വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാതെ തന്റെ തൊഴിലും പാഷനും കാത്തുസൂക്ഷിക്കുന്ന താരമാണ് വിദ്യാ ബാലന്‍. എന്നാല്‍ വിവാഹശേഷവും അഭിനയത്തില്‍ സജീവമായ വിദ്യാ അഭിനയവും വ്യക്തിജീവിതവും തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അതുതന്നെയായിരിക്കും രണ്ടും ഒന്നിച്ച് കൊണ്ടുപോകാനുള്ള വിദ്യയുടെ വിജയമന്ത്രം.
എന്നാലും എന്തുകൊണ്ട് ഭര്‍ത്താവിനൊപ്പം സിനിമ ചെയ്യുന്നില്ല എന്ന് ചില പ്രേക്ഷകര്‍ക്കെങ്കിലും അറിയാന്‍ ആഗ്രഹമുണ്ടായിരിക്കും. ഇപ്പോള്‍ അതിനുള്ള മറുപടിയായി നിര്‍മാതാവായ ഭര്‍ത്താവ് സിദ്ദാര്‍ഥ് കപൂറിനൊപ്പം ജോലി ചെയ്യാതിരിക്കുന്നതിന് കൃത്യമായ വിശദീകരണം നല്‍കിയിരിക്കുകയാണ് വിദ്യാ ബാലന്‍.
സാധാരണഗതിയില്‍ ഏതെങ്കിലും നിര്‍മാതാവുമായിട്ടോ സംവിധായകനുമായിട്ടോ പ്രശ്‌നങ്ങളുണ്ടായാല്‍ വഴക്കിനൊന്നും പോകാതെ ആ സിനിമ ഉപേക്ഷിക്കാറാണ് വിദ്യയുടെ പതിവ്. എന്നാല്‍ ഭര്‍ത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അങ്ങനെ വഴക്കിടാതിരിക്കാനാകില്ല എന്നാണ് വിദ്യ പറയുന്നത്.
'സിദ്ദാര്‍ഥ് എന്റേതാണല്ലോ എന്ന ചിന്തകാരണം ശക്തമായി ഞാന്‍ വാദിക്കും. അവസാനം അതൊരു വലിയ വഴക്കിലായിരിക്കും കലാശിക്കുന്നത്. അത്തരമൊരു സാഹചര്യത്തിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ് സിദ്ദാര്‍ഥിന്റെ സിനിമയില്‍ അഭിനയിക്കാത്തത്'- വിദ്യ പറയുന്നു.
ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാത്തതിന്റെ മറ്റൊരു കാരണം പ്രതിഫലമാണെന്നും വിദ്യ തുറന്നുപറഞ്ഞു. 'ഭാര്യയല്ലേയെന്ന് കരുതി ഞാന്‍ സാധാരണഗതിയില്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം സിദ്ദാര്‍ഥ് തരണമെന്നില്ല. അത് എന്റെ മൂല്യം കുറച്ചുകാണുന്നതിന് തുല്യമാണ്. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'- നടി വ്യക്തമാക്കി.
വിവാഹത്തിന്റെ സുരക്ഷിതത്വത്തിനും പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി കൂടിയാണ് സിദ്ദാര്‍ഥിനൊപ്പം ജോലി ചെയ്യാത്തതെന്നും വിദ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. രണ്ട് പേര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തിരക്കഥകള്‍ വന്നിട്ടുണ്ടെങ്കിലും ജോലിയും കുടുംബവും രണ്ടായി വെയ്ക്കുന്നതാകും നല്ലതെന്ന് തോന്നിയതുകൊണ്ട് ഉപേക്ഷിക്കുകയായിരുന്നു വിദ്യ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates