യുട്യൂബിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തയാൾക്കെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും പിന്തുണയുമായി നടി ലിസി ലക്ഷ്‌മി. നിയമം ലംഘിക്കുന്നത് ശരിയല്ലെങ്കിലും ഈ സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവർത്തി പ്രശംസനീയമാണെന്നാണ് ലിസി അഭിപ്രായപ്പെട്ടത്. അതേസമയം ക്രിമിനലുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് തെറ്റിദ്ധരിക്കരുതെന്നും മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് പറയാൻ കഴിയുമെന്ന് ലിസി കൂട്ടിച്ചേർത്തു.
'മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ് ഒരു പ്രതീക്ഷയാണ്. സമൂഹ മാധ്യമങ്ങൾ വഴി വിഷം കുത്തിവയ‌്ക്കുന്ന വിദഗ്ധരെന്ന് അവകാശപ്പെടുന്ന ക്രിമിനലുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ സമൂഹം. സ്ത്രീകൾക്കെതിരെയാണ് ഇവരുടെ നീക്കങ്ങൾ. ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലാണ് ചെന്നുവീഴുന്നത്. മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യുട്യൂബിലും മറ്റും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമ്മൾ ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാർ കാർന്നുതിന്നും. ഇത്തരക്കാർക്കു നേരെ കണ്ണടക്കുകന്നതിലൂടെ നമ്മുടെ നിയമ വ്യവസ്ഥ പരാജയപ്പെടുകയാണ്. നിയമം ലംഘിക്കുക എന്നത് ശരിയല്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവർത്തി പ്രശംസനീയമാണ്. ഈ പ്രശ്നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു. സർക്കാർ ഇത് ഗൗരവമായി കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു", ലിസി ഫേസ്ബുക്കിൽ കുറിച്ചു.
വാൽക്കഷ്ണം- ക്രിമിനലുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമവിഭാഗത്തിലെ മജീഷ്യൻമാർക്ക് അഭിനന്ദനങ്ങൾ. വാട്ട് ആൻ ഐഡിയ സർജി - ലിസി കുറിപ്പ് അവസാനിപ്പിച്ചതിങ്ങനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates