Entertainment

എല്ലാവരും മെഡിക്കല്‍ ചെക്കപ്പ് നടത്തി; ജോര്‍ദാനില്‍ ഞങ്ങള്‍ സുരക്ഷിതര്‍; രണ്ട് നടന്‍മാര്‍ നിരീക്ഷണത്തിലാണെന്ന് പൃഥ്വിരാജ്

ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്പില്‍ കഴിയുക, അല്ലെങ്കില്‍ ക്യാമ്പില്‍ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനില്‍ പോയി ഷൂട്ട് തുടരുക

സമകാലിക മലയാളം ഡെസ്ക്

ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനിലുള്ള ഞങ്ങള്‍ സുരക്ഷിതരാണെന്ന് നടന്‍ പൃഥ്വിരാജ്.  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൊറോണ വൈറസ് സംശയത്തെത്തുടര്‍ന്ന് ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അല്‍ ബലൂഷി ജോര്‍ദാനിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. അത്തരം നിരവധി സന്ദേശങ്ങള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് സാഹചര്യം വിശദീകരിച്ചുകൊണ്ടുള്ള നടന്റെ പോസ്റ്റ്.

പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

'സുരക്ഷിതരായിരിക്കൂ... ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണ്. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരില്‍ നിന്നു പോലും അകലം പാലിക്കേണ്ട സമയം.. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. എന്റെയും ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും സുരക്ഷയെക്കരുതി സന്ദേശങ്ങളയച്ച് ക്ഷേമമന്വേഷിച്ച ഏവര്‍ക്കും വലിയ നന്ദി.. ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു തന്നെയാണ് ഉചിതമായ മാര്‍ഗം. അതിനാലാണ് ഷൂട്ട് തുടരാന്‍ തീരുമാനിച്ചത്. ജോര്‍ദാനിലെ വ്യോമഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എല്ലാവരും ഇവിടെ ആയ സ്ഥിതിക്ക് ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്പില്‍ കഴിയുക, അല്ലെങ്കില്‍ ക്യാമ്പില്‍ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനില്‍ പോയി ഷൂട്ട് തുടരുക. അധികാരികളെ കണ്ടു. യൂണിറ്റിലെ ഓരോ അംഗത്തിനും മെഡിക്കല്‍ ചെക്കപ്പ് നടത്തി. ലൊക്കേഷന്‍ ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ അപകടമില്ല. ഷൂട്ട് തുടരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

അതെ, ഞങ്ങളുടെ യൂണിറ്റിലെ രണ്ട് നടന്‍മാര്‍ അമ്മന്‍ എന്ന സഥലത്ത് ക്വാറന്റൈനിലാണ്. ഒരേ വിമാനത്തില്‍ സഞ്ചരിച്ചവര്‍ക്കൊപ്പം അവരും നിരീക്ഷണത്തിലാണ്. രണ്ടാഴ്ച്ചത്തെ ക്വാറന്റൈന്‍ സമയം കഴിഞ്ഞ് അവര്‍ നമുക്കൊപ്പം വീണ്ടും ചേരുമെന്നു തന്നെയാണ് പ്രതീക്ഷ. അധികാരികള്‍ തരുന്ന നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുക. അവ അനുസരിക്കുക. ഭയക്കാതിരിക്കുക.'

കോവിഡ് 19 ഭീതിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദേശത്തു നിന്ന് ജോര്‍ദാനില്‍ എത്തുന്നവരെ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തില്‍ വെക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ്, ഒമാനില്‍ നിന്നും വന്ന ഡോ താലിബ് നിരീക്ഷണത്തില്‍ കഴിയുന്നത്. അദ്ദേഹത്തിനൊപ്പം പരിഭാഷകനും യു.എ.ഇയിലെ മറ്റൊരു നടനും നിരീക്ഷണത്തിലാണ്. ചാവുകടലിനടുത്തുള്ള ഒരു ഹോട്ടലിലാണ് നടനെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജോര്‍ദാന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനസേവനവും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT