Entertainment

'നയന്‍താരയ്ക്ക് ആ പേരുമിട്ട് സ്ലോ മോഷനില്‍ പോയയാളല്ല ഞാന്‍'; സത്യന്‍ അന്തിക്കാടിന് സംവിധായകന്റെ മറുപടി

അന്ന് സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'കളെ കാലം അക്കരെ നിര്‍ത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പേരിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജോണ്‍ ഡിറ്റോ. ഈ വിഷയത്തില്‍ സത്യന്‍ അന്തിക്കാട് സത്യം മറച്ചുവെക്കുകയാണെന്നാണ് ടിറ്റോയുടെ ആരോപണം. 

മനസിക്കരെ സിനിമയുടെ സമയത്ത് ഡയാന മറിയം എന്ന പുതുമുഖനടിക്ക് നയന്‍താരയെന്ന പേരിട്ടത് താനാണെന്നായിരുന്നു ജോണിന്റെ അവകാശവാദം. പിന്നീട് ജോണ്‍ ഡിറ്റോയുടെ വാക്കുളെ നിഷേധിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് രംഗത്തെത്തി. തനിക്ക് അങ്ങനെയൊരാളെ അറിയില്ലെന്നായിരുന്നു സത്യന്‍ പറഞ്ഞത്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോണ്‍ ഡിറ്റോ. 

കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട സത്യന്‍ അന്തിക്കാട് സര്‍ ..അങ്ങയുടെ സിനിമയുടെ സെറ്റില്‍ വന്നു, നയന്‍താരയ്ക്ക് ആ പേരുമിട്ട് സ്ലോ മോഷനില്‍ പോയയാളല്ല ഞാന്‍. അങ്ങനെ ഒരവകാശവാദവും ഞാന്‍ ഉന്നയിച്ചിട്ടില്ല. ഒരു ക്രെഡിറ്റിനും ഞാന്‍ വന്നിട്ടുമില്ല.

രണ്ട് ചോദ്യങ്ങള്‍ക്കുത്തരം ഈ മറുപടിയിലും അങ്ങ് പറഞ്ഞില്ല. പല സിനിമാ പ്രവര്‍ത്തകരുടെയും അടുത്ത് വിഷയം ചര്‍ച്ച ചെയ്യുകയും അങ്ങനെ സാറിന്റെ സെറ്റില്‍ നിന്നു സ്വാമിനാഥന്‍ വന്ന് എ.കെ.സാജന്‍ സാറിനോട് പറയുകയും ചെയ്തു.

സ്വാമിനാഥനെ സത്യന്‍ സാറിനറിയില്ലേ?

സാറിന് ഈ പേര് ലഭിച്ചത് സ്വാമിനാഥനില്‍ നിന്നല്ലേ?

ഷീലാമ്മ പറഞ്ഞതല്ലേ സത്യം? കുറച്ചു പേരുകള്‍ കൊടുത്തിട്ട് സെലക്റ്റ് ചെയ്യാന്‍ പറഞ്ഞു. അങ്ങനെ ഷീലാമ്മ സെലക്റ്റ് ചെയ്തത്രേ… ഈ ലിസ്റ്റില്‍ ഈ പേര് നിര്‍ദ്ദേശിക്കപ്പെട്ടതിനെ കുറിച്ചാണ് എന്റെ പോസ്റ്റില്‍ പറഞ്ഞത്..

മറ്റൊന്ന് ആ പോസ്റ്റിന്റെ പ്രേരണ അതൊന്നുമല്ല. 20 വര്‍ഷമായി മലയാള സിനിമയുടെ വഴിയില്‍ ഞാനുമുണ്ടായിരുന്നു എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താനായിരുന്നു .. ഓര്‍മ്മപ്പെടുത്താനായിരുന്നു ആ കുറിപ്പ്.

മറ്റൊന്ന് ആരാണ് ഈ ജോണ്‍ഡിറ്റോ എന്ന് സാര്‍ ചോദിച്ചിരുന്നു. അതിനാല്‍ എന്നെ പരിചയപ്പെടുത്താം. ഏറെക്കാലം പത്രപ്രവര്‍ത്തകനായിരുന്നു. 3 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

ഒന്ന് ഒരു കവിതാ സമാഹാരം; 2007 ല്‍ തപസ്യയുടെ ദുര്‍ഗ്ഗാദത്ത പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തേയും മൂന്നാമത്തേയും പുസ്തകം തത്ത്വചിന്തയാണ്. ഗവേഷണ ഫലമായി രചിച്ചതാണ്.

കൂടാതെ 2016 ല്‍ ഒരു സിനിമ ' സഹപാഠി 1975 ' തിരക്കഥയെഴുതി സംവിധാനം ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ കേസിലെ പ്രതി പുലിക്കോടന്‍ ഇക്കാലത്ത് സത്യം വെളിപ്പെടുത്തുന്നതായിരുന്നു പ്രമേയം.

ഗൗരവമേറിയ രാഷ്ട്രീയവും ഭരണകൂട ഭീകരതയുമൊക്കെയായിരുന്നു ആ സിനിമയുടെ വിഷയം. അല്ലാതെ ഗഫൂര്‍ക്കാ ദോസ്തും പൈങ്കിളി വീട്ടുകാര്യങ്ങളുമല്ലായിരുന്നു.

സിനിമാസംഘടനയായ മാക്ടയുടെ തുടക്കം മുതല്‍ അംഗമായിരുന്നു. ഇപ്പോഴും ആണ്.

ഇങ്ങനെയൊരു വിവാദമുണ്ടാക്കി ചുളിവില്‍ ക്രെഡിറ്റ് നേടാന്‍ ശ്രമിക്കുന്നയാള്‍ എന്നൊരു ധ്വനി അങ്ങയുടെ മറുപടിയിലുണ്ട്. ഒരിക്കലും അത്തരം താണ തരം പ്രവര്‍ത്തികള്‍ ഞാന്‍ ചെയ്യില്ല.

ഒരു ജീവിതകാലം മുഴുവന്‍ വായിച്ചും പഠിച്ചും പഠിപ്പിച്ചും എഴുതിയും സ്വസ്ഥമായി ആരാലുമറിയപ്പെടാതെ ജീവിക്കുന്നയാളാണ്. എന്തെങ്കിലും നേടാന്‍ വേണ്ടി മാറ്റിപ്പറയുകയോ ചേര്‍ത്തു പറയുകയോ ചെയ്യില്ല.

തത്വചിന്താ പുസ്തകത്തിന്റെ പ്രത്യേകത അത് പോപ്പുലറാകില്ല. കാലത്തിന്റെ തികവില്‍, അതൊക്കെ അന്വഷിക്കുന്ന ഒരു തലമുറ വരും. അന്ന് എന്നെപ്പോലെ ഇരുളിലാണ്ടു പോയവരുടെ വാക്കുകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. അന്ന് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ 'കളെ കാലം അക്കരെ നിര്‍ത്തും.

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തത്വചിന്തകനായ ഡയോജനിസിനെ ക്കാണാന്‍ കോപാകുലനായിച്ചെന്നു. പല തവണ ആളയച്ചിട്ടും വരാത്തതിനാണ് നേരിട്ട് വന്നത്. അപ്പോള്‍ കടല്‍ത്തീരത്ത് വെയില്‍ കായുകയായിരുന്നു ഡയോജനിസ്. പിന്നില്‍ വന്നു നിന്ന് അലക്‌സാണ്ടര്‍ ആജ്ഞാപിച്ചപ്പോള്‍ ഡയോജനിസ് ശാന്തനായി പറഞ്ഞു. സൂര്യനെ മറക്കാതെ അപ്പുറത്തേക്ക് മാറി നില്‍ക്കു അലക്‌സാണ്ടര്‍ 

സത്യന്‍ സാര്‍ സത്യത്തെ മറച്ചുവയ്ക്കുന്നു. ആരോ ഒരാള്‍ നിര്‍ദ്ദേശിച്ചപേരാണ് പേരാണ് നയന്‍താര എന്ന സത്യം, സാര്‍ മറയ്ക്കുന്നു. ആ ഒരാള്‍ ഞാനാണ് എന്നാണ് തെളിവു സഹിതം പറഞ്ഞത്.

നയന്‍താരയ്ക്ക് ആ പേരിട്ടത് താനാണെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു. 2009ല്‍ മനസിനക്കരെ എന്ന സിനിമയില്‍ അഭിനയിക്കുന്ന ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടിക്ക് ഒരു പേരു നിര്‍ദ്ദേശിക്കാന്‍ പ്രശസ്ത ഫോട്ടോഗ്രാഫറായ സ്വാമിനാഥന്‍ സാറാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹ നിര്‍ദേശ പ്രകാരമാണ് നയന്‍താര എന്ന പേരിട്ടതെന്നും ജോണ്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

SCROLL FOR NEXT