ബംഗലൂരു: പ്രേക്ഷക ലക്ഷങ്ങള്‍ ആവേശത്തോടെ കാത്തിരുന്ന ബാഹുബലി 2ന്റെ കര്‍ണ്ണാടകത്തിലെ പ്രദര്‍ശനം മുടക്കി എതിരു നിന്ന കന്നട സംഘടനകളെ സമാധാനിപ്പിക്കാന്‍ കട്ടപ്പ അവസാനം മാപ്പു പറഞ്ഞു. ചിത്രത്തില്‍ കട്ടപ്പയായി അഭിനയിക്കുന്ന തമിഴ് നടന്‍ സത്യരാജ് 9 വര്‍ഷം മുമ്പ് കാവേരി നദിജല തര്‍ക്കത്തില്‍ കര്‍ണ്ണാടകയ്ക്ക് എതിരായി സംസാരിച്ചത് ചില കന്നട സംഘടനകള്‍ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. സത്യരാജ് മാപ്പു പറയാതെ ചിത്രം കര്‍ണ്ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ല എന്നായിരുന്നു കന്നട സിനിമ സംഘടനകള്‍ അടക്കമുള്ളവരുടെ നിലപാട്. ചിത്രത്തിന്റെ റിലീസ് ദിവസം കര്‍ണ്ണാടകത്തില്‍ ഹര്‍ത്താലിനും സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാതെ വന്നപ്പോള്‍ താരം മാപ്പ് പറഞ്ഞത്.
കാവേരി വിഷയത്തില്‍ ഞാന്‍ നടത്തിയ പ്രസ്താവന കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ കര്‍ണ്ണാടക ജനങ്ങള്‍ക്ക് എതിരല്ല. അതിന് ഏറ്റവും നല്ല ഉദാഹരണം എന്റെ അസിസ്റ്റന്റ് കര്‍ണ്ണാടകക്കാരനാണ്. സത്യരാജ് പറഞ്ഞു.
9 വര്‍ഷം മുമ്പ് നടത്തിയ പ്രസ്താവനയില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും ഞാന്‍ ബാഹുബലിയിലെ ചെറിയ വര്‍ക്കര്‍ മാത്രമാണെന്നും എന്റെ വാക്കുകള്‍ ചിത്രത്തെ ബാധിക്കാന്‍ പാടില്ല എന്നും സത്യജ് പറഞ്ഞു. തമിഴ്‌നാ്ട്ടുകാരും ഇത് മനസ്സിലാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു.
ഇതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ചിത്രം കര്‍ണ്ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലുമാണ് ബാഹുബലി ടീം.
വര്‍ഷങ്ങലായി തുടരുന്ന കാവേരി നദിജല തര്‍ക്കം കഴിഞ്ഞ വര്‍ഷം ഏറ്റവും രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ഹര്‍ത്താലുകള്‍ വരെ നടക്കുകയും ഇരുകൂട്ടര്‍ക്കും നേരേ വ്യാപക അക്രമങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates