

കാസർകോട് : കാസർകോട് ജില്ലയിലെ വിവിധ തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കസബ, കാവുഗോളി, കീഴൂർ, പടന്ന, പള്ളിക്കര, തൃക്കണ്ണാട്, ഉദുമ തീരങ്ങളിലാണ് കടൽ പ്രക്ഷുബ്ധമായത്. നിരവധി മത്സ്യതൊഴിലാളി കുടുംബങ്ങൾ അടക്കമുള്ളവരുടെ വീടുകൾ കടലെടുപ്പ് ഭീഷണിയിലാണ്. പള്ളിക്കരയിൽ മത്സ്യബന്ധന കടപ്പുറം മുതൽ ബേക്കൽ ബീച്ച് വരെയുള്ള ഭാഗങ്ങളിൽ കടലേറ്റം ശക്തമായി. ബേക്കൽ ബീച്ചിൻ്റെ വടക്കു ഭാഗത്ത് കോൺക്രീറ്റ് മതിൽ തകർന്നു.
ശക്തമായ മഴയില്ലെങ്കിലും ശനിയാഴ്ച രാവിലെ മുതൽ കടൽ കൂടുതൽ പ്രക്ഷുബ്ധമായതായി തുടരുകയാണ്. നിരവധി വീടുകളും സ്ഥാപനങ്ങളുള്ള തീരം ഇതോടെ വലിയ ജാഗ്രതയിലാണ്. നിരവധി തെങ്ങും കാറ്റാടി മരങ്ങളും നിലംപൊത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾ തോണികളും ബോട്ടുകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും സ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്. ജൂലൈ ആദ്യവാരമുണ്ടായ കടലാക്രമണത്തിൽ പ്രദേശത്തെ കുടിവെള്ളവിതരണ പൈപ്പുകൾ കടലെടുക്കുകയും, മരങ്ങൾ കടപുഴകുകയും ചെയ്തിരുന്നു.
തൃക്കണ്ണാട് കടപ്പുറത്തും ഉദുമ ജമ കടപ്പുറത്തും ഉച്ചയോടെ കടൽക്ഷോഭം രൂക്ഷമായിട്ടുണ്ട്. തിരമാലകൾ കടൽഭിത്തി നിർമ്മാണത്തിന് കൂട്ടിയിട്ട കരിങ്കല്ലുകളും കടന്നെത്തി. തൃക്കണ്ണാട് കടൽ ഭിത്തി നിർമാണത്തിന് കഴിഞ്ഞ മാസം കൂട്ടിയിട്ട കരിങ്കല്ലുകളും തിരമാലകൾ എടുത്തു. മത്സ്യബന്ധന തോണികൾ തീരത്തടുപ്പിക്കാൻ സാധിക്കാതെ കോട്ടിക്കുളം, ബേക്കൽ, തൃക്കണ്ണാട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള മുഴുവൻ തോണികളും പള്ളിക്കര കടപ്പുറം വടക്കുഭാഗത്താണ് സൂക്ഷിച്ചിരുന്നത്.
ഈ പ്രദേശങ്ങളിലെല്ലാം കടലാക്രമണം കടുത്തതിനാൽ മത്സ്യത്തൊഴിലാളിൾ ആശങ്കയിലാണ്. മത്സ്യബന്ധന തോണികളും അനുബന്ധ സാധനങ്ങളും യഥാസമയം സുരക്ഷിതമായി വെയ്ക്കാൻ കഴിയാതായി. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ടി ശോഭന, ജില്ലാപഞ്ചായത്തംഗം ടി വി രാധിക എന്നിവരും സിപിഎം നേതാക്കളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates