നിധ്യം മാത്രമായിരുന്നില്ല ലിസ്റ്റിന്‍ സ്റ്റീഫന്‍. തന്റെ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളില്‍ ലിസ്റ്റിന്‍ നിറ സാന്നിധ്യമാണ്. പൃഥ്വിരാജും ലിസ്റ്റിനും ഒരുമിച്ച് പങ്കെടുത്ത അഭിമുഖങ്ങള്‍ വലിയ ഹിറ്റായി മാറിയത് കാണാം. കുറിക്കു കൊള്ളുന്ന കൗണ്ടറുകള്‍ പറയാനുള്ള കഴിവാണ് ലിസ്റ്റിനെ പ്രൊമോഷന്‍ വേദികളിലെ ജനപ്രീയ മുഖമാക്കുന്നത്. ഓഫ് സ്‌ക്രീനില്‍ ഇത്രത്തോളം ജനപ്രീതി നേടിയെടുത്തൊരു നിര്‍മാതാവ് വേറെയുണ്ടാകില്ല.
വിവാദങ്ങളുടെ തോഴന്‍
വിവാദങ്ങള്‍ എന്നും ലിസ്റ്റിന്‍ സ്റ്റീഫനൊപ്പമുണ്ട്. ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുമ്പോഴും, നിര്‍മാതാവെന്ന നിലയില്‍ ഉയരങ്ങള്‍ താണ്ടുമ്പോഴുമെല്ലാം ലിസ്റ്റിനെ തേടി വിവാദവുമെത്തിക്കൊണ്ടിരുന്നു. ഈയ്യടുത്തിറങ്ങിയ പ്രിന്‍സ് ആന്റ് ദ ഫാമിലിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ലിസ്റ്റിന്‍ നടത്തിയ പരാമര്‍ശം വലിയൊരു വിവാദത്തിനാണ് അന്ന് തിരികൊളുത്തിയത്.
മലയാളത്തിലെ ഒരു പ്രമുഖ നടനെക്കുറിച്ചായിരുന്നു ലിസ്റ്റിന്റെ പ്രസ്താവന. നടന്റെ പ്രവര്‍ത്തി മലയാള സിനിമയെ തന്നെ ബാധിക്കുമെന്ന് പറഞ്ഞ ലിസ്റ്റിന്‍ പക്ഷെ താരത്തിന്റെ പേര് പരാമര്‍ശിക്കാന്‍ കൂട്ടാക്കിയില്ല. ഇത് വലിയ തോതിലുള്ള ഊഹാപോഹങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. അതേസമയം ലിസ്റ്റിന്‍ പേരെടുത്ത് പറയാതെ വിമര്‍ശിച്ച നടന്‍ നിവിന്‍ പോളിയാണെന്നൊരു അഭ്യൂഹവും സജീവമായി. ബേബി ഗേള്‍ എന്ന തന്റെ സിനിമയില്‍ നിന്നും നിവിന്‍ പിന്മാറിയതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഈ വാദങ്ങള്‍ ലിസ്റ്റിന്‍ നിരസിക്കുകയുണ്ടായി.
സാന്ദ്രയുമായുള്ള തുറന്ന പോര്
ഈ സംഭവത്തിന് പിന്നാലെയാണ് സാന്ദ്ര ലിസ്റ്റിനെതിരെ പരസ്യമായി രംഗത്തെത്തുന്നത്. നിര്‍മാതാക്കളുടെ സംഘടനയുടെ ട്രഷററും വിതരണക്കാരുടെ സംഘടനയുടെ പ്രസിഡന്റുമായ ലിസ്റ്റിന്റെ പ്രസ്താവന നിരുത്തരവാദിത്തപരമാണെന്ന് സാന്ദ്ര തുറന്നടിച്ചു. മലയാള സിനിമയിലെ താരങ്ങളെയാകെ സംശയത്തിന്റെ നിഴലിലാക്കുകയാണ് ലിസ്റ്റിനെന്നാണ് സാന്ദ്ര പറഞ്ഞത്.
പിന്നാലെ ലിസ്റ്റിന്‍ തമിഴ് നാട്ടില്‍ നിന്നുള്ള വട്ടിപ്പലിശക്കാരുടെ ആളാണെന്നായിരുന്നു സാന്ദ്ര ആരോപിച്ചത്. മലയാള സിനിമയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലിസ്റ്റിനിലൂടെ അവര്‍ ലക്ഷ്യമിടുന്നതെന്നും സാന്ദ്ര ആരോപിച്ചു. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി മലയാള സിനിമയെ വഞ്ചിക്കരുതെന്ന് സാന്ദ്ര ലിസ്റ്റിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക തട്ടിപ്പുകള്‍ പിടികൂടാനുള്ള ഓപ്പറേഷന്‍ കുബേര സജീവമായിരുന്നുവെങ്കില്‍ ലിസ്റ്റിന്‍ അഴിക്കുള്ളിലാകുമെന്നും സാന്ദ്ര ആരോപിച്ചു.
സാന്ദ്രയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ ലിസ്റ്റിന്‍ മാന നഷ്ടക്കേസ് നല്‍കുന്നുണ്ട്. രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ലിസ്റ്റിന്‍ സാന്ദ്രയ്‌ക്കെതിരെ കേസ് നല്‍കുന്നത്.
തെരഞ്ഞെടുപ്പ് ചൂട്
ലിസ്റ്റിനും സാന്ദ്രയും തമ്മിലുള്ള പോരിന്റെ പുതിയ അധ്യായം ആരംഭിക്കുന്നത് നിര്‍മാതാക്കളുടെ സംഘടനയുടെ തെരഞ്ഞെടുപ്പ് വേളയിലാണ്. ലിസ്റ്റിന്‍ അടക്കമുള്ള സംഘടനാ ഭാരവാഹികളുടെ സമീപനങ്ങള്‍ക്കും നിലപാടുകള്‍ക്കുമതെിരെ നിരന്തരം രംഗത്തെത്തിയിട്ടുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സാന്ദ്ര നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തള്ളി. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചിട്ടുണ്ട്. പിന്നാലെയാണ് സംഘടനയ്‌ക്കെതിരെയും നടന്‍ മമ്മൂട്ടിക്കെതിരേയും സാന്ദ്ര രംഗത്തെത്തുന്നത്.
സംഘടനയ്‌ക്കെതിരായ പരാതിയില്‍ നിന്നും പിന്നോട്ട് പോകണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് സാന്ദ്ര ആരോപിച്ചത്. സാന്ദ്രയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയത് ലിസ്റ്റിനാണ്. സംഘടനയേയും മമ്മൂട്ടിയേയും പ്രശംസിച്ചു സംസാരിക്കുന്ന സാന്ദ്രയുടെ പഴയൊരു വിഡിയോ പങ്കുവച്ചായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പേരില്‍ ലിസ്റ്റിന്‍ പങ്കുവച്ച വിഡിയോയില്‍ സുഖമില്ലാതിരുന്ന സമയത്ത് സംഘടനയിലെ എല്ലാവരും തന്നെ വിളിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സാന്ദ്ര പറയുന്നുണ്ട്. മമ്മൂട്ടിയും തന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായും സാന്ദ്ര പറയുന്നുണ്ട്.
സാന്ദ്രയ്‌ക്കെതിരെ നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റന്‍ നല്‍കിയിട്ടുള്ളത്. സംഘടനയില തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സാന്ദ്ര-ലിസ്റ്റിന്‍ പരസ്യ പോര് എങ്ങനെയാകും തെരഞ്ഞെടുപ്പിനേയും മലയാള സിനിമയെ തന്നേയും സ്വാധീനിക്കുക എന്നത് കണ്ടറിയണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates