യൂണിവേഴ്‌സിറ്റി കോളെജിലെ സംഘര്‍ഷം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. നിരവധിപേരാണ് എസ്എഫ്‌ഐക്കെതിരേ രംഗത്തെത്തിയത്. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളെജില്‍ പഠിക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. യൂണിവേഴ്‌സിറ്റി കോളെജിലെ മുന്‍ ചെയര്‍മാനായിരുന്നു അദ്ദേഹം. ഒരു പരിപാടിയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിന്ന് പൊലീസിന്റെ അടി കിട്ടാതെ രക്ഷപ്പെട്ടതിനെക്കുറിച്ചാണ് അദ്ദേഹം തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
കോളെജ് ചെയര്‍മാനായി വിലസിയെങ്കിലും കോളെജ് രാഷ്ട്രീയത്തിന് ഒരു അപകടസൂചന കൂടിയുണ്ടെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. 'രാവിലെ കുളിച്ചു പരീക്ഷ എഴുതാന്‍ ചെല്ലുന്ന ഒരു കോളെജ് യൂണിയന്‍ ഭാരവാഹി കോളെജ് ഗേറ്റു കടക്കുമ്പോള്‍ എതിരേല്‍ക്കുന്നതു ഓര്‍ക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിള്‍ ചെയിന്‍ കൊണ്ടുള്ള ഇരുട്ടടി ആയിരിക്കും. തിന്റെ കാരണം അറിയുന്നത് വൈകുന്നേരമായിരിക്കും .അതാവട്ടെ തലേ ദിവസം കാസര്‍ഗോഡ് കോളെജില്‍ നടന്ന ഒരു കുടിപ്പകയുടെ പകരം വീട്ടലായിരിക്കും. എങ്ങനുണ്ട്?' അദ്ദേഹം കുറിച്ചു. പൊലീസിന്റെ അടി കിട്ടാതെ രക്ഷപ്പെട്ട യൂണിവേഴ്‌സിറ്റി കോളെജിലെ ഏക ചെയര്‍മാന്‍ താനായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
ബാലചന്ദ്രമേനോന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
വരുന്ന വെള്ളിയാഴ്ച 'filmy Fridays'ല്‍ ഞാന്‍ പരാമര്‍ശിക്കുന്നത് എന്റെ യൂണിവേഴ്‌സിറ്റി കോളേജ് ജീവിതമാണ് ...
മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ അടക്കം എത്രയോ പ്രതിഭകളെ വാര്‍ത്തെടുത്ത ആ കലാലയത്തില്‍ പഠിക്കാനും അവിടുത്തെ ചെയര്‍മാനായി 'വിലസുവാനും' എനിക്ക് കിട്ടിയ അവസരം ഒരു ഭാഗ്യമായെ ഞാന്‍ കാണുന്നുള്ളൂ .
എന്നാല്‍ ആ കോളേജിലെ രാഷ്ട്രീയത്തിന് ഒരു അപകടസൂചന കൂടിയുണ്ട് എന്ന് കൂടി കൂട്ടി വായിക്കണം .രാവിലെ കുളിച്ചു പരീക്ഷ എഴുതാന്‍ ചെല്ലുന്ന ഒരു കോളേജ് യൂണിയന്‍ ഭാരവാഹി കോളേജ് ഗേറ്റു കടക്കുമ്പോള്‍ എതിരേല്‍ക്കുന്നതു ഓര്‍ക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിള്‍ ചെയിന്‍ കൊണ്ടുള്ള ഇരുട്ടടി ആയിരിക്കും. അതിന്റെ കാരണം അറിയുന്നത് വൈകുന്നേരമായിരിക്കും .അതാവട്ടെ തലേ ദിവസം കാസര്‍ഗോഡ് കോളേജില്‍ നടന്ന ഒരു കുടിപ്പകയുടെ പകരം വീട്ടലായിരിക്കും . എങ്ങനുണ്ട്?
