നടൻ വിജയ് സേതുപതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി ഗായത്രി രഘുറാം. പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലെ വിജയ് സേതുപതിയുടെ പ്രസംഗമാണ് ഗായത്രിയെ ചൊടിപ്പിച്ചത്. ദൈവത്തിന്റെ സംരക്ഷകരെന്ന് സ്വയം പറഞ്ഞു നടക്കുന്നവരെ വിശ്വസിക്കരുതെന്നും മനുഷ്യരെ രക്ഷിക്കാന്‍ മനുഷ്യര്‍ മാത്രമേ ഉണ്ടാകൂ എന്നുമാണ് താരം പറഞ്ഞത്.
കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിലുള്ള താരത്തിന്റെ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണ് വിമർശനവുമായി ഗായത്രി എത്തിയത്. ഒരു വൈറസിന്റെ പേരിൽ ദൈവത്തെ തള്ളിപ്പറയരുതെന്നും ഒരു അവിശ്വാസി മാത്രമേ സേതുപതിയുടെ വാക്കുകൾ ചെവിക്കൊള്ളുകയൊള്ളൂവെന്നും നടി ട്വീറ്റ് ചെയ്തു.
'അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് എനിക്കു ഒരു തരത്തിലും യോജിക്കാനാവുന്നില്ല. അദ്ദേഹത്തിനെന്തും സംസാരിക്കാം. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്റെ സ്വാതന്ത്ര്യവും. അദ്ദേഹം ഇത് പറഞ്ഞതുകൊണ്ട് നാളെ മുതല്‍ വിശ്വാസികളാരും ദൈവത്തില്‍ വിശ്വസിക്കാതിരിക്കാനോ തള്ളിപ്പറയാനോ പോകുന്നില്ല. ഒരു അവിശ്വാസി മാത്രമേ അദ്ദേഹത്തിന്റെ വാക്കുകള്‍ ചെവികൊള്ളുകയുള്ളൂ. ഇവിടെ പല മതവിഭാഗങ്ങളില്‍പെട്ട ആളുകള്‍ ജീവിക്കുന്നുണ്ട്. ഒരു വൈറസിന്റെ പേരില്‍ ദൈവത്തെ തള്ളിപ്പറയരുത്. മതവിശ്വാസികളെ ആക്രമിക്കരുത്. നിരീശ്വരവാദം എന്ന അത്യപകടകരമായ വൈറസിനെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.' ഗായത്രി കുറിച്ചു.
മുകളിലുള്ള ആരും തങ്ങളെ രക്ഷിക്കാൻ വരില്ലെന്നും അപകടം വരുമ്പോൾ തങ്ങൾ പരസ്പരം രക്ഷിക്കണം എന്നുമാണ് സേതുപതി പറഞ്ഞത്. 'ദൈവമെന്നത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയുള്ളതാണ്. മാത്രമല്ല, ദൈവത്തെ രക്ഷിക്കാന്‍ വേണ്ടി ആരെയും ഇവിടേക്കു ജനിപ്പിച്ചു വിട്ടിട്ടുമില്ല. ദൈവം സ്വയം രക്ഷ നേടിക്കൊള്ളും. ദൈവത്തെ രക്ഷിക്കാന്‍ നടക്കുന്നവരെയൊന്നും വിശ്വസിക്കരുത്. ദൈവവും മനുഷ്യനും തമ്മിലെ ആവശ്യമില്ലാത്ത ഒരു കണ്ണിയാണ് മതം' താരം പറഞ്ഞു. അതിനിടെ വിജയ് സേതുപതിയെ വിമർശിച്ചതിനെതിരെ നിരവധി പേർ രംഗത്തെത്തി. താരം പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ഗായതി ചെയ്തത് എന്നാണ് അവർ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates