Entertainment

എല്ലാവരും പേടിച്ചു വിയർത്തു കൂട്ടംകൂടി നിൽക്കുന്നതാണ് ഞാൻ കണ്ടത്, ചുറ്റും നാശനഷ്ടങ്ങളും മരണങ്ങളും: ഉണ്ണി മുകുന്ദൻ 

2001ജനുവരി 26ന് പതിനാലുകാരനായ താൻ കണ്ട ഭയാനകമായ ഓർമ്മകളാണ് താരം പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടുമുള്ള ആളുകൾ കോവിഡ് 19ന്റെ ഭീതിയിലാണ്. നഷ്ടങ്ങളുടെയും മരണങ്ങളുടെയും വർത്തകൾ കേട്ട് വീട്ടിലിരിക്കുമ്പോൾ നടൻ ഉണ്ണിമുകുന്ദന്റെ ഓർമ്മകൾ 19 വർഷങ്ങൾ പിന്നോട്ട് പോയിരിക്കുകയാണ്. 2001ജനുവരി 26ന് പതിനാലുകാരനായ താൻ കണ്ട ഭയാനകമായ ഓർമ്മകളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തിലെ ഭൂകമ്പനാളുകളെ അതിജീവിച്ച കഥയാണ് ഉണ്ണി കുറിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

എന്റെ ഓർമ്മച്ചെപ്പിൽ നിന്ന്...

വർഷം 2001... ജനുവരി 26, റിപ്പബ്ലിക്ക് ദിനം...
അന്ന് രാവിലെ സൈക്കിൾ എടുത്തു ഞാൻ എന്റെ അമ്മായിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. എന്റെ ഹീറോ ഡെവിൾ സൈക്കിളിലാണ് (2000 model) ഞാൻ അങ്ങോട്ട് പോയത്.

വർഷം 2000... സെപ്റ്റംബർ 22, വൈകിട്ട് ആറു മണിക്ക് പിണങ്ങി കിടക്കുന്ന എന്നെ, അമ്മ പച്ചക്കറി മേടിക്കുവാൻ കൂടെക്കൂട്ടി. ഞങ്ങൾ അടുത്തുള്ള ലോക്കൽ മാർക്കറ്റ് വരെ നടന്നു. അവിടേക്കു എത്തണമെങ്കിൽ ഞാൻ സ്ഥിരം ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ട് വഴി ആണ് പോവേണ്ടത്. എന്റെ സുഹൃത്തുക്കൾ എന്നെ ക്രിക്കറ്റ് കളിക്കുവാൻ വിളിച്ചിട്ടു അന്ന് ഞാൻ പോയില്ലായിരിന്നു. എന്തായാലും ഒട്ടും താല്പര്യമില്ലാതെ അമ്മയുടെ കൂടെ ഞാൻ മാർക്കറ്റ് വരെ പോയി. പച്ചക്കറികൾ മേടിച്ചു 'അമ്മ ഒരു ഓട്ടോറിക്ഷക്കാരനെ വിളിച്ചു. അയാളോട് "ഖോഖര" എന്ന് അറിയപ്പെടുന്ന സ്ഥലംവരെ പോവാൻ പറഞ്ഞു. ഈ പറഞ്ഞ സ്ഥലത്താണ് ഞാൻ പത്താം ക്ലാസ് വരെ പഠിച്ചത്. എന്റെ പ്രഗതി ഇംഗിഷ് മീഡിയം സ്കൂളിൽ. ഒന്നും മനസിലാവാതെ അമ്മയോട് ഞാൻ ചോദിച്ചു, "നമ്മൾ എന്തിനാണ് സ്കൂളിലേക്കു പോവുന്നത്". 'അമ്മ ചിരിച്ചോണ്ട് ചോദിച്ചു, " ഉണ്ണിക്ക് ഏതു സൈക്കിൾ ആണ് വേണ്ടത്." ഇന്നും എനിക്ക് ആ നിമിഷങ്ങളും അമ്മയുടെ ചിരിയും അതേപോലെ ഓർമ്മയുണ്ട്. അന്നുണ്ടായ സന്തോഷം ‌പിന്നീട് ഉണ്ടായിട്ടുണ്ടോന്നു അറിയില്യ... ആവേശത്തോടെ ഖോഖാറയിലുള്ള സൈക്കിൾ കടയിലേക്കു ഞാനും അമ്മയും കേറി. ആൺകുട്ടിയോൾ ഓടിക്കുന്ന സൈക്കിൾ മാത്രം കാണിച്ചാമതിന്നു ഞാൻ പറഞ്ഞു. നീല കളർ വേണമെന്നും ആവിശ്യപ്പെട്ടു. അങ്ങനെ നീല കളറുള്ള ഹീറോ കമ്പനിയുടെ ഡെവിൾ എന്നു പേരുള്ള സൈക്കിൾ ഞാൻ സ്വന്തമാക്കി.

സെപ്റ്റംബർ 22, എന്റെ പിറന്നാൾ ദിവസവും
ആണ്. ഹൈസ്കൂളിൽ ഓട്ടോറിക്ഷയിൽ പോയാൽ കുട്ട്യോൾ കളിയാക്കുമെന്നു അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു, പോരാത്തതിന് എന്റെ ഏറ്റവും അടുത്ത സുഹൃത്തു പുതിയ സൈക്കിൾ മേടിച്ചിരിന്നു... പിറന്നാൾ ആയിട്ടും 'അമ്മ രാവിലെ മുതൽ ഇതിനെക്കുറിച്ചു ഒന്നും പറയാത്തതുകൊണ്ടാണ് ഞാൻ പിണങ്ങി ഇരുന്നത്. അങ്ങനെ പുതിയ സൈക്കിളും എടുത്തു ഞാൻ വീട്ടിൽ എത്തി. സൈക്കിൾ മോഷണം കൂടുതൽ ആയതിനാൽ ചേച്ചിയുടെ സൈക്കിൾ എടുത്തു രണ്ടാം നിലയിൽ വെയ്ക്കുന്നത് പോലെ എന്റെയും എടുത്തു വെച്ചു. പണ്ട് സൈക്കിൾ ഇല്ലാത്തോണ്ട് വാശിയോടെ നട്ടുച്ചയ്ക്ക് സൈക്കിൾ ചവിട്ടി റൗണ്ടടിക്കണമെന്നു പറഞ്ഞു ഒറ്റയ്ക്ക് ചേച്ചിയുടെ ലേഡി ബേർഡ് സൈക്കിൾ താഴോട്ടു എടുക്കാൻ നോക്കിയപ്പോൾ ഞാനും സൈക്കിളും ഒരുമിച്ചു താഴെ വീണിട്ടുണ്ട്. കൈയ്യിൽ ഇപ്പോഴും അന്നുകിട്ടിയ സ്റ്റിച്ചിന്റെ മാർക്ക് ഉണ്ട്. അങ്ങനെ, രാത്രിവരെ സുഹൃത്തുക്കളോടു പുതിയ സൈക്കിളിന്റെ വിശേഷവും പറഞ്ഞു വീട്ടിലെത്തിയപ്പോഴാണ് ഞാൻ അത് ശ്രിദ്ധിച്ചത്. ഞാൻ മേടിച്ചത് പെൺകുട്ടിയോൾ ഓടിക്കുന്ന ഡിസൈനുള്ള സൈക്കിൾ ആയിരുന്നെന്ന്. സൈക്കിൾ കിട്ടിയ ആ സന്തോഷ നിമിഷത്തിൽ എല്ലാം മറന്നു.

ഈ പറഞ്ഞ‌ ഡെവിൾ സൈക്കിളിലാണ് ഞാൻ അമ്മായിയുടെ വീട്ടിലേക്കു പോയത്. പുതിയ വാടക വീട്ടിലേക്കു മാറുന്ന ദിവസം ആയതുകൊണ്ടാണ് അമ്മ എന്നോട് ചപ്പാത്തിയും കറിയും കൊണ്ട് പോയി കൊടുക്കാൻ പറഞ്ഞത്. തിരിച്ചു വരുന്നവഴി ഞാൻ ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ടിലേക്ക് ഞാൻ സൈക്കിൾ തിരിച്ചു... അതുവഴി വീട്ടിലേക്കു എത്താൻ എളുപ്പമാണ്. ജനുവരി 26 ആയതുകൊണ്ട് സ്കൂളിലെ ഫങ്ക്ഷന് അറ്റൻഡ് ചെയാത്ത എന്നെ പോലെ ക്രിക്കറ്റ് കളിക്കുന്ന കുറെ പിള്ളേരുണ്ടാരുന്നു. അവരോടു കൈയ്യിലുള്ള പാത്രം വീട്ടിൽ കൊണ്ട് വെച്ചിട്ടു വരാമെന്നു പറഞ്ഞു ഞാൻ സൈക്കിൾ വീട്ടിലോട്ടു വിട്ടു.

പെട്ടന്ന് സൈക്കിൾ എവിടെയൊ തട്ടി ഞാൻ താഴെ വീണു. പച്ചക്കറി മാർക്കറ്റ് ആയതുകൊണ്ട് ആ പരിസരത്തു എപ്പോഴു
പശുക്കളും, പട്ടികളും പിന്നെ പന്നികളും ഉണ്ടാവാറുണ്ട്. എന്നാൽ വരുന്ന വർഷങ്ങളിൽ പന്നികളുടെ എണ്ണം വളരെ കുറഞ്ഞു പിന്നെ അവരെ കാണാതെയായി. എന്തായാലും, താഴെ വീണു കിടക്കുന്ന ഞാൻ ഇവയെല്ലാം എന്റെ അടുത്തുകൂടെ പ്രാന്തുപിടിച്ചു ഓടുന്നതുകണ്ടിട്ടു ഞാൻ പേടിച്ചു പോയി... എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഞാൻ വീട്ടിലേക്കു മടങ്ങി. സുഹൃത്തുക്കളും അവരുടെ ക്രിക്കറ്റ് കളി ആരംഭിച്ചു. വീടിന്റെ അടുത്ത് എത്തിയപ്പോഴാണ് ഞാൻ ആ മറക്കാനാവാത്ത ദൃശ്യം കണ്ടത്. എന്റെ 'അമ്മ, ചേച്ചി പിന്നെ അവിടത്തെ നാല് ഫ്ലാറ്റിലുള്ള കുടുബാംഗങ്ങളും എല്ലാവരും താഴെ പേടിച്ചു വിയർത്തു കൂട്ടംകൂടി നിൽക്കുന്നതാണ് ഞാൻ കണ്ടത്.

വർഷം 2001, ജനുവരി 26, ഏകദേശം 8:45am, ഗുജറാത്തിൽ 7.7 മാഗ്നിറ്റുഡിൽ ഭൂകമ്പമാണ് ഞങ്ങൾ എല്ലാവരും അനുഭവിച്ചത്. മൃഗങ്ങൾ പ്രാന്തുപിടിച്ചു ഓടിയത് വരാൻ പോവുന്ന ആപത്തിനെ കുറിച്ചുള്ള അവബോധം കൊണ്ടാവാം. പിന്നീട് കുറേ തവണ ഭൂകമ്പം വന്നു. ചുറ്റും നാശനഷ്ടങ്ങളും മരണങ്ങളും ആണ് കണ്ടത്. അന്നൊക്കെ ജനുവരി മാസങ്ങളിൽ ഗുജറാത്തിൽ നല്ല തണുപ്പ് അനുഭവപ്പെടും. ഭൂകമ്പത്തെ പേടിച്ചു ഗവണ്മെന്റ് പണിത പഴേ ഫ്ലാറ്റിന്റെ താഴെ ടെന്റ് കെട്ടിയിടത്താണ് ഞങ്ങൾ എല്ലാവരും പിന്നീട് ദിവസങ്ങൾ കഴിച്ചുകൂടിയത്‌. അച്ഛൻ യെമെനിൽ ജോലി ചെയ്യുന്ന സമയം ആയതുകൊണ്ടു നിരന്തരം അച്ഛന്റെ ടെൻഷൻ പിടിച്ച ഫോൺ വരും, ഞങ്ങളുടെ അവസ്ഥ അറിയാൻ. ന്യൂസിൽ കേൾക്കുന്ന വാർത്തകൾ അത്രെയും ഭീകരമായിരുന്നല്ലോ. രാത്രികൾ വളരെ അധികം നിശബ്ദമായതിനാൽ രണ്ടാം നിലയിൽ അടിക്കുന്ന ഫോണിന്റെ ശബ്ദം താഴെ ടെന്റിൽ വരെ കേൾക്കാം. അമ്മ അപ്പൊ ഓടി ചെന്ന് ഫോൺ അറ്റൻഡ് ചെയ്യും. ഒരു ഉച്ച നേരത്തു ഭൂമി കുലുങ്ങിയപ്പോ സ്റ്റെയർ കേസിലൂടെ ഓടി താഴെ എത്തിയത് ഞാൻ ഭീതിയോടെ ഇന്നും ഓർക്കുന്നു... മരണം ഇങ്ങനെ ഒക്കെ ആവോ എന്ന് വിചാരിച്ചിട്ടുണ്ട്. അവസ്ഥകൾ വളരെയധികം മോശമായതുകൊണ്ടു അച്ഛൻ ഞങ്ങളോട് ഇൻഡോർ മധ്യപ്രദേശിലുള്ള എന്റെ ഒരു ചെറിയച്ഛന്റെ വീട്ടിലേക്കു പോവാൻ പറഞ്ഞു. ഞാനും ചേച്ചിയും അമ്മയും സ്റ്റേറ്റ് ട്രാൻസ്പോർട് ബസിൽ അന്ന് രാത്രിതന്നെ പോയി.

മാസങ്ങൾക്കു ശേഷം തിരിച്ചു അഹമ്മദാബാദിലേക്കു വന്നു. പഴയ ഗവണ്മെന്റ് ഫ്ലാറ്റ് ആണെങ്കിലും ഭുകമ്പത്തിൽ അത് ഇടിഞ്ഞു പോയില്യ. വീട് പോയാൽ എന്തു ചെയ്യുമെന്ന് ആയിരിന്നു അച്ഛന്റെയും അമ്മടെയും ഏറ്റവും വലിയെ പേടി. എന്നാൽ, എല്ലാം നഷ്ടപെട്ട ആ നാടിനെ മാസങ്ങൾക്കുശേഷം കണ്ടപ്പോ എനിക്ക് പറയാനാവാത്ത വിഷമം തോന്നി... എവിടെനോക്കിയാലും അവശിഷ്ടങ്ങൾ മാത്രം. നഷ്ടങ്ങളുടെയും മരണങ്ങളുടെയും വർത്തകൾ കേട്ട് കുറെ മാസങ്ങൾ വീട്ടിൽത്തന്നെ ഇരുന്നിരിന്നു. സ്കൂൾ എക്സാംസ് എഴുതാതെയാണ് അടുത്ത ക്ലാസിലേക്കു എത്തിയത്...

വർഷങ്ങൾക്കു ശേഷം പിന്നെയും ഇങ്ങനെ നഷ്ടങ്ങളുടെയും മരണങ്ങളുടെയും വർത്തകൾ കേട്ട് വീട്ടിലിരിക്കുമ്പോ... 19 വർഷങ്ങൾ പിന്നോട്ട് പോയ പോലെ തോന്നി...അന്ന് ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കുമെന്നു ഓർത്തു ഞാൻ പേടിച്ചിരുന്നു... എന്നാൽ, ദൈവാനുഗ്രഹത്താൽ ജീവിതം വളരെ അധികം മെച്ചപ്പെടുകയായിരുന്നു... ആ നാടിന്റെയും, എന്റെ കുടുംബത്തിന്റെയും പിന്നെ എന്റെയും...ഈ കൊറോണ കാലവും മാറും. നമ്മൾ പൂർവാധികം ശക്‌തിയോടെ അതിജീവിക്കുകയും ചെയ്യും.

Love,
Unni Mukundan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ഹയർസെക്കണ്ടറി പ്രൈവറ്റ് രജിസ്ട്രേഷൻ: ഒന്നാം വർഷ വിദ്യാർഥികൾ പരീക്ഷാഫീസ് അടയ്ക്കണം

പാസ്‌പോർട്ടും മൊബൈൽ ഫോണും വേണ്ട, ഒന്ന് നോക്കിയാൽ മാത്രം മതി; ചെക്ക് ഇൻ ചെയ്യാൻ പുതിയ സംവിധാനവുമായി എമിറേറ്റ്സ്

വിദേശത്ത് പരിപാടി അവതരിപ്പിക്കാം, ബലാത്സംഗക്കേസില്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

കണ്ണ് നിറയാതെ എങ്ങനെ ഉള്ളി അരിയാം

SCROLL FOR NEXT