കാന്താര എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച സംവിധായകനാണ് ഋഷഭ് ഷെട്ടി. കാന്താരയിൽ നായകനായെത്തിയതും ഋഷഭ് തന്നെയായിരുന്നു. ഇപ്പോഴിതാ കാന്താരയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണിപ്പോൾ. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
കാന്താര രണ്ടാം ഭാഗം 1000 കോടി ക്ലബ്ബിൽ കയറുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ വിജയവും പരാജയവുമൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു.
"ആ സമയത്ത് എന്റെ ജീവിതത്തിൽ വന്ന ബിഗ് ബജറ്റ് ചിത്രമാണ് കാന്താര. അത്രയും വലിയ ബജറ്റിലുള്ള ഒരു ചിത്രം ഞാൻ അതുവരെ ചെയ്തിട്ടുമില്ല, നായകനായിട്ടുമില്ല. മാക്സിമം 3 കോടി അല്ലെങ്കിൽ 4 കോടി ബജറ്റിൽ ചിത്രങ്ങൾ ചെയ്തിരുന്ന ഒരാളായിരുന്നു ഞാൻ. ആദ്യമായിട്ട് ഒരു 15 കോടി അല്ലെങ്കിൽ 16 കോടി പടം ചെയ്യുമ്പോൾ നല്ല സമ്മർദ്ദം ഉണ്ടാകും.
കാന്താര റിലീസ് ചെയ്തതിന് ശേഷം എല്ലാവരും പറഞ്ഞു, ഇത് ചെറിയ ബജറ്റിലൊരുങ്ങിയ ചിത്രമാണ്. ചെറിയ ബജറ്റിലെടുത്ത ഒരു ചിത്രം 400 കോടി നേടി എന്നൊക്കെ വാർത്തകൾ വന്നു. എനിക്ക് ഭയങ്കര ടെൻഷനുണ്ടായിരുന്നു. ഇത് എന്താകുമെന്നോർത്ത്. അത്തരത്തിലുള്ള നമ്പർ ഗെയിമിലൊന്നും നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല.- ഋഷഭ് ഷെട്ടി പറഞ്ഞു.
അതോടൊപ്പം കാന്താര 1000 കോടി ക്ലബ്ബിൽ കയറുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തോടും ഋഷഭ് പ്രതികരിച്ചു. "ഞങ്ങൾക്ക് ഓഡിയൻസ് ക്ലബ്ബ് മതി. ഓഡിയൻസ് ക്ലബ്ബ് അല്ലെങ്കിൽ ഫാൻസ് ക്ലബ്ബ് അത് മാത്രം മതി ഞങ്ങൾക്ക്. ബാക്കിയൊന്നും നമുക്ക് പറയാൻ പറ്റില്ല.
ഒരു സിനിമ വലുതോ ചെറുതോ എന്നൊക്കെ ആക്കുന്നത് പ്രേക്ഷകരാണ്. അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. സു ഫ്രം സോ എന്നൊരു സിനിമയ്ക്ക് സംഭവിച്ചത് എന്താണെന്ന് നിങ്ങൾക്കറിയാം. കാന്താര എവിടെ നിന്ന് എങ്ങോട്ടാണ് പോയതെന്ന കാര്യവും നിങ്ങൾക്കറിയാം.
അതുപോലെ ഇപ്പോൾ ലോക എന്നൊരു സിനിമ ലോകമെമ്പാടുമെത്തി, ആ സിനിമ എങ്ങനെയാണെന്നും നിങ്ങൾക്കറിയാവുന്ന കാര്യമാണ്. അപ്പോൾ ഇതെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. അവർക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടെങ്കിൽ അവരത് വലുതാക്കും, ഇല്ലെങ്കിൽ അത് ചെറുതാകും".- ഋഷഭ് ഷെട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates