വാറ്റുചാരായത്തിൽ നിന്ന് സാനിറ്റൈസർ, മോഡലാവാൻ തയാറാണോ? നടിയും മോഡലുമായ വിദ്യ വിജയകുമാറിനാണ് അപ്രതീക്ഷിതമായി ഫോൺ കോൾ എത്തിയത്. ആയുർവേദ സാനിറ്റൈസറിനെക്കുറിച്ചുള്ള വിവരണം കേട്ട് വിദ്യ അക്ഷരാർത്ഥത്തിൽ ഞെട്ടി. രസകരമായ പ്രാങ്ക് വിഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനൂപ് പന്തളമാണ് ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലിരിക്കുന്ന താരത്തെ വിളിച്ച് പറ്റിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് നടിയെ ഗുലുമാൽ പിടിപ്പിച്ച വിഡിയോ.
ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ‘ആഹാ’ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലെ നായികയാണ് വിദ്യ. സംവിധായകൻ തന്നെയാണ് താരത്തെ വിളിച്ച് പറ്റിക്കാനുള്ള ക്വട്ടേഷൻ കൊടുത്തത്. സാനിറ്റൈസറിന്റെ പരസ്യത്തിൽ അഭിനയിക്കാൻ വേണ്ടി പ്രഭൂസ് കുമാർ എന്ന പേരിലാണ് അനൂപ് വിളിക്കുന്നത്. കൊച്ചിയിലെ തിരുവനന്തപുരത്ത് നിന്നാണ് വിളിക്കുന്നത് എന്നൊക്കെ പറഞ്ഞിട്ടും സംഭവം തരികിടയാണെന്ന് താരത്തിന് മനസിലായില്ല.
താൻ ശർക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിൻ ആള് കോഴിപ്പിള്ളി ദാസൻ ആണെന്നൊക്കെ അനൂപ് പറഞ്ഞത്. കാട്ടിനുള്ളിലായിരിക്കും ഷൂട്ടിങ്ങെന്നും പൊലീസ് കാണാതെ ചെയ്തില്ലെങ്കിൽ പ്രശ്നമാണ് എന്നൊക്കെ പറഞ്ഞതോടെയാണ് കാര്യം അത്ര പന്തിയല്ലെന്ന് വിദ്യയ്ക്ക് മനസിലാകുന്നത്. തന്റെ പേരിൽ മൂന്ന് പൊലീസ് കേസ് ഉണ്ടെന്ന് പറഞ്ഞതോടെ വിദ്യ അപകടം മണത്ത് ഫോൺ കട്ട് ചെയ്തു. പിന്നീട് വിളിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞ് താരം ഒഴിവാക്കാൻ നോക്കി. എന്നാൽ ഇത് നടക്കാതെവന്നതോടെ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാമെന്നായി.
‘നമുക്ക് വാറ്റുന്നതിന് ഡെയ്‌ലി 600 രൂപ ശമ്പളം. നൈറ്റ് കൂടെ നിൽക്കുവാണെങ്കിൽ 1200 രൂപ തരും, വിറക് മാറ്റി വയ്ക്കനൊക്കെ കൂട്ടി.- എന്നായിരുന്നു അനൂപിന്റെ മറുപടി. ചേട്ടന് തലയ്ക്ക് പ്രശ്നമുണ്ടോ എന്നായി വിദ്യയുടെ ചോദ്യം. പൊലീസിനെ വിളിക്കുമെന്നായതോടെ അനൂപ് കാര്യം അങ്ങ് പറഞ്ഞു. എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് വിഡിയോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates