

നിർമാതാവ് സാന്ദ്ര തോമസ് കഴിഞ്ഞ ദിവസം മമ്മൂട്ടിയെക്കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ചർച്ചയായി മാറിയിരുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിക്കെതിരെ കേസ് ഫയൽ ചെയ്തപ്പോൾ കേസുമായി മുന്നോട്ട് പോകരുതെന്നും ഇതിന് താൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്ന് മമ്മൂട്ടി പിന്മാറിയെന്നുമായിരുന്നു സാന്ദ്ര അഭിമുഖത്തിൽ പറഞ്ഞത്.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സാന്ദ്ര പറയുന്ന ഒരു പഴയ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്ന സമയത്ത് നടൻ മമ്മൂട്ടിയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ എല്ലാവരും വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് സാന്ദ്ര പറയുന്ന വിഡിയോ ആണ് ലിസ്റ്റിൻ പങ്കുവെച്ചിരിക്കുന്നത്.
'ഓൾഡ് ഈസ് ഗോൾഡ്' എന്ന ക്യാപ്ഷനൊപ്പമാണ് ലിസ്റ്റിൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. "അസുഖ ബാധിതയായി കിടന്നപ്പോൾ മമ്മൂക്കയെപ്പോലുള്ളവർ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചത് വലിയ സന്തോഷമുണ്ടാക്കി. സിനിമയിലുള്ളവരും വിളിച്ച് അന്വേഷിച്ചു.
എടുത്ത് പറയേണ്ട കാര്യം, സിനിമ മേഖലയിൽ സ്ത്രീകൾക്ക് വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന കുറേ പേരുണ്ട്. ഡബ്ല്യുസിസിയുണ്ട് മറ്റേ സിസിയുണ്ട് മറിച്ച സിസിയുണ്ട് എല്ലാ സിസിയുമുണ്ട്. ഒരാഴ്ച ഞാനിവിടെ ഐസിയുവിൽ കിടന്നിട്ട് സ്ത്രീ ജനം ഒരെണ്ണം തിരിഞ്ഞു നോക്കിയിട്ടില്ല.
ആ സമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ള എല്ലാ പ്രൊഡ്യൂസേഴ്സും വിളിച്ച് അന്വേഷിച്ചു".- സാന്ദ്ര തോമസ് വിഡിയോയിൽ പറഞ്ഞു. അതേസമയം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതിന് പിന്നാലെ ഈ വെളിപ്പെടുത്തലിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് സാന്ദ്രയോട് ഏഴ് ചോദ്യങ്ങളുമായി നിർമാതാവ് റെനീഷ് എൻ അബ്ദുൾ ഖാദർ രംഗത്തെത്തിയിരുന്നു.
സാന്ദ്ര തോമസിനെതിരെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. സാന്ദ്ര തോമസ് നവമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates