Entertainment

'അത് ശുദ്ധ അബദ്ധം ; ആ രംഗത്തിനു സാക്ഷിയായ ശാന്തി അങ്ങിനെ പറയുമെന്ന് ഞാൻ കരുതുന്നില്ല'

അത്യന്തം വികാര നിർഭരമായ ഈ രംഗത്തു ആര് ആരെ കൂവാനാണ് എന്നുകൂടി ഒന്ന് ആലോചിക്കണം

സമകാലിക മലയാളം ഡെസ്ക്

നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിന്റെ പിന്നാമ്പുറക്കഥയായി വന്ന പത്രവാർത്തയിൽ രോഷം പ്രകടിപ്പിച്ച് സംവിധായകൻ ബാലചന്ദ്രമേനോൻ.  ‘ക്ലൈമാക്സ് സീനിൽ അഭിനയിക്കാൻ വന്ന മമ്മൂട്ടിയെ കൂവണമെന്ന് സംവിധായകനായ ബാലചന്ദ്രമേനോൻ കോളജ് വിദ്യാർഥികളോട് പറഞ്ഞിരുന്നു..’ എന്ന പത്രക്കുറിപ്പ്  പങ്കുവെച്ചുകൊണ്ടാണ് ബാലചന്ദ്രമേനോൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. മമ്മൂട്ടിയെ കൂവണമെന്ന് പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിൽ വ്യാജമായി വാർത്തകൾ അച്ചടിക്കരുതെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടു.

മമ്മൂട്ടിയെ കൂവണമെന്നു ഞാൻ കോളേജ് വിദ്യാർത്ഥികളോട് പറഞ്ഞു എന്നത് ശുദ്ധ അബദ്ധം . ആ രംഗത്തിനു സാക്ഷിയായ ശാന്തി അങ്ങിനെ പറയുമെന്ന് ഞാൻ കരുതുന്നില്ല .അല്ലെങ്കിൽ തന്നെ ഈ പത്രവാർത്ത തയ്യാറാക്കിയ ആൾ ആ ചിത്രം കണ്ടിട്ടില്ല എന്ന്  ബോധ്യമായി . ആൾ സെയിന്റ്സ് കോളേജിലെ ഒരു ചടങ്ങിന് മമ്മൂട്ടിയെന്ന മന്ത്രി വരുമ്പോൾ അവിടെ വെച്ച് തന്നിൽ നിന്നും സൗന്ദര്യപ്പിണക്കത്തിൽ പിരിഞ്ഞിരിക്കുന്ന ഭാര്യയായ ശാന്തികൃഷ്ണ എന്ന കോളേജ് അദ്ധ്യാപികയെ കണ്ടുമുട്ടുന്നു. അത്യന്തം വികാര നിർഭരമായ ഈ രംഗത്തു ആര് ആരെ കൂവാനാണ് എന്നുകൂടി ഒന്ന് ആലോചിക്കണം. എരിവുള്ള ഒരു തലക്കെട്ടിനു വേണ്ടി 'മമ്മൂട്ടിയെ കൂവാൻ സംവിധായകൻ പറഞ്ഞു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു അക്ഷന്തവ്യമായ അപരാധമാണ്.’ അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

'നയം വ്യക്തമാക്കുന്നു' എന്ന എന്റെ ചിത്രത്തിന്റെ പിന്നാമ്പുറക്കഥയായി പ്രസിദ്ധീകൃതമായ ഒരു പത്ര ശകലത്തിൽ ആവശ്യമില്ലാത്ത കടന്നുകൂടിയ രണ്ടു അസത്യങ്ങൾ വായിച്ചപ്പോൾ അത് ഒന്ന് തിരുത്തണമെന്ന് തോന്നി . അതുകൊണ്ടു തന്നെ ഫെസ്ബൂക് മിത്രങ്ങൾ ആദ്യം ആ പത്രശകലം വായിക്കുക .എന്നിട്ടു എന്റെ കുറിപ്പ് വായിക്കുക ...
ഗുഡ് നൈറ്റ് മോഹൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ പിന്നാമ്പുറത്തു ഒരു പാട് രസകരമായ കഥകൾ ഉണ്ട് .അത് സാവകാശം എന്റെ യൂ ട്യൂബ് ചാനലിൽ , "filmy FRIDAYS" ലൂടെ പിന്നീട് പ്രതിപാദിക്കാം .
'നയം വ്യക്തമാക്കുന്നു ' എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ക്ഷണവുമായി ഞാൻ ശാന്തിയെ സമീപിച്ചു എന്ന് പറയുന്നത്ത് അവാസ്തവമാണ് .ഈ ചിത്രത്തിന്റെ രചനയുമായി ഞാൻ തിരുവന്തപുരത്തു 'ഹോട്ടൽ ഗീതി' ലിരിക്കുമ്പോൾ മരിച്ചുപോയ എന്റെ സുഹൃത്ത് ശ്രീനാഥ് പതിവില്ലാതെ എന്നെ കാണാനായി അവിടെ വരുന്നു . കൂടെ പതിവില്ലാതെ ശാന്തിയുമുണ്ട് .
ശ്രീനാഥിന്റെ ഭാഷ കടമെടുത്താൽ 'ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ്, അപ്പോഴത്തെ ഈ മീറ്റിംഗ് . ശാന്തി അഭിനയിക്കാതെ ഇനി ജീവിതം മുന്നോട്ടു പോവുക അസാധ്യം. അതുകൊണ്ടു ശാന്തിയെ എന്റെ ചിത്രത്തിൽ ഒന്നു സഹകരിപ്പിക്കണം (.ഇത് നടക്കുമ്പോൾ മമ്മൂട്ടിക്കൊന്നും ഈ ചിത്രത്തെപ്പറ്റി ഒരു ധാരണയുമില്ലെന്നു കൂടി ഓർക്കുക.) ഒരു സ്നേഹിതൻ അയാളുടെ ഭാര്യക്ക് വേണ്ടി എന്നെ സമീപിച്ചപ്പോൾ എങ്ങിനെയും ഒന്ന് സഹായിക്കണമെന്നേ അപ്പോൾ തോന്നിയുള്ളൂ . ഒരു നായിക പദവിയായി അത് പരിണമിച്ചത് ശാന്തിയുടെ ' നല്ല സമയം'കൊണ്ടാണെന്നേ ഞാൻ കരുതുന്നുള്ളൂ . അത് എങ്ങിനെ ശാന്തിക്കനുകൂലമായി ഭവിച്ചു എന്നത് യൂ ട്യൂബിൽ പിന്നീട് കേൾക്കാം .
സത്യം ഇങ്ങനെയിരിക്കെ ഞാൻ ശാന്തിയുടെ കാൾ ഷീറ്റിനായി ഞാൻ സമീപിച്ചു എന്ന പത്ര വാർത്ത അബദ്ധം .അടുത്തത് , ക്ലൈമാക്സിൽ അഭിനയിക്കാൻ വന്ന മമ്മൂട്ടിയെ കൂവണമെന്നു ഞാൻ കോളേജ് വിദ്യാർത്ഥികളോട് പറഞ്ഞു എന്നത് ശുദ്ധ അബദ്ധം . ആ രംഗത്തിനു സാക്ഷിയായ ശാന്തി അങ്ങിനെ പറയുമെന്ന് ഞാൻ കരുതുന്നില്ല .അല്ലെങ്കിൽ തന്നെ ഈ പത്രവാർത്ത തയ്യാറാക്കിയ ആൾ ആ ചിത്രം കണ്ടിട്ടില്ല എന്ന് എനിയ്ക്കു ബോധ്യമായി .
ആൾ സെയിന്റ്സ് കോളേജിലെ ഒരു ചടങ്ങിന് മമ്മൂട്ടിയെന്ന മന്ത്രി വരുമ്പോൾ അവിടെ വെച്ച് തന്നിൽ നിന്നും സൗന്ദര്യപ്പിണക്കത്തിൽ പിരിഞ്ഞിരിക്കുന്ന ഭാര്യയായ ശാന്തികൃഷ്ണ എന്ന കോളേജ് അദ്ധ്യാപികയെ കണ്ടുമുട്ടുന്നു. അത്യന്തം വികാര നിർഭരമായ ഈ രംഗത്തു ആര് ആരെ കൂവാനാണ് എന്നുകൂടി ഒന്ന് ആലോചിക്കണം. എരിവുള്ള ഒരു തലക്കെട്ടിനു വേണ്ടി 'മമ്മൂട്ടിയെ കൂവാൻ സംവിധായകൻ പറഞ്ഞു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു അക്ഷന്തവ്യമായ അപരാധമാണ്.

കോളേജിൽ പഠിച്ചിട്ടുള്ള ആർക്കുമറിയാം ഏതു കോളേജിൽ ഏതു ഹരിചന്ദ്രൻ വന്നാലും കോളേജ് പിള്ളാരുടെ സന്തോഷപ്രകടനം ആർപ്പു വിളിയോടെയാണ് .മേലെ പരാമർശിച്ച രംഗത്തു അസ്വസ്ഥതയോടെ കുട്ടികൾ ശബ്ദം ഉയർത്തുന്നത് ശാന്തി സ്വാഗതം പറയുമ്പോൾ അരുതാത്ത വാക്കുകൾ വീഴുമ്പോഴാണ് . മമ്മൂട്ടിയുടെ മന്ത്രി കഥാപാത്രത്തെ 'ആനയും അമ്പാരിയും ' എന്ന രീതിയിലാണ് ഈ ചിത്രത്തിൽ ആനയിച്ചിട്ടുള്ളത്.
മമ്മൂട്ടി പ്രസംഗിക്കാനായി എഴുന്നേൽക്കുമ്പോഴും കുട്ടികളുടെ ആരവമുണ്ട് . മമ്മൂട്ടി അതിനെ വിശേഷിപ്പിക്കുന്നതും 'നിങ്ങളുടെ കയ്യടി' എന്നാണു .ഈ സദുദ്ദേശപരമായ രംഗത്തെ ആധാരമാക്കി "മമ്മൂട്ടിയെ കൂവാൻ സംവിധായകൻ പറഞ്ഞു; കുട്ടികൾ അമാന്തിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോഴാണ് ദുഷിച്ച പത്ര പ്രവർത്തനത്തിന്റെ ദുർഗന്ധമായി അത് മാറുന്നത് . (യൂ ട്യൂബിൽ സിനിമകണ്ട്‌ നോക്കു) വർഷങ്ങൾക്കു മുൻപ് റിലീസ് ചെയ്തതാണെങ്കിലും ഒരു ചിത്രത്തെപ്പറ്റി പരാമർശിക്കുമ്പോൾ പ്രസ്തുത ചിത്രവുമായി ബന്ധപ്പെട്ട ചിലർ ഈ ഭൂമിയിൽ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട് എന്നോർക്കുന്നതു നന്നായിരിക്കും.

വർഷങ്ങൾക്കു മുൻപ് ജേർണലിസം പഠിച്ചു കുറച്ചു കാലം ഇതേ പണി ചെയ്തിരുന്ന ഒരാളായതുകൊണ്ടാവാം ഞാൻ ഇങ്ങനെ പ്രതികരിച്ചത് എന്ന് തോന്നുന്നു. പക്ഷെ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ എഴുതിപ്പിടിപ്പിച്ചതൊക്കെ സത്യമാണെന്നു ജനം വിശ്വസിച്ചു പോകും ..'.ഇന്നലെ ചെയ്തോരബദ്ധം ലോകർക്കിന്നത്തെ ആചാരമാകാം ,നാളത്തെ ശാസ്ത്രമതാകാം' എന്നാണല്ലോ പണ്ഡിതമതം.

കൂട്ടത്തിൽ പറഞ്ഞോട്ടെ , മലയാളത്തിൽ പുറത്തിറങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിൽ എന്ത് കൊണ്ടും ഇന്നും പുതുമ നില നിർത്തുന്ന ഒരു ചിത്രമാണ് 'നയം വ്യക്തമാക്കുന്നു ' എന്ന് എന്നോട് പലരും പറയാറുണ്ട് . അതുകൊണ്ടാണല്ലോ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ചിത്രത്തിന്റെ ക്ലൈമാക്സ് അപ്പാടെ അനുകരിച്ച മറ്റൊരു മമ്മൂട്ടി ചിത്രവും വിജയമായതു എന്ന് ഞാൻ വിശ്വസിക്കുന്നു .
"അത് ....ഏതു ചിത്രമാണെന്നോ ?""വേണ്ട.വേണ്ട...അത് 'filmy Fridays"ൽ പിന്നീട് വിശദമായി ഞാൻ പറയാം . പോരെ ?"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT