കൊച്ചി: സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു എന്നുള്ള നിര്‍മ്മാതാക്കളുടെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ നിരവധി വിവരങ്ങളാണ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. സിനിമാ മേഖലയിലെ ലഹരിയൊഴുക്കിനെക്കുറിച്ച് അന്വേഷിച്ച പൊലീസിന് പലപ്പോഴായി ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. എന്നാല്‍ പല കേസുകളും അന്വേഷണം മുന്നോട്ടുപോകാതെ വഴിമുട്ടുകയോ ഒതുക്കി തീര്‍ക്കുകയോ ചെയ്തു.
ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫഌറ്റില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് എത്തുമ്പോള്‍ ഇവര്‍ നഗ്‌നയായ നിലയിലായിരുന്നു. എക്സ്റ്റസി ഗുളികകള്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് കണ്ടെത്തി.
എറണാകുളം സ്വദേശികളായ മൂന്നുപേരെ മേയില്‍ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നാണ് അവര്‍ നല്‍കിയ വിവരം. ദിവസവും ഹാഷിഷ് ആവശ്യമുള്ളതിനാല്‍ വിമാനത്തിലാണ് ആന്ധ്രയില്‍ ചെന്ന് കൊണ്ടുവരാറുള്ളതെന്നും പറഞ്ഞു. ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും വിവരമുണ്ട്.
കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണം ഒരിക്കല്‍ എറണാകുളത്തെ പ്രശസ്ത റെസ്‌റ്റോറന്റിലാണ് എത്തിച്ചേര്‍ന്നത്. ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തി.
ഇതിനിടെയാണ് അന്വേഷണത്തില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു നിര്‍മാതാവ് ഷാഡോ പൊലീസിനെ സമീപിച്ചത്. പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ നല്‍കുകയും ചെയ്തതോടെ ഇയാള്‍ ഷാഡോ പൊലീസിന്റെ വിശ്വാസം നേടിയെടുത്തു.
എന്നാല്‍, പൊലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങള്‍ ഉപയോഗിച്ച് ഇതേ നിര്‍മാതാവ് ഷാഡോ പൊലീസിനെതിരേ പരാതി നല്‍കി. തന്ത്രപൂര്‍വം ഷാഡോ സംഘത്തെ തകര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഷാഡോ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം സ്ഥലംമാറ്റം കിട്ടി.
കഴിഞ്ഞ ഡിസംബറില്‍ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. വീട്ടില്‍ ലഹരിപ്പാര്‍ട്ടികള്‍ ഒരുക്കിയിരുന്നെന്ന് അവര്‍ സമ്മതിച്ചു. സിനിമസീരിയല്‍ രംഗത്തെ പ്രമുഖരുടെ നമ്പറുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates