Entertainment

ഇന്ത്യന്‍ പനോരമയില്‍നിന്ന് 'സെക്‌സി ദുര്‍ഗ'യെ വെട്ടി; ജൂറി ഉള്‍പ്പെടുത്തിയ 'ന്യൂഡും' അന്തിമ പട്ടികയില്‍ പുറത്ത്

ജൂറി അധ്യക്ഷനെയോ അംഗങ്ങളെയോ അറിയിക്കാതെയാണ് മന്ത്രാലയം പട്ടികയില്‍ മാറ്റം വരുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം സെക്‌സി ദുര്‍ഗ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. പതിമൂന്നംഗ ജൂറി നിര്‍ദേശിച്ച 26 ചിത്രങ്ങളുടെ പട്ടികയില്‍ എസ് ദുര്‍ഗ എന്നു പേരുമാറ്റിയ സെക്‌സി ദുര്‍ഗ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ചിത്രം ഒഴിവാക്കി. ഇതോടൊപ്പം പനോരമയുടെ ഉദ്ഘാടന ചിത്രമായി ജൂറി നിര്‍ദേശിച്ച രാജിവ് ജാദവിന്റെ ന്യൂഡും പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിനെതിരെ നേരത്തെ തന്നെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. സെക്‌സി ദുര്‍ഗ എന്ന പേരിന്റെ പേരിലായിരുന്നു ഇവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നു മാറ്റുകയായിരുന്നു. സുജോയ് ഘോഷിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ജൂറിയാണ് എസ് ദുര്‍ഗ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. ജൂറി നല്‍കിയ പട്ടികയില്‍നിന്ന് സനല്‍ കുമാര്‍ ശശിധരന്റെ ചിത്രവും രാജിവ് ജാദവിന്റെ ന്യൂഡും ഒഴിവാക്കിക്കൊണ്ടാണ് ഇന്നലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അന്തിമ പട്ടിക പുറത്തിറക്കിയത്. മന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച് വിനോദ് കാപ്രിയുടെ പിഫു ആണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം.

ജൂറി അധ്യക്ഷനെയോ അംഗങ്ങളെയോ അറിയിക്കാതെയാണ് മന്ത്രാലയം പട്ടികയില്‍ മാറ്റം വരുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് ജൂറിയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് അംഗങ്ങള്‍ പ്രതകരിച്ചു. മുംബൈയിലെ ഒരു ന്യൂഡ് മോഡലിന്റെ കഥയാണ് ജാദവിന്റെ സിനിമ. സനല്‍ കുമാറിന്റെ ചിത്രം പേരു സൂചിപ്പിക്കുന്നതു പോലെ സെക്‌സിയല്ല. ഈ രണ്ടു ചിത്രങ്ങളും കാണാത്തവര്‍ ആവണം അവ വെട്ടിമാറ്റിയതെന്ന് ജൂറി അംഗങ്ങളുടെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബാഹുബലി 2, ജോളി എല്‍എല്‍ബി 2 എന്നിവ ഉള്‍പ്പെടെ ഇരുപത്തിയാറ് ഇന്ത്യന്‍ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മറാത്തിയില്‍നിന്ന് ഒന്‍പതും ഹിന്ദിയില്‍നിന്ന് ആറും ചിത്രങ്ങള്‍ ഉള്‍പ്പെടെയാണിത്. 

സെക്‌സി ദുര്‍ഗയെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതില്‍ സംവിധായകന്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് മേളയില്‍നിന്ന് ചിത്രം പിന്‍വലിച്ച സംവിധായകന്‍ സമാന്തരമായി സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

'സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്, എല്ലാവരും മണ്ടന്‍മാരാകരുത്'; ശരണ്യയുടെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ച് ഹസന്‍ ഖാന്‍

ഏതാ ഈ സുന്ദരി... പഞ്ചാബ് കിങ്സ് താരത്തിന്റെ കാമുകിയോ? ആരാണ് 'കശ്മീര പർദേശി' (വിഡിയോ)

'പിഎസ്എൽ ഒന്നാമത് എത്തും' എന്ന് പിസിബി ചെയർമാൻ, ഐപിഎല്ലിനെ മറികടക്കാൻ ആകില്ലെന്ന് വിദഗ്ധർ

'സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപൻ എട്ടു കോടി നല്‍കി, പണം കൊണ്ടുവന്നത് മകന്‍റെ കാറില്‍'

SCROLL FOR NEXT