എന്നാല്‍ സത്യം പറയട്ടെ , എനിക്ക് അങ്ങിനെ ഒരു പീഡനം ഉണ്ടാകാഞ്ഞതും ഭാഗ്യമെന്നേ പറയേണ്ടു... പക്ഷെ എന്നില്‍ ഒരു ആജ്ഞാശ്ശക്തി അന്തര്‌ലീനമായിട്ടുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞതും യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ചാണ് . നമുക്ക് നേരെ ചീറിപ്പാഞ്ഞു വരുന്ന ഒരു ആനയെ നോക്കി സര്‍വ്വ ശക്തിയും സമാഹരിച്ചു ആക്രോശിച്ചാല്‍ ആന വിരണ്ടു നില്കുന്നത് ഞാന്‍ പിന്നീട് പല വീഡിയോയിലും കണ്ടിട്ടുണ്ട് . ഞാന്‍ ചെയര്‍മാന്‍ ആയിരിക്കെ നടന്ന ഒരു ചടങ്ങില്‍ സഖാവ്
ഇ .എം .എസ് ആയിരുന്നു മുഖ്യാതിഥി .ഒരു പക്ഷെ ഞാന്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരു വേദി അദ്ദേഹവുമായി പങ്കിട്ട ഒരേ ഒരു സന്ദര്‍ഭവും അതായിരിക്കണം .
മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞുകഴിഞ്ഞപ്പോള്‍ ആവശ്യമില്ലാതെ ഒരു ക്രമാസമാധാന പ്രശ്‌നമുണ്ടായി . അത്യാവശ്യം കല്ലേറും ഉന്തും തല്ലും ഒക്കെ ചേര്‍ന്ന ഒരു മസാല . പുറത്തു നിന്നിരുന്ന പോലീസുകാര്‍ കൂടി ആയപ്പോള്‍ സംഗതി കുശാലായി . കോളേജിന്റെ ഒരു അടഞ്ഞ ബാല്‍ക്കണിയില്‍ നിന്ന എന്നെ ലാക്കാക്കി ഒരു ഭീമാകാരന്‍ പോലീസ് ചീറിപ്പാഞ്ഞു വരുന്നത് ഞാന്‍ കണ്ടു . എന്നാല്‍ എനിക്കെങ്ങോട്ടും ചാടിപ്പോകാനാവില്ല . ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കാനേ കഴിയുള്ളൂ .അടി ഉറപ്പു തന്നെ . ചെയര്‍മാനായാലും അടി കൊണ്ടാല്‍ നോവുമല്ലോ .ആ നിമിഷം എന്നിലും ഒരു ആവേശം നിറഞ്ഞു എന്നാലാവുന്ന തരത്തില്‍ ഞാന്‍ അലറി വിളിച്ചു :
'എന്നെ തൊട്ടു പോകരുത്....'
ആ ഗര്‍ജ്ജനത്തിനു മുന്നില്‍ പോലീസുകാരന്റെ ലാത്തി അറിയാതെ താണത് എങ്ങിനെ എന്ന് എനിക്കും ഇന്നും വിശ്വാസം വരുന്നില്ല . പക്ഷെ കാക്കിക്കുള്ളിലെ ആ മനുഷ്യ സ്‌നേഹിയെ ഇപ്പോള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കാതെ വയ്യ .മരിച്ചു പോയ എന്റെ സഹപാഠി ലെനിന്‍ രാജേന്ദ്രന്‍ ആ സംഭവത്തെപ്പറ്റി തമാശയായി പറഞ്ഞു പരത്തിയത് എനിക്കോര്‍മ്മയുണ്ട് ...
'യൂണിവേഴ്‌സിറ്റി കോളേജിലെ ചെയര്‍മാന്‍ ആയിരുന്നിട്ടു പോലീസിന്റെ ഒരു തല്ലു പോലും കൊള്ളാതെ രക്ഷപെട്ട ഒരാള്‍ ബാലചന്ദ്ര മേനോന്‍ മാത്രമായിരിക്കും . ഞാന്‍ ഇപ്പോഴും കരുതുന്നത് അടിക്കാന്‍ വന്ന പൊലീസിന് വേണ്ടി ഒന്നുകില്‍ മേനോന്‍ ഒരുപാട്ടു പാടി കാണും ; അല്ലെങ്കില്‍ ഒരു മിമിക്രി കാണിച്ചു കാണും . ആ ഗ്യാപ്പില്‍ അടികൊള്ളാതെ രക്ഷപെട്ടുക്കാണും '
WELCOME TO UNIVERSITY COLLEGE !
that's ALL your honour.......
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates